നി​ർ​മാ​ണം ന​ട​ക്കു​ന്ന മാ​ളി​യേ​ക്ക​ൽ മേ​ൽ​പ്പാ​ലം

മാളിയേക്കൽ മേൽപ്പാലം നിർമാണം പാതിവഴിയിൽ

കരുനാഗപ്പള്ളി: ശാസ്താംകോട്ട കരുനാഗപ്പള്ളി റോഡിലെ മാളിയേക്കൽ മേൽപ്പാലത്തിന്റെ നിർമാണം 2022ലും പൂർത്തിയായില്ല. 2022 ഡിസംബർ 31ന് മുമ്പ് പൂർത്തിയാക്കുമെന്നായിരുന്നു ആദ്യഘട്ട പ്രഖ്യാപനം. 2021 ജനുവരി 21ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർമാണോദ്ഘാടനം നിർവഹിച്ച് പാലത്തിന്‍റെ നിർമാണം ആരംഭിച്ചെങ്കിലും 60 ശതമാനം പ്രവർത്തനം മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്.

റെയിൽവേ ലൈനിന് ഇരുവശങ്ങളിലായി നാല് സ്ലാബുകൾ വീതം കോൺക്രീറ്റ് ചെയ്തു. ഇതിന്‍റെ തുടർച്ചയായി പൊതുമരാമത്ത് റോഡുമായി യോജിപ്പിക്കുന്നതാണ് പണി. റെയിൽവേ ട്രാക്കിന് മീതെയുള്ള 52 മീറ്റർ പാലത്തിന്‍റെ നിർമാണം നടത്തുന്നത് റെയിൽവേ നേരിട്ടാണ്. ട്രാക്കിന്റെ രണ്ട് വശങ്ങളിലും തൂണുകൾ നിർമിക്കുന്നതിന് അടിത്തറ ഇട്ടിട്ടുണ്ട്. സ്റ്റീൽ നിർമിത തൂണുകളും ഗർഡറുകളും മറ്റും റെയിൽവേ യാർഡുകളിൽനിന്നും ട്രെയിലറുകളിൽ ഇവിടേക്ക് കൊണ്ടുവരേണ്ടതുണ്ട്.

ട്രാക്കിന്റെ വശങ്ങളിൽ തൂണുകൾ നിർമിക്കുന്ന മുറക്ക് മാത്രമേ സൈഡ് വാൾ നിർമിക്കാൻ കഴിയൂ. പിന്നീട് അരിക് ഭിത്തി ബന്ധിപ്പിച്ച് കോൺക്രീറ്റ് സ്ലാബ് നിർമാണം പോലെയുള്ള പണികളും നടക്കേണ്ടതുണ്ട്. പാലത്തിന്‍റെ ഇരു സൈഡിലുമുള്ള നിർമാണങ്ങൾ പൂർത്തിയായെങ്കിലും ട്രാക്ക് മുറിച്ച് കടക്കുന്ന പ്രവർത്തനം ഇനിയും ആരംഭിച്ചിട്ടില്ല.547 മീറ്റർ നീളവും 10.15 മീറ്റർ വീതിയിലും 33.04 കോടി രൂപ ചെലവിൽ നിർമിക്കുന്ന മാളിയേക്കൽ മേൽപ്പാലത്തിന്‍റെ നിർമാണം ഈ വർഷം പകുതിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Maliyekkal flyover construction is half way

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.