സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ന്ന ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​ച്ച സ്കൂൾ ​ബസു​ക​ൾ. കൊ​ല്ലം ആ​ശ്രാ​മം മൈ​താ​നി​യി​ൽ​ നി​ന്നു​ള്ള കാ​ഴ്ച

ഫിറ്റ്നസ് പരീക്ഷ പാസായി, ഇനി ബസുകൾ സ്കൂളിലേക്ക്

കൊല്ലം: കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിലേക്കും തിരികെ വീടുകളിലേക്കും എത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തി മോട്ടോർവാഹനവകുപ്പ് നടത്തിയ ഫിറ്റ്നസ് പരിശോധനയിൽ ജില്ലയിൽ ഇതുവരെ പാസ് സ്റ്റിക്കർ സ്വന്തമാക്കിയത് 705 സ്കൂൾ ബസുകൾ.

ജി.പി.എസ് പോലുള്ള സംവിധാനങ്ങൾ ഒരുക്കാത്ത ഒരു വാഹനവും നിരത്തിലിറങ്ങേണ്ട എന്ന നിർദേശത്തിന് മുന്നിൽ 140 ഓളം വാഹനങ്ങൾ 'പരീക്ഷയിൽ തോറ്റ്' തിരിച്ചുപോയി.

ജി.പി.എസ്, സ്പീഡ് ഗേവർണർ, ബ്രേക്ക്, ഇൻഡിക്കേറ്റർ ലൈറ്റുകൾ, ബ്രേക്ക് ലൈറ്റുകൾ, വൈപ്പർ, ഹോണ്‍, പാനിക് ബട്ടൺ, ടയറുകളുടെ സ്ഥിതി, മറ്റ് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തനക്ഷമത, എമർജൻസി വാതിൽ, ഉൾഭാഗത്തുള്ള പ്ലാറ്റ്ഫോം, ഇതര സുരക്ഷാമുന്‍കരുതലുകള്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെ അറിയിപ്പുകള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് ഫിറ്റ്നസ് പരിശോധന പാസ് സ്റ്റിക്കർ നൽകുന്നത്.

ഈ സ്റ്റിക്കർ വിൻഡ്ഷീൽഡിൽ ഒട്ടിച്ച് ഇറങ്ങുന്ന വാഹനങ്ങൾക്ക് മാത്രമാണ് കുട്ടികളുമായി സർവിസ് നടത്താൻ അനുമതിയുള്ളത്. താലൂക്കുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹനവകുപ്പ് കർശന പരിശോധനയാണ് ഇത്തവണ നടത്തിയത്.

ലൈറ്റുകൾ തെളിയാത്തത് പോലുള്ള പ്രശ്നങ്ങൾ പരിശോധന സ്ഥലത്ത് മെക്കാനിക്കിനെ എത്തിച്ച് പരിഹരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനയിൽ ഫിറ്റ്നസ് തെളിയിക്കാൻ കഴിയാതിരുന്നവർക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇനി അവസരം.

ശനിയാഴ്ച ആശ്രാമം മൈതാനത്ത് നടന്ന കൊല്ലം താലൂക്കിലെ പരിശോധനയിൽ 324 ബസുകളാണ് വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയത്. 232 ബസുകൾക്ക് ഫിറ്റ്‌നസ് ഉറപ്പാക്കി സ്റ്റിക്കർ നൽകി. ജി.പി.എസിൽ ഉൾപ്പെടെ ന്യൂനതകൾ കണ്ടെത്തിയ 92 വാഹനങ്ങൾ േമയ് 31നകം വീണ്ടും പരിശോധനക്ക് ഹാജാരാക്കാനും നിർദേശിച്ചു. കരുനാഗപ്പള്ളിയിൽ 194 സ്കൂൾ വാഹനങ്ങൾ ഇതുവരെ ഫിറ്റ്നസ് നേടി. പുനലൂരിൽ പരിശോധനക്ക് എത്തിയ 139 ൽ 113 വാഹനങ്ങൾക്ക് ഫിറ്റ്നസ് കിട്ടി. 26 വാഹനങ്ങൾ പരിശോധനക്ക് വീണ്ടുമെത്തണം.

