ചാത്തന്നൂർ: സ്വകാര്യ ബസുകൾ ചാത്തനൂരിൽ എത്താത്തതിനാൽ യാത്രക്കാർ വലയുന്നു. ചാത്തന്നൂർ ബോർഡ്വെച്ച് സർവീസ് നടത്തുന്ന, ചാത്തന്നൂർ ജങ്ഷൻ വരെ പെർമിറ്റ് ഉള്ള സ്വകാര്യ ബസുകളാണ് ജങ്ഷനിലെത്താതെ പോകുന്നത്.പരവൂരിൽനിന്ന് കൊട്ടിയത്തേക്ക് പോകുന്ന ബസുകളും തിരികെ പരവൂരിലേക്ക് പോകുന്നവയും ചാത്തന്നൂരിൽ എത്താതെ തിരുമുക്കിൽനിന്ന് തിരിഞ്ഞുപോകുകയാണ്.
ബസിന്റെ മുന്നിലും പിന്നിലും ചാത്തന്നൂർ എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിലും ചാത്തന്നൂർ ടിക്കറ്റ് നല്കി യാത്രികരെ തിരുമുക്കിൽ ഇറക്കിവിടുകയാണ് പതിവ്. ദേശീയപാതയുടെ നിർമാണം തുടങ്ങുന്നതിന് മുമ്പ് കൊട്ടിയത്തുനിന്ന് പരവൂരിലേക്ക് പോകുന്ന വാഹനങ്ങൾ ചാത്തന്നൂർ ജങ്ഷനിലെത്തി പൊലീസ് സ്റ്റേഷന് സമീപത്തെ സീതാറാം ജങ്ഷനിൽ തിരിഞ്ഞായിരുന്നു പരവൂരിലേക്ക് പോയിരുന്നത്. ഇപ്പോൾ ദേശീയപാത നിർമാണത്തിന്റെ പേരിൽ സ്വകാര്യബസുകൾ ചാത്തന്നൂർ ജങ്ഷനിൽ എത്താതെ തിരികെ പോകുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
ചാത്തന്നൂർ പെർമിറ്റുള്ള വാഹനങ്ങൾപോലും ജങ്ഷനിൽ എത്താതെ പോകുന്നത് യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. തിരുമുക്കിൽ ഇറങ്ങി നടക്കുകയോ ഓട്ടോറിക്ഷ വിളിക്കുകയോ ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ യാത്രക്കാർക്കുള്ളത്.
പരവൂർ, നെടുങ്ങോലം, പൂതക്കുളം, പുത്തൻകുളം, പൊഴിക്കര മേഖലകളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികളും കൂടാതെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും എത്തിച്ചേരുന്ന ചാത്തന്നൂരിലേക്ക് കൃത്യമായി സർവീസ് നടത്താൻ ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.