കരുനാഗപ്പള്ളി: പതിറ്റാണ്ടുകളായി ഉപയോഗ ശൂന്യമായി കിടന്ന കലാവിലാസിനി ഗ്രന്ഥശാലക്ക് ഒടുവിൽ ശാപമോക്ഷം. ഗ്രന്ഥശാലയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്നുള്ള ജനവികാരം പരിഗണിച്ച് ‘മാധ്യമം’ കഴിഞ്ഞ ജൂൺ 24ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതരും താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികളും തമ്മിൽ നടത്തിയ ആലോചനയിലാണ് ഗ്രന്ഥശാലക്ക് ഗുണകരമായ തീരുമാനം ഉണ്ടായത്. പ്രവർത്തനം താലൂക്ക് ലൈബ്രറി കൗൺസിലിനെ ചുമതലപ്പെടുത്താൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു.
സമ്മതപത്രം താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി. നഗരസഭയുടെ സഹകരണത്തോടെ ജീർണാവസ്ഥയിലായ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നവീകരിക്കും.
താലൂക്ക് ലൈബ്രറി കൗൺസിലിനുകീഴിലുള്ള 140 ഗ്രന്ഥശാലകൾ കേന്ദ്രീകരിച്ച് ‘അക്ഷരഭിക്ഷ’ പദ്ധതി നടപ്പാക്കി 5000 പുസ്തകങ്ങൾ 100 ദിവസം കൊണ്ട് കലാവിലാസിനിക്കുവേണ്ടി ശേഖരിക്കുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നഗരസഭ, എം.പി, എം.എൽ.എ എന്നിവരുടെ സഹായത്തോടെ ഉന്നത വിദ്യാഭ്യാസം നേടുന്ന കുട്ടികളുടെ പഠനാവശ്യങ്ങൾ നിർവഹിക്കാൻ താലൂക്ക് റഫറൻസ് ലൈബ്രറി ഉൾപ്പെടുന്ന ഇന്റലക്ച്വൽ ഹബ് ഇവിടെ ഒരു വർഷത്തിനകം പ്രവർത്തനസജ്ജമാക്കും. സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കുമെന്നും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.ബി. ശിവൻ, സെക്രട്ടറി വി. വിജയകുമാർ, ജില്ല എക്സിക്യൂട്ടീവംഗം വി.പി. ജയപ്രകാശ് മേനോൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, വൈസ് ചെയർപേഴ്സൺ സുനിമോൾ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ എൽ. ശ്രീലത, എം. ശോഭന, ഡോ.പി. മീന, ഇന്ദുലേഖ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.