ദേശീയപാതയിൽ ചങ്ങൻകുളങ്ങര ജങ്ഷനിൽ നിർമാണം പുരോഗമിക്കുന്ന മിനി അണ്ടർ പാസേജ്
കരുനാഗപ്പള്ളി: ദേശീയപാത നിർമാണത്തിൽ വവ്വാക്കാവ് ജങ്ഷനിൽ അണ്ടർ പാസേജ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി. കരുനാഗപ്പള്ളിയിൽ പുതിയകാവ് കഴിഞ്ഞാൽ തിരക്കുള്ള ജങ്ഷനാണ് വവ്വാക്കാവ്. ആനയടി ജങ്ഷൻ മുതൽ 13 കിലോമീറ്റർ വരെ പാവുമ്പ, മണപ്പള്ളി, മുല്ലശ്ശേരി ജങ്ഷൻ, തഴവ, കുലശേഖരപുരം തുടങ്ങി നിരവധി മേഖലകളിൽനിന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വവ്വാക്കാവ് ജങ്ഷനിലെത്തുന്നത്.
വള്ളിക്കാവിൽ പ്രവർത്തിക്കുന്ന അഞ്ചോളം പ്രഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും ജങ്ഷനിലെത്തിയാണ് വിവിധ സ്ഥലങ്ങളിലേക്ക് പോകുന്നത്. പുതിയ ദേശീയപാത വരുന്നതോടെ ഇവിടെ റോഡ് മുറിച്ച് കടക്കുന്നതിന് അണ്ടർ പാസേജ് ഇല്ലാതാകുന്നത് യാത്രാ പ്രതിസന്ധിക്ക് കാരണമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ദൂരപരിധിയുടെ മാനദണ്ഡത്തിൽ മാത്രമാണ് ദേശീയപാത അതോറിറ്റി അണ്ടർ പാസേജുകൾ അനുവദിക്കുന്നത്. ഇതനുസരിച്ച് ഓച്ചിറ കഴിഞ്ഞാൽ ചങ്ങൻകുളങ്ങര ജങ്ഷനിലും തുടർന്ന് പുതിയകാവിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതുമൂലം കിഴക്കുനിന്നുമെത്തുന്ന യാത്രക്കാർക്ക് വടക്കുഭാഗത്തേക്ക് ബസ് കയറി പോകുന്നതിന് ഏകദേശം രണ്ട് കിലോമീറ്റർ വടക്കുവശത്തുള്ള അണ്ടർ പാസേജ് വരെ നടന്നു പോകേണ്ട ഗതികേടാണ് ഉണ്ടാവുക.
വവ്വാക്കാവിൽ നിന്നു ചങ്ങൻകുളങ്ങര താമരക്കുളം റോഡിലെത്തിയാൽ നിലവിലുള്ള അണ്ടർ പാസേജിലേക്ക് പോകുന്നതിന് ചങ്ങൻകുളങ്ങര മഹാദേവർ ക്ഷേത്രത്തിന് തെക്കുവശത്ത് കൂടിയുള്ള പോക്കറ്റ് റോഡിനെയാണ് ആശ്രയിക്കേണ്ടി വരുന്നത്.
മൂന്ന് മീറ്ററോളം മാത്രം വീതിയുള്ള ഈ റോഡ് പൊതുഗതാഗതത്തിന് അനുയോജ്യമല്ലാത്ത സ്ഥിതിയാണ്.വവ്വാക്കാവിൽ അണ്ടർ പാസേജ് നിർമിക്കണമെന്നുള്ള ആവശ്യം പരിഗണിച്ച് ആദ്യഘട്ടത്തിൽ ദേശീയപാത അതോറിറ്റി റോഡ് നിർമാണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ജനകീയ അഭിപ്രായം പരിഗണിക്കാതെ നിർമാണം പുനരാരംഭിക്കുകയായിരുന്നു.
ചങ്ങൻകുളങ്ങര അണ്ടർ പാസേജ് വവ്വാക്കാവ് ജങ്ഷന് അനുയോജ്യമായ രീതിയിൽ തെക്കുവശത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.