കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ഡിപ്പോ
കരുനാഗപ്പള്ളി: വരുമാന വര്‍ധനവില്‍ മുന്നില്‍ നില്ക്കുന്ന കരുനാഗപ്പള്ളി കെ.എസ്.ആര്.ടി.സി ഡിപ്പോ സ്മാർട്ടാകുന്നു. ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ ഇക്കാര്യത്തിൽ ധാരണയായി. ഡിപ്പോ സ്മാർട്ട് ആക്കാൻ 7.25 ലക്ഷം രൂപ എം.എൽ.എ ഫണ്ട് അനുവദിച്ച വിവരം സി.ആര്. മഹേഷ് എം.എൽ.എ മന്ത്രിയെ അറിയിച്ചു. കൂടാതെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ പശ്ചാത്തല സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോപ്പിങ് മന്ദിരം നിർമിക്കാനും തീരുമാനമായി.
നിലവിലുള്ള സര്‍വിസുകള്‍ റദ്ദ് ചെയ്യാനും ജീവനക്കാരെ സ്ഥലം മാറ്റാനുള്ള തീരുമാനത്തിനെതിരെയും കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയുടെ ശോചനീയ സ്ഥിതിയും വിശദമാക്കി ജൂലൈ 12ന് 'മാധ്യമം' വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ തീരുമാനങ്ങള്‍ ഉപേക്ഷിച്ചാണ് മന്ത്രി തലത്തില്‍ ഡിപ്പോക്ക് നവജീവന്‍ പകരുന്ന തീരുമാനമുണ്ടായത്.
കരുനാഗപ്പള്ളി കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോച്യാവസ്ഥയെക്കുറിച്ച് ജൂലൈ 12ന് ' മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
തിരക്കേറിയ കരുനാഗപ്പള്ളി-മാവേലിക്കര-കോട്ടയം-വഴി തൃശൂർ ഫാസ്റ്റ് പാസഞ്ചർ ബസ് സർവിസ് ആരംഭിക്കാനും എസ്.വി.എച്ച്.എസ് ക്ലാപ്പന-കരുനാഗപ്പള്ളി, തഴവ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്, കരുനാഗപ്പള്ളി ഐ എച്ച്.ആർ.ഡി എൻജിനീയറിങ് കോളജ്, മഠത്തിൽ ബി.ജെ.എസ്.എം സ്കൂൾ എന്നിവിടങ്ങളിലേക്ക് ഒരു മാസത്തേക്ക് ട്രയൽ റണ്ണായി ബസ് സർവിസ് നടത്താനും തീരുമാനമായി.
ഈ റൂട്ടുകള്‍ ലാഭകരമായാൽ സർവിസ് തുടരും. പരിശോധനക്കായി ഷോപ്പിങ് മന്ദിര നിർമാണവുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ 17ന് കരുനാഗപ്പള്ളി ഡിപ്പോ സന്ദർശിക്കും. മിനി ബസ് വരുന്നതോടെ കൂടുതൽ ഗ്രാമീണ സർവിസുകൾ അനുവദിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയതായും സി.ആർ. മഹേഷ് എം.എൽ.എ അറിയിച്ചു. മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ, എക്സിക്യൂട്ടിവ് ഡയറക്ടർ പ്രദീപ്, എ.ടി.ഒ നിഷാർ, ആനന്ദക്കുട്ടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.