അമ്പലക്കടവ് സമാന്തരപാലം: ടെന്‍ഡര്‍ നടപടികള്‍ ഉടൻ

കുളത്തൂപ്പുഴ: കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മാണം നടത്തുന്ന കുളത്തൂപ്പുഴ അമ്പലക്കടവ് സമാന്തര പാലത്തി‍ൻെറ ടെന്‍ഡര്‍ നടപടികള്‍ ഉടൻ ആരംഭിക്കും. ഇതിനായുള്ള സര്‍ക്കാര്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതായി സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാറിൻെറ 2016 ലെ ബജറ്റില്‍ 10 കോടി അനുവദിച്ചിരുന്നു. കിഫ്ബിക്ക് രൂപരേഖ തയാറാക്കി നല്‍കിയെങ്കിലും നിലവിലെ പാലത്തി​ൻെറയും ജലനിരപ്പി​ൻെറയും അളവുകള്‍ നിര്‍ണയിച്ചതില്‍ അപാകത കണ്ടെത്തി. പിന്നീട്​ കൊല്ലം ടി. കെ.എം എൻജിനീയറിങ്​ കോളജ് അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തി പുതുക്കിയ രൂപരേഖ സമര്‍പ്പിക്കുകയും സര്‍ക്കാര്‍ നിര്‍മാണാനുമതി ലഭിക്കുകയും ചെയ്തു. എന്നാല്‍, നടപടികളിലെ കാലതാമസം പാലം നിര്‍മാണം വൈകിപ്പിക്കുകയായിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പുനലൂര്‍ എം. എല്‍.എ പി.എസ്. സുപാല്‍ ഇടപെട്ട് നടത്തിയ ചർച്ചകളെതുടര്‍ന്ന് കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്​ (കെ. ആര്‍.എഫ്.ബി) പാലത്തി​ൻെറ രൂപരേഖയും മറ്റും കൈമാറിയതോടെയാണ് നടപടികൾ വേഗത്തിലാകുന്നത്​. തുടർന്നാണ്​ കഴിഞ്ഞദിവസം കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയര്‍ ബീന, അസി. എൻജിനീയര്‍ ദീപ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം പാലം നിർമാണത്തിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലവും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തി. ജില്ലാ പഞ്ചായത്തംഗം കെ. അനില്‍കുമാറും എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.