സത്യജിത്ത്
ശാസ്താംകോട്ട: 12 വർഷക്കാലം ഒളിവിൽ കഴിഞ്ഞ കൊലപാതകശ്രമ കേസിലെ പിടികിട്ടാപ്പുള്ളിയെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേനൂർ സ്വദേശിയായ സത്യജിത്ത് ആണ് അറസ്റ്റിലായത്. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് വിരോധത്തിലായിരുന്ന പ്രതി, പോരുവഴി ഇടക്കാടിനടുത്തെ വാടകവീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ഭാര്യാമാതാവിനെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.
ശൂരനാട് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ പ്രതി തമിഴ്‌നാട്ടിലും പാലക്കാടുമായി ഒളിവിൽ പോവുകയായിരുന്നു. ശാസ്താംകോട്ട കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങൾ ഫലം കണ്ടിരുന്നില്ല.
റൂറൽ ജില്ല പൊലീസ് മേധാവി വിഷ്ണുപ്രദീപിന്‍റെ നിർദ്ദേശപ്രകാരം, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിന് ശൂരനാട് സ്റ്റേഷൻ ഹൗസ് ഓഫീസർ ജോസഫ് ലിയോണിന്‍റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ സി.രുമേഷ്, എസ്.ഐ ആർ.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ എൻ.എസ്. ശ്രീകാന്ത്, സിവിൽ പൊലീസ് ഓഫീസർ ബി. അരുൺ ബാബു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
പ്രതിയുടെ തൊഴിലിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പാലക്കാട് മരുതറോഡ് പഞ്ചായത്തിലെ കല്ലേപ്പുള്ളി ചോഴിയംകുളങ്ങരയിൽ നിന്നാണ് ഇയാൾ കഴിയുന്നതെന്ന് വിവരം ലഭിച്ചു. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടിയിലായത്. ശൂരനാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ ശാസ്താംകോട്ട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.