നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വെടി​െവച്ച് കൊന്നു

ചാത്തന്നൂർ: രാത്രി വീട്ടുമുറ്റത്തെത്തിയ കാട്ടുപന്നിയെ നാട്ടുകാർ പിടികൂടി. വനപാലകരെത്തി വെടിവച്ചുകൊന്നു. ദേശീയപാതയിൽ കാരംകോട് ശീമാട്ടി ജങ്ഷനുസമീപം ബുധനാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. വാഹനമിടിച്ച് കാലിന് പരിക്കേറ്റ പന്നി, ദേശീയപാതയോരത്തുള്ള ലളിതൻ വില്ലയിൽ കൈലാസ്‌കുമാറിന്‍റെ വീട്ടിലേക്കാണ് ഓടിക്കയറിയത്. തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സാമഗ്രികൾ കുത്തിമറിക്കുകയും പൈപ്പ് ലൈനിന് തകരാറുണ്ടാക്കുകയും ചെയ്തു. ശബ്ദംകേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴാണ് കാട്ടുപന്നിയാണെന്ന് മനസ്സിലായത്. നാട്ടുകാരുടെ നേതൃത്വത്തിൽ പന്നിയെ പിടിച്ചുകെട്ടി വനംവകുപ്പിൽ വിവരമറിയിച്ചു. അഞ്ചൽ ഫോറസ്റ്റ് ഡിവിഷനിലെ ഫോറസ്റ്റ് ഓഫിസർ സജുവിന്‍റെ നേതൃത്വത്തിലെ സംഘമെത്തിയാണ് പന്നിയെ വെടിവച്ച് കൊന്നത്. എസ്.എഫ്.ഒ രാജേഷ്, റിസർവ് ഫോറസ്റ്റ് വാച്ചർ ബിജി സദാശിവൻ, അസിസ്റ്റന്‍റുമാരായ മനോജ്, പ്രമോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ശീമാട്ടി കുരിശുംമൂടിനുസമീപം രണ്ടാഴ്ചക്കു മുമ്പ്​ വാഹനമിടിച്ച് കാട്ടുപന്നി ചത്തിരുന്നു. കല്ലുവാതുക്കൽ പഞ്ചായത്തിലെ വേളമാനൂരിലെ മലയോരമേഖലയിൽ കാട്ടുപന്നിശല്യം ഏറി വരുന്നതായി പരാതി നിലനിൽക്കെയാണ് കാട്ടുപന്നി നാട്ടിലിറങ്ങിയത്. കുറച്ചു നാൾ മുമ്പ്​​ ഈ പ്രദേശത്ത് കരടിയെ കാണുകയും പിന്നീട്​ നാവായിക്കുളത്ത് നിന്ന്​ പിടികൂടുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.