കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണഭാഗമായി പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയപ്പോൾ
കൊല്ലം: റെയില്‍വേ സ്റ്റേഷന് അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്ന 361 കോടി രൂപയുടെ നിര്‍മാണപ്രവൃത്തികള്‍ 2026 ജനുവരിയില്‍ പൂര്‍ത്തിയാകും. ദക്ഷിണ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം എന്‍.കെ. പ്രേമചന്ദ്രന് എം.പിയാണ് ഇക്കാര്യം അറിയിച്ചത്. 50 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. ബാക്കിയുള്ള പ്രവൃത്തികൾക്കായി ഇപ്പോൾ ടിക്കറ്റ് കൗണ്ടറുകൾ അടക്കം പ്രവർത്തിക്കുന്ന പ്രധാന ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റൽ ആരംഭിച്ചു.
ഓപണ്‍ പാര്‍ക്കിങ് ഏരിയയില്‍നിന്ന് പുതിയതായി നിര്‍മിച്ച ബഹുനില പാര്‍ക്കിങ് സമുച്ചയത്തിലേക്ക് യാത്രക്കാർക്കെത്തുന്നതിന് ദേശീയപാതയില്‍ അടിപ്പാത നിര്‍മിക്കണമെന്ന എം.പിയുടെ നിർദേശം റെയില്‍വേ അംഗീകരിച്ചു. മെമു ഷെഡിന്റെ നിര്‍മാണം ജൂലൈയില്‍ പൂര്‍ത്തീകരിക്കും. എസ്.എസ്.ഇ ബില്‍ഡിങ്, ന്യൂ ഗാങ് റെസ്റ്റ് റൂം, കണ്‍സ്ട്രക്ഷന്‍സ് സര്‍വിസ് ബില്‍ഡിങ് എന്നിവയുടെ പണി പൂര്‍ത്തിയാക്കി തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേക്ക് കൈമാറി.
പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 18 ഓളം ഓഫിസുകളാണ് എസ്.എസ്.ഇ ബില്‍ഡിങ്ങില്‍ മാറ്റിപ്രവര്ത്തിക്കുന്നത്. പഴയ െറയില്‍വേ കെട്ടിടത്തിലെ ഓഫിസുകള്‍ പൂര്‍ണമായും ഒഴിപ്പിച്ചു. പ്രവൃത്തികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തെക്കും വടക്കും രണ്ട് ടെര്‍മിനലുകളെ ബന്ധിപ്പിക്കുന്ന എയര്‍ കോണ്‍കോഴ്സ്. യാത്രക്കാര്‍ക്കുള്ള റസ്റ്റാറന്റുകള്‍, ഷോപ്പിങ് കോംപ്ലക്സ്, വിശ്രമകേന്ദ്രം തുടങ്ങി എയര്‍പോര്‍ട്ടിന് സമാനമായ സൗകര്യങ്ങളാണ് കോണ്‍കോഴ്സില്‍ ഒരുക്കുന്നത്.
ഇതിന്റെ പൈലിങ് കോളമുള്‍പ്പെടെ പൂര്‍ത്തീകരിച്ചു. സബ് സ്റ്റേഷന് ബില്‍ഡിങ് നിര്‍മാണം 60 ശതമാനത്തിലേറെ പൂര്‍ത്തീകരിച്ചു. ഫേസ് രണ്ട്, മൂന്ന് എന്നിവയുടെ നിര്‍മാണം ആരംഭിക്കുന്നതിനാണ് പ്രധാന കെട്ടിടം പൊളിച്ചുതുടങ്ങിയത്. നിർമാണം മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ ദേശീയപാത മുതല്‍ പ്ലാറ്റ്ഫോം വരെ താൽക്കാലിക പ്രവേശന സൗകര്യം എം.പി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ ദക്ഷിണ റെയില്‍വേ നിര്‍മാണവിഭാഗം മേധാവി ഷാജി സക്കറിയ, എറണാകുളം കണ്‍സ്ട്രക്ഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ മുരാരിലാല്‍, തിരുവനന്തപുരം കണ്‍സ്ട്രക്ഷന്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ എസ്. ചന്ദ്രുപ്രകാശ്, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഷണ്മുഖം, റോഡ് സേഫ്റ്റി പ്രോജക്ട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ചെന്നൈ ആര്.കെ. കണ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.