കൊട്ടാരക്കരയിൽ 94 ബസുകൾ പരിശോധിച്ചതിൽ 87 എണ്ണമാണ് ഫിറ്റ്നസ് സ്റ്റിക്കറുമായി തിരിച്ചുപോയത്. കുന്നത്തൂരിൽ 69 വാഹനങ്ങൾ പരിശോധനക്ക് എത്തി. 58 വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചു. 11 വാഹനങ്ങൾക്കാണ് ന്യൂനതകൾ പരിഹരിക്കാൻ നിർദേശം നൽകിയത്. പത്തനാപുരത്ത് 23 വാഹനങ്ങൾ പരിശോധിച്ചതിൽ രണ്ടെണ്ണത്തിന് മാത്രമാണ് പാസാകാൻ കഴിയാതെ പോയത്.

ജി.പി.എസിൽ എല്ലാം തെളിയും

ജി.പി.എസ് അഥവാ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സിസ്റ്റം കർശനമാക്കിയാണ് ഇത്തവണ സ്കൂൾ വാഹനങ്ങൾ നിരത്തിലെത്തുന്നത്. മോട്ടോർ വാഹനവകുപ്പി‍െൻറ സുരക്ഷ മിത്ര എന്ന സോഫ്റ്റുവെയറുമായി സ്കൂൾ ബസ് ജി.പി.എസ് ബന്ധിപ്പിച്ചിട്ടുണ്ട്. പരിശോധനക്കെത്തിയ എല്ലാ വാഹനങ്ങളുടെയും വിവരങ്ങൾ സുരക്ഷ മിത്രയിൽ ചേർത്തിട്ടുണ്ട്.

സ്കൂളിൽ നിന്ന് എടുക്കുന്നത് മുതൽ തിരിച്ച് എത്തുന്നത് വരെ വേഗം, ലൊക്കേഷൻ എന്നിങ്ങനെ വിവരങ്ങൾ മുഴുവൻ ഇതുവഴി കൺട്രോൾ റൂമിലിരുന്ന് തന്നെ ഉദ്യോഗസ്ഥർക്ക് അറിയാനാകും. കൺട്രോൾ റൂമിലെ സ്ക്രീനിൽ എല്ലാ സ്കൂൾ ബസുകളുടെയും പ്രവർത്തനം തെളിയും.

ഓരോന്ന് പ്രത്യേകമായും സെലക്ട് ചെയ്തെടുക്കാം. മുൻദിനങ്ങളിലുള്ള വിവരങ്ങൾ പോലും ഇത്തരത്തിൽ അറിയാനും ആവശ്യമെങ്കിൽ നടപടിയെടുക്കാനും കഴിയും. മോട്ടോർ വാഹനവകുപ്പി‍െൻറ ക്ലാസിലെത്തിയ സ്കൂൾ ബസ് ജീവനക്കാർക്ക് ഐ.ഡി കാർഡും നൽകിയിട്ടുണ്ട്. ഡ്രൈവർമാരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റബേസുമായി ഒത്തുനോക്കി എന്തെങ്കിലും ഡ്രൈവിങ് അനുബന്ധ കുറ്റങ്ങൾ ഉണ്ടോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തുന്നുണ്ട്. വാഹനങ്ങളിലെ പാനിക് ബട്ടൺ ഉപയോഗിക്കുന്നത് ഉൾപ്പെടെ കാര്യങ്ങളിൽ കുട്ടികൾക്ക് ബോധവത്കരണം നൽകാനും പദ്ധതിയുണ്ട്.

