ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കർശന പരിശോധന തുടരും

കൊല്ലം: ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഹോട്ടലുകളിലടക്കം നിരന്തര പരിശോധനകള്‍ കര്‍ശനമായി നടത്തുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മായം കലര്‍ന്നതും പഴകിയതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. ജില്ലയിലെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ 2,148 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ 399 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.

'ഓപറേഷന്‍ ഷവര്‍മ' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വീഴ്ച കണ്ടെത്തിയ 120 സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടപ്പിച്ചു. 'ഓപറേഷന്‍ മത്സ്യ', 'ഓപറേഷന്‍ ജാഗറി' പേരുകളില്‍ മത്സ്യത്തിലെയും ശര്‍ക്കരയിലെയും വിഷാംശം കണ്ടെത്തുന്നതിന് പ്രത്യേക പരിശോധനകള്‍ നടത്തി വരികയാണ്.

സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ക്കും അംഗൻവാടി തൊഴിലാളികള്‍ക്കുമായി ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തട്ടുകടകളില്‍ എണ്ണ പുനരുപയോഗിക്കുന്നത് തടയാനായി സമഗ്ര പരിശോധന നടത്തിവരുന്നു. ചെറുകിട ഭക്ഷ്യശാലകളില്‍നിന്ന് ഉപയോഗിച്ച എണ്ണകള്‍ ശേഖരിച്ച് എണ്ണ സംസ്‌കരണ ഏജന്‍സികള്‍ക്ക് കൈമാറാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കും. ജില്ലയിലെ എല്ലാ സ്‌കൂളുകളും അംഗന്‍വാടികളും റേഷന്‍കടകളും കുടുംബശ്രീ ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് യോഗം നിർദേശിച്ചു.

പാല്‍, മാംസം, പച്ചക്കറി, പഴവര്‍ഗങ്ങള്‍ എന്നിവയിലെ ബയോട്ടിക് സാന്നിധ്യം കണ്ടെത്തുന്നതിന് എല്ലാ മാസവും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിക്കുമെന്ന് ജില്ല ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ എസ്. അജി വ്യക്തമാക്കി. മത്സ്യത്തില്‍ ഐസില്ലാതെ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. അതിര്‍ത്തികള്‍ കടന്നുവരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ചെക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാമാക്കും. ആരാധനാലയങ്ങളില്‍ നിന്ന് നല്‍കുന്ന ഭക്ഷണത്തി‍െൻറ സുരക്ഷ ഉറപ്പാക്കാനായി 'ഓപറേഷന്‍ ഭോഗ്' എന്ന പേരില്‍ പരിശോധന നടത്തും. കേന്ദ്ര സര്‍ക്കാറി‍െൻറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഈറ്റ് റൈറ്റ് ചലഞ്ചി'ല്‍ പങ്കെടുക്കുന്നതി‍െൻറ ഭാഗമായി ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. ഭക്ഷ്യസുരക്ഷ-അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി സബ് കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ സജ്ജമാക്കും.

ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ ബെനഡിക് നിക്‌സണ്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ. ലാല്‍, ജില്ല സപ്ലൈ ഓഫിസര്‍ സി.വി. മോഹന്‍കുമാര്‍, അഗ്രികള്‍ചര്‍ ഉപഡയറക്ടര്‍ സി.എസ്. അജിത്കുമാര്‍, ഫിഷറീസ് ഉപഡയറക്ടര്‍ കെ. സുഹൈര്‍, ഫുഡ് സേഫ്റ്റി ഓഫിസര്‍ ചിത്ര മുരളി, അസി. ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ എ. റീന, ജില്ല മെഡിക്കല്‍ ഓഫിസ് ടെക്‌നിക്കല്‍ അസി. കെ. വിജയകുമാര്‍, എസ്.എച്ച്.ഒ യു. ബിജു എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Strict inspections will continue to ensure food security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.