കുറവൻ താളം-മാമ്പഴത്തറ ഭാഗത്ത് കെ.എസ്.ഇ.ബി സംഘത്തിന്റെ മുന്നിലെത്തിയ ആനക്കൂട്ടം
പുനലൂർ: വനത്തിലൂടെയുള്ള വൈദ്യുതി ലൈൻ തകരാർ പരിഹരിക്കാനെത്തിയ കെ.എസ്.ഇ.ബി സംഘത്തെ കാട്ടാനക്കൂട്ടം ഓടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കവേ വീണ് രണ്ടു പേർക്ക് പരിക്ക്. തെന്മല സെക്ഷനിലെ സബ് എൻജിനീയർ ഹരികൃഷ്ണൻ, വർക്കർ തുളസി എന്നിവർക്കാണ് കാലിന് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലോടെ മാമ്പഴത്തറ- കുറവന്താവളം ഭാഗത്തായിരുന്നു സംഭവം.
റബർ എസ്റ്റേറ്റിലൂടെയും വനത്തിലൂടെയുമുള്ള ഈ ഭാഗത്തെ കെ.വി ലൈൻ കഴിഞ്ഞ ഒരാഴ്ചയായി തകരാറിലായിരുന്നു. തുടർന്ന് എസ്റ്റേറ്റിൽ വൈദ്യുതി മുടങ്ങിയത് പരിഹരിക്കാനാണ് നാലംഗസംഘം എത്തിയത്. റബർ തോട്ടവും വനവും ചേർന്ന ജനവാസമേഖലക്ക് സമീപമെത്തി ലൈനിലെ തകരാർ കണ്ടുപിടിച്ചു. ഇത് പരിഹരിക്കുന്നതിനിടയിലാണ് ഒരു കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടം ഇവരുടെ മുന്നിലെത്തുകയായിരുന്നു. ഇവർ പിന്മാറാൻ ശ്രമിക്കുംമുമ്പേ ആന ഇവരെ ഓടിച്ചു.
ഭയന്ന് ഓടുന്നതിനിടെ കാൽവഴുതിവീണും കാട്ടുകമ്പ് കൊണ്ടും ഇരുവർക്കും പരിക്കേൽക്കുകയായിരുന്നു. അഞ്ചുദിവസം മുമ്പ് തെന്മല അയ്യപ്പൻ കാനായിലും ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം ആനയുടെ മുന്നിൽപെട്ടിരുന്നു. അച്ചൻകോവിലിലേക്കുള്ള ലൈൻ മരം വീണ് തകർന്നത് പരിഹരിക്കാൻ എത്തിയതായിരുന്നു.
ഒറ്റയാനിൽനിന്ന് ഇവർ ഭാഗ്യത്തിന് രക്ഷപ്പെടുകയായിരുന്നു. കിഴക്കൻ മലയോര മേഖലയിലുള്ള ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി ലൈൻ പലയിടത്തും വനത്തിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാർ കാട്ടുമൃഗങ്ങളുടെ മുന്നിൽ ജീവൻ പണയംവെച്ചാണ് തകരാർ പരിഹരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.