മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 36 വര്‍ഷം തടവും പിഴയും

കരുനാഗപ്പള്ളി: മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം തടവും 1,220,00 രൂപ പിഴയും ശിക്ഷ വിധിച്ചു. ശൂരനാട് വടക്ക് നടുവിലേമുറി സ്വദേശി ബിജുവിനെയാണ് കരുനാഗപ്പള്ളി അതിവേഗ കോടതി ജഡ്ജി ഉഷാനായര്‍ ശിക്ഷിച്ചത്.

2019ലായിരുന്നു കേസിനാസ്പദമായ സംഭവം. രക്ഷിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു പീഡനം. വിവരം പുറത്തുപറഞ്ഞാല്‍ കുട്ടിയെയും രക്ഷിതാക്കളെയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ശൂരനാട്‌ പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന പി. ശ്രീജിത്ത് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായ ജയചന്ദ്രന്‍പിള്ള, ജംസ്റ്റന്‍ എന്നിവരാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ശിക്ഷ വിധിച്ചത്. പിഴത്തുകയില്‍നിന്ന് ഒരു ലക്ഷം രൂപ അതിജീവതക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം 14 മാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ശിവപ്രസാദ് കോടതിയില്‍ ഹാജരായി. വനിത സി.പി.ഒ മേരിഹെലനാണ് പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചത്.

Tags:    
News Summary - Defendant jailed for 36 years for raping mentally challenged girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.