ക​രു​നാ​ഗ​പ്പ​ള്ളി സൂ​നാ​മി കോ​ള​നി​യി​ൽ എ​ത്തി​യ നി​യ​മ​സ​ഭ​സ​മി​തി അം​ഗ​ങ്ങ​ൾ താ​മ​സ​ക്കാ​രി​ൽ

നി​ന്ന്​ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

സൂനാമി ടൗൺഷിപ്പുകളുടെ ശോച്യാവസ്ഥ; നിയമസഭസമിതി സന്ദർശനം നടത്തി

കരുനാഗപ്പള്ളി: സൂനാമി ടൗൺഷിപ്പുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിപാലന ചുമതല നൽകുന്നതിനും ഫണ്ട് സർക്കാറിൽനിന്ന് ലഭ്യമാക്കുന്നതിനും ഉൾപ്പെടെയുള്ള നിർദേശങ്ങൾ ചർച്ച ചെയ്ത് സമർപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായുള്ള നിയമസഭസമിതി പറഞ്ഞു.

കരുനാഗപ്പള്ളിയിലെ സൂനാമി ടൗൺഷിപ്പുകൾ സന്ദർശിക്കുന്നതിനും ജനങ്ങളിൽനിന്നുള്ള പരാതികൾ കേൾക്കുന്നതിനുമായി എത്തിയ സമിതി അംഗങ്ങളാണ് ഇക്കാര്യം അറിയിച്ചത്. തീരദേശമേഖലയിലെ സി.ആർ.ഇസഡ് നിയമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പട്ടയ പ്രശ്നങ്ങളും സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും സമിതി അറിയിച്ചു.

കടലാക്രമണവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ ഹോട്ട് സ്പോട്ട് ആയി നിശ്ചയിച്ചിട്ടുള്ള ആലപ്പാട് പഞ്ചായത്തിൽ ചെല്ലാനം മാതൃകയിലുള്ള തീരസംരക്ഷണ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിച്ച് മുന്നോട്ടുപോകുമെന്നും സമിതി അധ്യക്ഷൻ പി.പി. ചിത്തരഞ്ജൻ പറഞ്ഞു.

സമിതി അംഗങ്ങളായ എൻ.എ. നെല്ലിക്കുന്ന്, കെ.ജെ. മാക്സി, കരുനാഗപ്പള്ളി എം.എൽ.എ സി.ആർ. മഹേഷ്, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, നഗരസഭ ചെയർമാൻ കോട്ടയിൽരാജു, എ.ഡി.എം ബീനറാണി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. സുഹൈർ, പഞ്ചായത്ത് പ്രസിഡന്‍റുമാരായ മിനിമോൾ നിസാം, ഒ. മിനിമോൾ, നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ എം. ശോഭന, തഹസിൽദാർ പി. ഷിബു, മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി എ. അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.

തുടർന്ന് കരുനാഗപ്പള്ളി അയണിവേലികുളങ്ങരയിലെ മഹാരാഷ്ട്ര സൂനാമി കോളനി സമിതി അംഗങ്ങൾ സന്ദർശിച്ചു. വാർഡ് കൗൺസിലർ മഹേഷ് ജയരാജും കോളനി നിവാസികളും ചേർന്ന് വീടുകളുടെ ശോച്യാവസ്ഥ അംഗങ്ങൾക്ക് കാട്ടിക്കൊടുത്തു.

സൂനാമി ദുരന്തത്തെ തുടർന്ന് ആലപ്പാട് പഞ്ചായത്തിൽ നിന്ന് മാറ്റി പാർപ്പിക്കപ്പെട്ടവർ കരുനാഗപ്പള്ളി നഗരസഭയിലും കുലശേഖരപുരം, ക്ലാപ്പന പഞ്ചായത്തുകളിലായുമുള്ള 57 ഓളം കോളനികളിലായാണ് താമസിക്കുന്നത്. ഇവർ വസിക്കുന്ന 1263 വീടുകൾ തകർച്ചയുടെ വക്കിലാണ്. ഇതുൾപ്പടെയുള്ള പ്രശ്നങ്ങൾ പഠിച്ച് ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകുമെന്നും സമിതി അംഗങ്ങൾ കോളനിനിവാസികളോട് പറഞ്ഞു.

Tags:    
News Summary - Devastation of Tsunami Townships-Legislative committee visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.