പുനലൂർ മണ്ഡലത്തിൽ കോവിഡ് പ്രതിരോധം ഊർജിതമാക്കും

പുനലൂർ: നിയോജകമണ്ഡലത്തിൽ കോവിഡ് രോഗികൾ വർധിക്കുന്നത് കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംയുക്തയോഗം പി.എസ്. സുപാൽ എം.എൽ.എയുടെ അധ്യക്ഷതയിൽ നടത്തി. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടിക്രമങ്ങളും പ്രതിരോധപ്രവർത്തനങ്ങളും പഞ്ചായത്ത് പ്രസിഡൻറുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചർച്ച ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ആദ്യഘട്ട വാക്സിനേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായി. വാക്സിനേഷനിൽ കുറവ് വന്നിട്ടുള്ള അലയമൺ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിൽ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. ഇതിനായി മെഗാ വാക്സിൻ ക്യാമ്പ് നടത്താൻ വാക്സിനേഷൻ പ്രോഗ്രാം ഓഫിസറെ എം.എൽ.എ ചുമതലപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും ജാഗ്രത സമിതികളുടെ യോഗങ്ങൾ അടിയന്തരമായി കൂടും. പഞ്ചായത്തുകളിലെ ഡി.സി.സികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. രോഗബാധിതരെ വീടുകളിൽ ക്വാറൻറീൻ ചെയ്യുന്ന നിലവിലെ രീതി മാറ്റി ഡി.സി.സികളിലേക്ക് എത്തിച്ച് വ്യാപനം തടയും. എല്ലാ പഞ്ചായത്തിലും കോവിഡ് ഹെൽപ്പ് ​െഡസ്ക്കുകൾ പുനഃസ്ഥാപിക്കും. വാക്സിൻ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്കരിക്കും. എല്ലാ പഞ്ചായത്തുകളിലും ഫസ്​റ്റ് ഡോസ് വാക്സിൻ പൂർണമായും എടുക്കുന്നതിന് മെഗാ ക്യാമ്പുകൾ നടത്തും. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ മെഗാ ക്യാമ്പ് നടത്തുന്നതിന്​ പകരം ജനങ്ങൾക്ക് സൗകര്യപ്രദമായ നിലയിൽ വിവിധ കേന്ദ്രങ്ങളിലായി ക്യാമ്പ് നടത്തും. കുളത്തൂപ്പുഴ ആർ.പി.എല്ലിൽ നേരത്തേയുണ്ടായിരുന്ന ഡി.സി.സിയുടെ പ്രവർത്തനം പുനരാരംഭിക്കും. താലൂക്കിലെ മുഴുവൻ സ്വകാര്യ ആശുപത്രികളിലും കോവിഡ് രോഗികളെ ചികിത്സിക്കുന്നതിന് നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് പൂർണമായ റിപ്പോർട്ട് വാങ്ങുവാൻ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. മെഗാ വാക്സിനേഷൻ കേന്ദ്രങ്ങളിൽ ജനങ്ങളുടെ തിക്കുംതിരക്കും ഒഴിവാക്കും. കോവിഡ് മാനദണ്ഡം പാലിച്ച്​ വാക്സിനേഷൻ നടത്തുന്നത് ക്രമീകരിക്കണം. ഇതിന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് നിർദേശം നൽകി. ഗർഭിണികളിലെ കോവിഡ് വാക്സിനേഷൻ പരമാവധി പ്രോത്സാഹിപ്പിക്കും. ഇവർക്ക് ബോധവത്​കരണം നൽകുന്നതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം നടത്തും. തോട്ടം മേഖലയിലെ വാക്സിനേഷൻ 25 ന് പൂർത്തിയാകുമെന്ന് എം.എൽ.എ അറിയിച്ചു. പുനലൂർ തഹസിൽദാർ നസിയ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ, അഞ്ചൽ മെഡിക്കൽ ഓഫിസർ ഡോ. ഷമീർ, നഗരസഭ വൈസ്​ ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.