lead ഇളവുകാത്ത് വിനോദസഞ്ചാരമേഖല; കോവിഡ് തിരിച്ചടി

കൊല്ലം: അൺലോക്കിൻെറ അടുത്തഘട്ടത്തിൽ പ്രതീക്ഷയർപ്പിക്കുകയാണ് ജില്ലയിലെ ടൂറിസം മേഖല. കായൽ ടൂറിസത്തിനും കിഴക്കൻമേഖല കേന്ദ്രീകരിച്ച് ട്രക്കിങ് ഉൾപ്പെടെ ഇക്കോ ടൂറിസത്തിനും പേരുകേട്ട ജില്ലയിൽ അനുബന്ധമായി ആയിരക്കണക്കിന് തൊഴിലുകളാണ് ലോക്ഡൗണോടെ ഇല്ലാതായത്. സമ്പൂർണ അടച്ചിടൽ മേഖലയെ നിശ്ചലമാക്കി. മൺസൂൺ കിഴക്കൻമേഖലയിൽ ഇക്കോ ടൂറിസത്തിന് വലിയ സീസണായിരുന്നു. ആളും ആരവവുമില്ലാതെ കടന്നുപോകുകയാണ്. സ്​റ്റാളുകളും മറ്റും കരാറുകളായതിനാൽ നിരവധി പേർക്ക് ആ നിലക്ക് നഷ്​ടം സംഭവിച്ചു. അൺലോക്കിൻെറ അടുത്തഘട്ടം ഒക്ടോബറിൽ പ്രഖ്യാപിക്കുമ്പോൾ ടൂറിസം മേഖലക്ക് ഇളവോടെ പ്രവർത്തനാനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വർക്കലയിലും മറ്റുമെത്തുന്ന വിദേശ വിനോദസഞ്ചാരികളുടെ അടുത്ത കേന്ദ്രമായിരുന്നു കൊല്ലം. കശുവണ്ടിമേഖലക്കും ഇതിൻെറ ഗുണം ലഭിച്ചിരുന്നു. വിദേശ വിനോദസഞ്ചാരികളെ ഒരുവർഷത്തേക്കെങ്കിലും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ആഭ്യന്തര ടൂറിസത്തിനായിരിക്കും ഈ കാലഘട്ടത്തിൽ സാധ്യത. അടുത്തഘട്ടം ഇളവുകൾ പ്രഖ്യാപിക്കുന്നതോടെ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ മേഖലയിൽ തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ പാർക്കും മറ്റും തുരുമ്പെടുത്തു തുടങ്ങിയിട്ടുണ്ട്. ഇതിൻെറ അറ്റകുറ്റപ്പണിയുൾപ്പെടെ വൈകാതെ ആരംഭിക്കും. കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച നിർമാണങ്ങളും വൈകാതെ തുടങ്ങും. അഷ്​ടമുടി കായലിൻെറ തീരങ്ങൾ മനോഹരമാക്കാനുള്ള 30 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള പാക്കേജ് നടപ്പാക്കാൻ 75 ലക്ഷം രൂപയുടെ പദ്ധതിയും ഗേറ്റ് വേ ടു ബാക്ക് വാട്ടർ ടൂറിസം പദ്ധതിയും ബീച്ചിലും ലിങ്ക് റോഡിലും സൈക്കിൾ സവാരി ഉൾപ്പെടെ 1.25 കോടിയുടെ പദ്ധതിയുമാണ് കോർപറേഷൻ നടപ്പാക്കുന്നത്. സ്വകാര്യ ടൂറിസം മേഖലയെ കേന്ദ്രീകരിച്ച് വഞ്ചിവീടുകളും തുറക്കാൻ തയാറെടുപ്പ് നടത്തുന്നുണ്ട്. അമ്പതോളം വഞ്ചിവീടുകളാണ് കായൽകേന്ദ്രീകരിച്ച് സർവിസ് നടത്തുന്നുത്. ടൂറിസം വിഭാഗം 2018ൽ ശേഖരിച്ച കണക്ക് പ്രകാരം 734 കോടിയോളം വരുമാനമാണ് ജില്ലയിലെ ടൂറിസം മേഖലയിൽനിന്ന് ലഭിച്ചത്. അഷ്്ടമുടിക്കായൽ, മൺറോതുരുത്ത്, ജടായു എർത്ത് സൻെറർ, ശെന്തുരുണി വന്യജീവി സങ്കേതം, തെന്മല ഇക്കോ ടൂറിസം, പാലരുവി വെള്ളച്ചാട്ടം എന്നിവയാണ് ജില്ലയിലെ പ്രധാന ടൂറിസ്​റ്റ്​ സ്പോട്ടുകൾ. കോവിഡ് വ്യാപനം വർധിക്കുന്നതിൽ ആശങ്ക ഓണത്തിനുശേഷമുണ്ടായ കോവിഡ് അതിതീവ്രവ്യാപനം വിനോദസഞ്ചാരമേഖലയുടെ ഇപ്പോഴത്തെ പ്രതീക്ഷക്ക് തിരിച്ചടിയാണ്. കോവിഡ് വ്യാപനം വർധിച്ചാൽ സർക്കാർ ഇളവുകൾ നൽകിയാലും ഗുണമില്ലാത്ത സ്ഥിതിയാകും. മുനിസിപ്പൽ കോർപറേഷൻ മേഖലയിൽ വ്യാപനം വൻതോതിൽ വർധിക്കുകയാണ്. നീണ്ടകര, ആലപ്പാട്, ശക്തികുളങ്ങര തുടങ്ങിയ തീരമേഖല കേന്ദ്രീകരിച്ചും കോവിഡ് വ്യാപനം കൂടുതലാണ്. അടുത്തഘട്ടം ഇതിലും രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ആഭ്യന്തര ടൂറിസം പോലും സാധ്യമാകാത്ത സ്ഥിതിയുണ്ടാക്കുമെന്ന് മേഖലയിലുള്ളവർ ആശങ്കപ്പെടുന്നു. അടച്ചിടൽ നീളുന്നത് വൻതിരിച്ചടിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.