ക​ല​ക്‌​ട​റേ​റ്റ് കോ​ണ്‍ഫ​റ​ന്‍സ് ഹാ​ളി​ല്‍ ചേ​ര്‍ന്ന ജി​ല്ല ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ കോഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി​യോ​ഗ​ത്തി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സം​സാ​രി​ക്കു​ന്നു

കൊല്ലം ജില്ലയിൽ ഇനിമുതൽ ഒറ്റ ടെൻഡർ -മന്ത്രി

കൊല്ലം: പൊതുമരാമത്ത് പ്രവൃത്തികൾക്കായി സിവിൽ, ഇലക്ട്രിക് ടെൻഡറുകൾ പ്രത്യേകം ക്ഷണിക്കുന്ന സംവിധാനം ജില്ലയിൽ ഉടൻ അവസാനിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

കെട്ടിടങ്ങൾ നിർമാണം പൂർത്തിയാക്കി ഇലക്ട്രിക്കൽ വർക്കിനായി കുത്തിപ്പൊളിക്കുന്നത് അവസാനിപ്പിക്കുന്നതിനായി സിവിൽ, ഇലക്ട്രിക് പണികൾ ഒറ്റ ടെൻഡറിൽതന്നെ കൈമാറുന്ന കോംപോസിറ്റ് ടെൻഡർ സംവിധാനത്തിലേക്ക് വൈകാതെ മാറും. ഇതോടെ നിർമാണം കഴിഞ്ഞ കെട്ടിടങ്ങൾ കുത്തിപ്പൊളിക്കുന്നതും സിവിൽ വർക്കിന് ശേഷം ഇലക്ട്രിക്കൽ വർക്കിനായി കാലങ്ങളോളം കാത്തുകിടക്കുന്നതും ഒഴിവാകുമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല ഇന്‍ഫ്രാസ്ട്രക്ചര്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി (ഡി.ഐ.സി.സി) യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ പൊതുമരാമത്ത് വിഭാഗത്തിന് കീഴിലെ കെട്ടിട നിർമാണ ജോലികൾ ഇഴയുന്ന സ്ഥിതിയാണെന്ന് മന്ത്രി പറഞ്ഞു.

ഡിസൈൻ ഘട്ടത്തിലുള്ള പ്രവൃത്തികൾ പത്തും പന്ത്രണ്ടും വർഷമായിട്ടും പൂർത്തിയാകാതെയുണ്ട്. നിർമാണങ്ങൾക്കായി പുതുക്കിയ ഭരണാനുമതി നൽകുന്നതിലും കാലതാമസം വരുന്നുണ്ട്. കെട്ടിടനിർമാണ രംഗത്തെ ഇത്തരം പ്രശ്നങ്ങളുടെ കാരണങ്ങളും സാഹചര്യങ്ങളും വിശദമായി പരിശോധിക്കാനും 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനും ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. റോഡ് നിർമാണരംഗത്ത് പണി ടൈംലൈൻ വെച്ച് കൃത്യസമയത്ത് പൂര്‍ത്തിയാക്കും.

വിവിധ ആവശ്യങ്ങള്‍ക്കായി റോഡ് കുഴിക്കുന്നത് മറ്റ് വകുപ്പുകള്‍ കാലതാമസം കൂടാതെ നന്നാക്കി പഴയനിലയിലാക്കുന്നില്ലെന്നത് ജില്ല നേരിടുന്ന പ്രധാന പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. സർക്കാർ ഉത്തരവ് ഇക്കാര്യത്തിൽ നിർബന്ധമായും നടപ്പാക്കാൻ കർശന നിർദേശം നല്‍കി. ജല അതോറിറ്റി ഇക്കാര്യത്തില്‍ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. കലക്ടര്‍ പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കണമെന്നും നിർദേശിച്ചു.

വകുപ്പുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ സാങ്കേതിക തടസ്സങ്ങളും നൂലാമാലകളും പരിഹരിച്ച് നിർമാണ പ്രവൃത്തികള്‍ വേഗത്തിലാക്കും. ഇതിനായി ഡി.ഐ.സി.സി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.

പൊതുമരാമത്ത് ജോലികള്‍ക്കായി സ്ഥലം ഏറ്റെടുക്കല്‍, പൈപ്പ്-വൈദ്യുതി ലൈനുകള്‍, ടെലിഫോണ്‍-ഇന്റര്‍നെറ്റ് കേബിളുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയവ പി.ഡബ്ല്യു.ഡി-വാട്ടര്‍ അതോറിറ്റി വകുപ്പുകളുടെ ഏകോപനത്തോടെ വേഗത്തില്‍ പൂര്‍ത്തിയാക്കാനും നിര്‍ദേശം നല്‍കി.

പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. പ്രവൃത്തികള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. റോഡ് നിര്‍മാണം, ദേശീയപാത വികസനം, വിവിധ കിഫ്ബി പദ്ധതികള്‍, പാലങ്ങളുടെ നിര്‍മാണം, ബില്‍ഡിങ്സ് തുടങ്ങിയ പ്രവൃത്തികള്‍ എന്നിവ ഉള്‍പ്പെടുന്ന അഞ്ച് കോടിക്ക് മുകളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചാണ് (ഡി.ഐ.സി.സി) പ്രധാനമായും ചര്‍ച്ച ചെയ്തത്.

എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ഡോ. സുജിത്ത് വിജയന്‍ പിള്ള, ജി.എസ്. ജയലാല്‍, പി.എസ്. സുപാല്‍, പി.സി. വിഷ്ണുനാഥ്, സി.ആര്‍. മഹേഷ്, കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, മന്ത്രി കെ.എന്‍. ബാലഗോപാലിന്റെ പ്രതിനിധി പി.കെ. ജോണ്‍സണ്‍, പി.ഡബ്ല്യു.ഡി സെക്രട്ടറി അജിത് കുമാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - system of inviting civil and electric tenders separately for public works works will be discontinued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.