സ്‌കൂള്‍ വാഹനങ്ങള്‍ സുരക്ഷിതം -ആര്‍.ടി.ഒ

പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ പരിശോധന നടത്തി വാഹനങ്ങളുടെ യാത്രാക്ഷമത ഉറപ്പാക്കി. കൊല്ലം താലൂക്ക് പരിധിയിലെ എല്ലാ സ്‌കൂള്‍ ബസുകളുടെയും പരിശോധന നടത്തി. തൃപ്തികരമായവക്കെല്ലാം സര്‍വിസ് നടത്താനുള്ള അനുമതിപത്രം നല്‍കി. വിദ്യാർഥികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കർശനമായ വാഹന പരിശോധനകൾ ഇനിയും തുടരും.

-ആര്‍.ടി.ഒ ഡി. മഹേഷ്

റിവേഴ്സ് വേണ്ടേ വേണ്ട, വേണം അടിമുടി ശ്രദ്ധ

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഡ്രൈവറും ബസ് ജീവനക്കാരും സ്കൂൾ അധികൃതരും കൃത്യമായ ശ്രദ്ധ നൽകണം എന്ന മുന്നറിയിപ്പാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്നത്.

  • സ്കൂളിനുള്ളിലും പരിസരങ്ങളിലും വാഹനങ്ങൾ റിവേഴ്സ് എടുക്കുന്നത് പൂർണമായും ഒഴിവാക്കണം. ഒഴിവാക്കാനാകാത്ത അവസരത്തിൽ ഗ്രൗണ്ടിൽ ഒരാളെ നിർത്തി നിർദേശങ്ങൾ പൂർണമായും അനുസരിച്ച് വേണം വാഹനം പിറകോട്ടെടുക്കാൻ.
  • അമിതവേഗം പാടില്ല. മണിക്കൂറിൽ 50 കിലോമീറ്റർ ആണ് സ്കൂൾ വാഹനങ്ങളുടെ വേഗപരിധി. സഡൻ ബ്രേക്കിങ് ഒഴിവാക്കാനും അപകടങ്ങളിൽ പെടാതിരിക്കാനും ഇത് കർശനമായി പാലിക്കണം.
  • വാഹനത്തിൽ സഞ്ചരിക്കുന്ന കുട്ടികൾ എവിടെ നിന്ന് കയറുന്നു/ഇറങ്ങുന്നു, രക്ഷാകർത്താവിന്‍റെ ഫോൺ നമ്പർ ഉൾപ്പെടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ് ഓരോ ഷെഡ്യൂളിലും വാഹനത്തിൽ സൂക്ഷിക്കണം. ഒരു പകർപ്പ് സ്കൂൾ ഓഫിസിലും ഒരെണ്ണം മോട്ടോർ വാഹന വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും നൽകണം.
  • സർവിസ് നടത്തുമ്പോൾ ആയ/ഹെൽപ്പർ വാഹനത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണം
  • ജി.പി.എസ് പൂർണമായും പ്രവർത്തനക്ഷമമായിരിക്കണം
  • 12 വയസ്സിന് താഴെയുള്ള കുട്ടികൾ ഒരു സീറ്റിൽ രണ്ട് പേർക്ക് ഇരിക്കാം. ഈ പ്രായത്തിന് മുകളിൽ ഉള്ള കുട്ടികൾക്ക് ഒരു സീറ്റിൽ ഒരാൾ മാത്രം.
  • കുട്ടികളെ നിർത്തി സർവിസ് നടത്തരുത്
  • അടിയന്തര ഘട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകാൻ ബസിൽ സ്ഥാപിച്ചിരിക്കുന്ന പാനിക് ബട്ടണുകൾ ഉപയോഗിക്കാം
  • കുട്ടികൾക്ക് റോഡ് മുറിച്ചുകടക്കേണ്ടതുണ്ടെങ്കിൽ ആയ അവരെ കടത്തിവിട്ടതിന് ശേഷം മാത്രം വാഹനം വിടണം
  • സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര അനുവദനീയമല്ല. ഇത്തരം വാഹനങ്ങൾ ശ്രദ്ധയിൽപെട്ടാൽ വിവരം അറിയിക്കണം.
  • അപകടസാധ്യത മുൻകൂട്ടി കണ്ടുവേണം വാഹനം ഓടിക്കാൻ
  • ഓരോ ഷെഡ്യൂളി‍െൻറയും ദൂരവും സ്കൂൾ സമയവും കണക്കാക്കി റണ്ണിങ് ടൈം ക്രമീകരിക്കണം

ടിപ്പറുകളെയൊന്ന് നിയന്ത്രിക്കാമോ?

