ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ഊ​റാം വി​ള - കോ​ഷ്ണ​ക്കാ​വ് റോ​ഡി​ൽ കു​ന്നി​ടി​ച്ച് മ​ണ്ണെ​ടു​ക്കു​ന്നു

കുന്നിടിച്ച് മണ്ണ് കടത്തലും നിലംനികത്തലും വ്യാപകം

ചാത്തന്നൂർ: ചാത്തന്നൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുന്നുകൾ ഇടിച്ച് ലോഡ് കണക്കിന് മണ്ണ് കടത്തിയിട്ടും അധികൃതർ കണ്ടമട്ടില്ല. വിവിധ ആവശ്യങ്ങളുടെ പേരുപറഞ്ഞ് സർക്കാറിനെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും കബളിപ്പിച്ചാണ് മണ്ണ് കടത്തുന്നത്. കരമണ്ണ് കടത്തുന്നതിനോടൊപ്പം വയൽ നികത്തലും മണ്ഡലത്തിൽ വ്യാപകമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ നിൽക്കാറില്ല. വീട് വെക്കാനല്ലാതെ മറ്റൊരു നിർമാണ പ്രവർത്തനത്തിനും തണ്ണീർത്തടങ്ങൾ നികത്താൻ പാടില്ലെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും മണ്ണുമാഫിയ ചാത്തന്നൂരിൽ പിടിമുറുക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾ നൽകുന്ന പെർമിറ്റിന്‍റെ മറവിലാണ് മണ്ണെടുപ്പ്.

ചാത്തന്നൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തൊട്ടടുത്ത വസ്തുകൾക്ക് ഭീഷണിയാകുംവിധം വലിയ കുന്നുകളാണ് അവധി ദിവസങ്ങളുടെയും തെരഞ്ഞെടുപ്പിന്‍റെയും മറവിൽ ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നത് .രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നടക്കുന്ന മണ്ണുകടത്ത് തടയാൻ പൊലീസോ റവന്യൂ അധികാരികളോ ജിയോളജി, പഞ്ചായത്ത് അധികൃതരോ രംഗത്തുണ്ടാവില്ല. പലയിടത്തും ഭൂമിയുടെ അടിത്തട്ട് മാന്തിയുള്ള മണ്ണെടുപ്പാണ് നടക്കുന്നത്. ദേശീയപാത നിർമാണത്തിനായി ഉപയോഗിക്കുന്ന ജിയോളജിയുടെ പാസ് വ്യാജമായി നിർമിച്ചാണ് പലയിടത്തും കരമണ്ണ് ഖനനം നടത്തുന്നത്. ഈ മണ്ണ് ഉപയോഗിച്ചാണ് വൻതോതിൽ നെൽവയലുകൾ നികത്തുന്നത്.

ചാത്തന്നൂരിന്‍റെ വിവിധ ഭാഗങ്ങളിൽ ഏക്കർ കണക്കിന് പാടശേഖരമാണ് മണ്ണിട്ട് നികത്താൻ ശ്രമിക്കുന്നത്. കൃഷിചെയ്യാനുള്ള എല്ലാ പാരിസ്ഥിതിക സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ തന്നെയാണ് ഇവിടെ അനധികൃത നികത്തൽ നടക്കുന്നത്. പരവൂരിന്‍റെ തീരദേശത്ത് വിവിധ ഭാഗങ്ങളിൽ റിസോർട്ട് മാഫിയ വൻതോതിൽ തണ്ണീർത്തടങ്ങൾ നികത്തിയെടുക്കുന്നു. മണ്ണ് മാഫിയയും ജിയോളജി വകുപ്പും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്തരം ശ്രമങ്ങൾ നടക്കുന്നതെന്ന ആക്ഷേപവുമുണ്ട്.

പോളച്ചിറ ഭാഗത്ത് നെൽവയലുകളും തണ്ണീർത്തടങ്ങളും വൻതോതിൽ മണ്ണിട്ട് നികത്തുകയാണ്. ജലക്ഷാമം രൂക്ഷമായ ഈ പ്രദേശത്തെ തണ്ണീർത്തടം നികത്തൽ വ്യാപകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്. പലയിടത്തും കൃഷി നിലനിൽക്കുമ്പോൾത്തന്നെയാണ് അനധികൃത നികത്തൽ നടക്കുന്നത്. ലൈഫ് പദ്ധതിയിൽ നിർധനർക്ക് വീടിന് സ്ഥലംനൽകാനെന്ന പേരിൽ മണ്ണുമാഫിയ കുന്നുകൾ വാങ്ങിക്കൂട്ടുന്നു. വീട് നിർമാണത്തിന്‍റെ മറവിൽ മണ്ണ് കടത്താനുള്ള ഗുഢലക്ഷ്യത്തോടെയാണ് നടപടി. അഞ്ച് സെന്‍റിൽ താഴെ വസ്തു‌വിൽനിന്ന് വീട് നിർമാണത്തിന് മണ്ണ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസങ്ങളില്ല.

ഈ പഴുത് ഉപയോഗിച്ച് ഏക്കറുകളോളം വരുന്ന കുന്നുകൾ ഇടിച്ചുനിരത്തി മണ്ണ് കടത്തുകയാണ്. അടുത്തിടെ ഒട്ടേറെ കുടുംബങ്ങളാണ് ചതിയിൽപ്പെട്ടത്. സമീപ വീടുകളുടെ അടിത്തറ തോണ്ടിയാണ് മണ്ണ് മാഫിയ മണ്ണെടുക്കുന്നത്. പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തിയപ്പോഴാണ് പാവപ്പെട്ട വീട്ടുകാർ വിവരം അറിയുന്നത്. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിൽ കുന്നിൻ മുകളിൽ 60 അടിയോളം ഉയരത്തിലാണ് വീട് വെക്കാൻ സർക്കാർവക സ്ഥലം പട്ടികജാതി കുടുംബത്തിന് ലഭിച്ചത്. സമാനരീതിയിൽ പഞ്ചായത്തിൽ തന്നെ ഒട്ടേറെ കേസുകളുണ്ട്. കുന്നുകളാൽ സമ്പന്നമായിരുന്നു കല്ലുവാതുക്കൽ പഞ്ചായത്തിന്‍റെ വേളമാനൂർ, നടയ്ക്കൽ ഭാഗങ്ങളിൽ ഇപ്പോൾ പേരുകളിൽ മാത്രമാണ് കുന്നുകളുള്ളത്. ഏറെയും ഇടിച്ചുനിരത്തി. 

Tags:    
News Summary - Hillside demolition and land clearing are widespread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.