പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോ
പുനലൂർ: ആവശ്യത്തിന് ഡ്രൈവറും കണ്ടക്ടറും ഇല്ലാത്തത് പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ബസ് സർവിസുകളെ പ്രതികൂലമായി ബാധിക്കുന്നു. ഇതുകാരണം ദിനേന ആഞ്ചും ആറും സർവിസുകൾ വെട്ടിക്കുറക്കേണ്ടിവരുന്നു. കൂടാതെ ചെമ്മന്തൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അടുത്തിടെ പുനരാരംഭിച്ച സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ പ്രവർത്തനത്തെയും തടസ്സപ്പെടുത്തുന്നു. നിലവിൽ 26 ഡ്രൈവർമാരുടെയും ഏഴ് കണ്ടക്ടർമാരുടെയും ഒഴിവുണ്ട്. ഇത് നികത്താൻ കോർപറേഷൻ തയാറാകുന്നില്ല. സ്ഥിരം ഒഴിവ് കൂടാതെ നിലവിലെ ജീവനക്കാർ കൂടുതൽപേർ അവധിയിലുമായാൽ പ്രതിസന്ധി രൂക്ഷമാകും. താൽക്കാലിക്കാരെ വെച്ചും പലപ്പോഴും കൃത്യമായ നിലയിൽ സർവിസുകൾ നടത്താനാവുന്നില്ല. ഇതുകാരണം ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കുൾപ്പടെ സർവിസുകൾ നിർത്തിവെക്കുന്നത് കാരണം യാത്രക്കാരുടെ പ്രതിഷേധവും പലപ്പോഴും ഡിപ്പോയിലുണ്ട്.
ജില്ലയിലെ പ്രധാന ഡിപ്പോകളിൽ ഒന്നായ പുനലൂരിൽ മുമ്പ് 75 ഓളം ഷെഡ്യൂളുകൾ ഉണ്ടായിരുന്നത് ക്രമേണ കുറഞ്ഞ് അമ്പതോളമായി. ഇവിടെനിന്നുള്ള പല ഷെഡ്യൂളുകളും സമീപത്തെ മറ്റ് ഡിപ്പോകളിലേക്ക് മാറ്റുകയോ അവസാനിപ്പിക്കുകയോ ചെയ്തു. ഡിപ്പോയെ കോർപറേഷൻ മനഃപൂർവമായി അവഗണിക്കുന്നതായി ആക്ഷേപം ഉയർന്നതോടെ അടുത്തിടെ കോഴിക്കോട് ഉൾപ്പെടെ പുതിയ സർവിസുകൾ ആരംഭിച്ച് നിലവിൽ 59 ഷെഡ്യൂളുകളായിട്ടുണ്ട്. എന്നാൽ, ഇവയും ജീവനക്കാരുടെ കുറവ് കാരണം പലപ്പോഴും കൃത്യമായി ഓപറേറ്റ് ചെയ്യാനാകുന്നില്ല.
കിഴക്കൻ മലയോരമേഖലകളിലേക്കും തമിഴ്നാട്ടിലേക്കും സർവിസുകൾ ഉള്ളതിനാൽ ജീവനക്കാരുടെ കുറവ് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ട്. ഡിപ്പോ അധികൃതർ ദിനേനയുള്ള വിവരങ്ങൾ കോർപറേഷൻ അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും ടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ചെമ്മന്തൂർ സ്റ്റാൻഡിലേക്ക് പല ബസുകളും പോകുന്നില്ല
യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഓർഡിനറി സർവിസുകൾ ചെമ്മന്തൂരിലെ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡിൽ പോകണമെന്ന നിർദേശം പാലിക്കാൻ പല ബസ് ജീവനക്കാരും തയാറാകുന്നില്ല. കഴിഞ്ഞ ജനുവരിയിലാണ് ഇവിടത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
ഇവിടെത്തുന്ന ബസുകൾ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ സമയം രേഖപ്പെടുത്തി ഡിപ്പോയിലേക്ക് വരണമെന്നാണ്. കൊല്ലം, കൊട്ടാരക്കര ഭാഗത്തുനിന്നുള്ള ഓർഡിനറികൾ പ്രൈവറ്റ് സ്റ്റാൻഡിന്റെ മുന്നിലൂടെയാണ് ഡിപ്പോയിലേക്ക് വന്നുപോകുന്നത്. മറ്റ് റൂട്ടുകളിലുള്ളതും ഡിപ്പോയിൽ അവസാനിക്കുന്നതുമായ ഓർഡിനറികൾ പ്രൈവറ്റ് സ്റ്റാൻഡിൽ വരേണ്ടതുണ്ട്.
ഇതനുസരിച്ച് ചില ഡിപ്പോയിലെ ബസുകളുടെ ടിക്കറ്റ് പുനലൂർ സ്റ്റാൻഡ് എന്നുണ്ടായിരുന്നത് മുനിസിപ്പൽ ബസ് സ്റ്റാൻഡ് എന്നാണ് ക്രമീകരിച്ചിരിക്കുന്നത്. സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ ജീവനക്കാരില്ല, ബസിന്റെ സമയക്കുറവ്, യാത്രക്കാരുടെ കുറവ് തുടങ്ങിയ കാരണങ്ങളാണ് ജീവനക്കാർ ഇതിന് കാരണമായി പറയുന്നത്. ഇതിനെ ചൊല്ലി യാത്രക്കാരും ജീവനക്കാരും തർക്കമുണ്ടാകുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.