കൊല്ലം: രാവിലെ എട്ടായിക്കഴിഞ്ഞാലും സ്കൂളിന് മുന്നിലൂടെ ടിപ്പറുകളുടെ നിലക്കാത്ത ഓട്ടമാണ്. കുട്ടികൾ ഏറെയെത്തുന്ന ഈ സമയത്ത് ടിപ്പറുകളുടെ ഓട്ടമൊന്ന് നിർത്താൻ നടപടിയെടുക്കാമോ? സ്കൂൾ വാഹന ഡ്രൈവർമാർക്കും ആയമാർക്കുമായി മോട്ടോർ വെഹിക്കിൾ വകുപ്പ് ആശ്രാമത്ത് നടത്തിയ ബോധവത്കരണ ക്ലാസിനൊടുവിൽ സദസ്സിൽനിന്ന് ചോദ്യമുയർന്നു.

കേട്ടിരുന്നവരും തലകുലുക്കി ആ ചോദ്യത്തെ അനുകൂലിച്ചു. രാവിലെ എട്ട് മുതൽ 10 വരെയും വൈകീട്ട് മൂന്ന് മുതൽ അഞ്ച് വരെയും ടിപ്പർ ലോറികൾക്കുണ്ടായിരുന്ന നിയന്ത്രണം അവരുടെ പരാതിയെത്തുടർന്ന് ചുരുക്കിയതാണെന്ന് ക്ലാസ് നയിക്കുകയായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടർ ഡി. ശ്രീകുമാര്‍ വ്യക്തമാക്കി. ഒമ്പത് മുതൽ 10 വരെയും നാല് മുതൽ അഞ്ച് വരെയുമാണ് ഇപ്പോൾ നിയന്ത്രണം. എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ കലക്ടറുടെ ഉൾപ്പെടെ ശ്രദ്ധയിൽ കൊണ്ടുവരാമെന്നും മറുപടി ലഭിച്ചു.

എന്നാൽ, കുട്ടികൾ കൂടുതൽ എട്ട് മുതലും വൈകീട്ട് മൂന്ന് തൊട്ടുമാണ് റോഡിലിറങ്ങുന്നതെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാണിച്ചു. രാവിലെ 8.30 മുതൽ 9.30 വരെയാക്കാൻ ശിപാർശ ചെയ്യാമെന്ന ആർ.ടി.ഒ ഡി. മഹേഷി‍െൻറ ഉറപ്പിൻമേൽ കൈയടിച്ചാണ് 450ഓളം പേർ നിറഞ്ഞ സദസ്സ് ക്ലാസ് കഴിഞ്ഞിറങ്ങിയത്.

വാഹനത്തിന്റെ ഡ്രൈവര്‍, ഡോര്‍ അറ്റന്‍ഡർമാര്‍, ചുമതലയുള്ള അധ്യാപകര്‍ എന്നിവര്‍ക്കായി ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിലാണ് ബോധവത്കരണ ക്ലാസ് നടത്തിയത്.

ജോയന്‍റ് ആര്‍.ടി.ഒ സുരേഷ് കുമാര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാരായ ഡി. ശ്രീകുമാര്‍, ജി.കെ. അജയകുമാര്‍, ബി.എല്‍. സതീഷ്, എ.എം.വി.ഐമാരായ ജെ. രാജേഷ്, ബിജിലാല്‍, സുജിത് ജോര്‍ജ്, അശോക് കുമാര്‍, ദിനൂപ്, റെജി എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Passed the fitness test and buses went to school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.