കൊല്ലം: പീഡാനുഭവവാരത്തിന് അവസാനം കുറിച്ച് ഉയർത്തെഴുന്നേൽപ്പിന്‍റെ വിശ്വാസപ്രഭയിൽ ക്രൈസ്തവർ ആഘോഷിക്കുന്നു. കുരിശുമരണത്തിന്‍റെ മൂന്നാം നാൾ യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്‍റെ ഓർമപുതുക്കി ദേവാലയങ്ങളിൽ അർധരാത്രിയിൽ ഉയർത്തെഴുന്നേൽപ് ശുശ്രൂഷകൾ നടന്നു. ഞായറാഴ്ച രാവിലെയും ആഘോഷനിമിഷങ്ങൾക്ക് പ്രാർഥന പുണ്യംപകർന്ന് കുർബാനയും അനുബന്ധ ശുശ്രൂഷകളും ദേവാലയങ്ങളിൽ നടക്കും. ഇതോടെ ത്യാഗസ്മരണ നിറഞ്ഞ വലിയനോമ്പിനും സമാപനമായി. കഴിഞ്ഞ രണ്ട് ഈസ്റ്ററും കോവിഡിന്‍റെ പിടിയിൽപെട്ട് ഒത്തുചേർന്നുള്ള ആഘോഷ നിമിഷങ്ങൾ നഷ്ടമായപ്പോൾ ഇത്തവണ പ്രത്യാശ നിറഞ്ഞ കൂട്ടായ്മകളുടെ തിരിച്ചുവരവുകൂടിയാണ് ഈസ്റ്റർ ദിനം. യേശു മരണവഴിയിൽ നേരിട്ട പീഡകൾ സ്മരിച്ച്, വലിയ നോമ്പ് അനുഷ്ഠാനം നടന്ന വിശ്വാസിഭവനങ്ങളിൽ ആഘോഷത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. വിപണിയിൽ തിരക്ക് ഇറച്ചി, മത്സ്യ വിഭവങ്ങൾക്ക് പ്രാധാന്യമുള്ള ഈസ്റ്റർ ആഘോഷത്തിന്‍റെ ആവേശം മാംസവിപണിയിൽ ഉൾപ്പെടെ പ്രകടമായിരുന്നു. കോഴിക്കും മത്സ്യത്തിനും വില വലിയ തോതിൽ ഉയർന്നത് സാധാരണക്കാരെ വെട്ടിലാക്കുകയും ചെയ്തു. കോഴിക്ക് വില കിലോക്ക് 150ന് അടുത്തെത്തിയപ്പോൾ കോഴി ഇറച്ചി വില 250 എന്ന റെക്കോഡ് നിലയിലേക്ക് കുതിച്ചു. താറാവിന് 250-330 നിരക്കിലുമാണ് വിൽപന. ബീഫിനും പോത്തിനും വില ഉയർന്നിട്ടില്ല. കിലോക്ക് 650-700 രൂപവരെ വില വരുന്ന മുയൽ ഇറച്ചിക്കും ആവശ്യക്കാർ നിരവധി. മഴ കാരണമുണ്ടായ വറുതിക്ക് തെല്ല് കുറവുണ്ടായതിന്‍റെ ആശ്വാസത്തിലുള്ള മത്സ്യമേഖലക്ക് ഈസ്റ്റർ വിപണി വലിയ പ്രതീക്ഷയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.