വേണം, പാറ്റോലിതോടിന്​ സംരക്ഷണം

കരുനാഗപ്പള്ളി: കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിവാക്കാനും പാറ്റോലി തോട് സംരക്ഷിക്കാനും അടിയന്തര നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിക്കുന്നു. ഓണാട്ടുകര കാർഷിക മേഖലയായ ഓച്ചിറ കൊറ്റംപള്ളി മുണ്ടുരുത്തി വയൽ, മഠത്തിൽ കാരാഴ്മ തീപ്പുരവയൽ, ചേന്നാട്ടുശ്ശേരിവയൽ, കുറുങ്ങപ്പള്ളി മഠത്തിൽ വയൽ, തഴവ മുണ്ടകപാടം, കുലശേഖരപുരം, തൊടിയൂർ പഞ്ചായത്ത്, കരുനാഗപ്പള്ളി നഗരസഭ പ്രദേശത്തുകൂടി കടന്നുപോയി കരുനാഗപ്പള്ളി പള്ളിക്കലാറിന്‍റെ കൈവഴിയായ ചന്ത കായലിൽ പതിക്കുന്നതാണ്​പാറ്റോലി തോട്​. മുൻകാലങ്ങളിൽ ഈ തോട്ടിലെ വെള്ളം പ്രദേശത്തെ കൃഷിക്ക് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ, ഇപ്പോൾ വ്യാപക കൈ​യേറ്റങ്ങൾ കാരണം പാറ്റോലിതോടിന്‍റെ രൂപമാകെ മാറി. ഏകദേശം 10 കിലോമീറ്റർ നീളമാണ് തോടിനുള്ളത്. അഞ്ച് പതിറ്റാണ്ട്​ മുമ്പുവരെ തഴവ കുതിരപ്പന്തി ചന്തയിലേക്കും മറ്റും ചരക്ക് നീക്കം നടത്തിയിരുന്ന ഉൾനാടൻ ജലപാതയായിരുന്ന പാറ്റോലി തോടിന് 15 മീറ്ററോളം വീതിയും ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് തോടിന്‍റെ ശരാശരി വീതി മൂന്ന് മീറ്റർ മുതൽ ഏഴുമീറ്റർ വരെയാണ്​. സംരക്ഷണ ഭിത്തി ഇല്ലാതിരുന്ന ഭാഗങ്ങളിൽ ഇരുവശങ്ങളിലുമുള്ള വസ്തു ഉടമകൾ കൈയേറിയും കരഭാഗം മണ്ണിടിഞ്ഞ് വീണും തോട്​ നാശോന്മുഖമായി. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ മഴക്കാലത്ത് സമീപപ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങളാണ് വെള്ളക്കെട്ടുമൂലം ദുരിതത്തിലാകുന്നത്. വീടുകളിലെ കക്കൂസ് ടാങ്കുകളിൽനിന്നുള്ള പൈപ്പുകൾ തോട്ടിലേക്ക്‌ സ്ഥാപിച്ച് മാലിന്യം ഒഴുക്കിവിടുന്നതും ജലസ്രോതസ്സിനെ മലീമസമാക്കി. പാറ്റോലി തോടിന്‍റെ സംരക്ഷണത്തിന്‍റെ പേരിൽ ജനപ്രതിനിധികൾ വാഗ്‌ദാനങ്ങൾ നൽകുമെങ്കിലും അവ ജലരേഖയായി മാറുകയാണ്​ പതിവ്​. കേന്ദ്ര ധനകാര്യ കമീഷൻ അനുവദിക്കുന്ന ടൈഡ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാൻ തയാറായാൽപോലും തോടിന്‍റെ സംരക്ഷണം ഉറപ്പുവരുത്താൻ കഴിയും. ചിത്രങ്ങൾ: പാറ്റോലിതോട് മാലിന്യവും പാഴ്​ചെടികളും നിറഞ്ഞ് ഒഴുക്ക് നിലച്ച നിലയിൽ ചിത്രം : സംരക്ഷണത്തിന്‍റെ പേരിൽ തോടിന്‍റെ തിട്ടയിൽ സ്ഥാപിച്ച കയർ ഭൂവസ്ത്രം ഉപയോഗശൂന്യമായി കിടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.