വീട്ടിൽ കയറി ആക്രമണം: രണ്ടുപേർ പിടിയിൽ

ചാത്തന്നൂർ: ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം രാത്രിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ടുപേരെ ചാത്തന്നൂർ പൊലീസ് പിടികൂടി. മീനാട് കിഴക്ക് കൊല്ലാക്കുഴി ക്ഷേത്രത്തിന് സമീപം കൊച്ചുകുന്നുംപുറത്ത് വീട്ടിൽ ഷാൻ (28), കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിൽ രാഹുൽ ഭവനിൽ മമ്മസാലി എന്ന വിഷ്ണു (28) എന്നിവരെയാണ് ചാത്തന്നൂർ ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, എസ്.ഐ എ.എസ് സരിൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ കോയിപ്പാട് രാജീവ്ഗാന്ധി കോളനിയിലെ ആൾതാമസം ഇല്ലാത്ത വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആഗസ്റ്റ് 26ന് രാത്രി പത്ത് മണിയോടെയാണ് ഉളിയനാട് അപ്പൂപ്പൻ കാവിന് സമീപം ഷാനും വിഷ്ണുവും ഉൾപ്പെടെ സംഘം നാടൻ ബോംബ് എറിഞ്ഞും മുളക് പൊടി വിതറിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.

സംഘർഷവുമായി ബന്ധപ്പെട്ട് 14 പേർക്കെതിരെയാണ് കേസെടുത്തത്. അന്വേഷണത്തിനിടെ കൊല്ലാകുഴിയിൽ ഉള്ള ഷാെൻറ വീട്ടിൽനിന്നും ഒരാഴ്ച മുൻപ് ബോംബും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് കഞ്ചാവുമായി രണ്ട് പേരെ ചാത്തന്നൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഷാൻ രക്ഷപ്പെട്ടു. സംഘർഷത്തിന് ഉപയോഗിച്ച മാരകായുധങ്ങളാണ് എക്സൈസ് സംഘത്തിെൻറ റെയ്ഡിനിടയിൽ ഷാെൻറ വീട്ടിൽ നിന്നും കണ്ടെത്തിയത്.

ചാത്തന്നൂർ മേഖലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് അറസ്റ്റിലായ ഇരുവരുമെന്ന് പൊലിസ് പറഞ്ഞു. മുമ്പ് കഞ്ചാവുമായി ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഷാൻ പാലമുക്ക് കൊല്ലാകുഴി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിെൻറ നേതാവാണ്.

അന്വേഷണ സംഘത്തിൽ പ്രൊപേഷൻ എസ്.ഐ നിഷാൻ, സി.പി.ഒമാരായ രഞ്ജിത്ത്, സുനിൽ, അനിൽകുമാർ, ബിനീഷ് എന്നിവരും ഉണ്ടായിരുന്നു. പരവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് ഐ.എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.