കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയുമായി പിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: രണ്ട് കേസുകളിലായി 7.47 ഗ്രാം എം.ഡി.എം.എയും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കണ്ടെടുത്തു. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. ‘നോട്ട് ടു ഡ്രഗ്സ്’ കാമ്പയിന്റെ ഭാഗമായി കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
മരുതൂർകുളങ്ങര 27ാം വാർഡിൽ അജിത് ഭവനത്തിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിൽനിന്ന് 3.26 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മരുതൂർകുളങ്ങര തെക്ക് അഭിജിത് ഭവനത്തിൽ അഭിജിത്ത് (26), ഇയാളുടെ സഹോദരൻ അഭിരാജ് (23), മരതൂർകുളങ്ങര തെക്ക് കൊച്ചാണ്ടിശ്ശേരി വടക്കതിൽ പ്രണവ് (19) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവിടെ പരിശോധന നടത്തുമ്പോഴാണ് തഴവയിൽ കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടു വരുന്നതായി വിവരം ലഭിച്ചത്.
തുടർന്ന് കടത്തൂർ തട്ടുപുരയ്ക്കൽ ജങ്ഷനിൽ വെച്ച് കാറും കാറിലുണ്ടായിരുന്നവരെയും പിടികൂടി. 4.21 ഗ്രാം എം.ഡി.എം.എയും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. തഴവ കടത്തൂർ കണ്ടത്തിൽ തറയിൽ തെക്കതിൽ നവാസ് (29), കടത്തൂർ കണ്ണമ്പള്ളി വീട്ടിൽ ജിതിൻ (35), തൊടിയൂർ, പുലിയൂർ വഞ്ചി തെക്കുംമുറിയിൽ കാക്കോന്റയ്യത്ത് വീട്ടിൽ ബിൻ താലിഫ് (25), പുലിയൂർ വഞ്ചി വടക്കുമുറിയിൽ കാട്ടയ്യത്ത് കിഴക്കതിൽ ഫൈസൽ (21) എന്നിവരെ കസ്റ്റഡിയിലെടുത്തു.
റേഞ്ച് ഇൻസ്പെക്ടർ ആർ. പ്രശാന്തിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി.എൽ. വിജിലാൽ, ഐ.ബി പ്രിവന്റിവ് ഓഫിസർ ആർ. മനു, റേഞ്ച് പ്രിവന്റിവ് ഓഫിസർ എസ്. അനിൽകുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് സന്തോഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ചാൾസ്, അൻസാർ, രജിത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ രാജി, ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.