കോവിഡ്: അവബോധം വര്‍ധിപ്പിക്കും

കൊല്ലം: ബീച്ച് പരിസരങ്ങളില്‍ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും തിരക്ക് കൂടുന്നതിനാല്‍ മൈക്ക് അനൗണ്‍സ്‌മൻെറുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ധിപ്പിക്കും. ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിൽ അധ്യക്ഷനായ കലക്ടര്‍ ബി. അബ്​ദുല്‍ നാസറാണ് നിർദേശം നല്‍കിയത്. വാണിജ്യ ആവശ്യത്തിനുള്ള പ്രദര്‍ശനങ്ങള്‍ക്കും വ്യാപാരമേളകള്‍ക്കും ഇനി അനുമതി നല്‍കില്ല. നിലവിലുള്ള പ്രദര്‍ശന ശാലകളില്‍ കോവിഡ് മാനദണ്ഡ ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. പാര്‍ക്കുകള്‍ ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലകളിലെ പ്രവര്‍ത്തന സമയം വൈകുന്നേരം ആറുവരെ നിജപ്പെടുത്തിയത് കര്‍ശനമായി പാലിക്കും. പൊതുപരിപാടികളില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ രാഷ്​ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി ഓണ്‍ലൈന്‍ യോഗം ഉടന്‍ ചേരും. വ്യാപാരസ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ താലൂക്കുകളിലും സ്ഥാപന പ്രതിനിധികളുമായി യോഗം ചേരും. എ.ഡി.എം അലക്‌സ് പി. തോമസ്, സബ് കലക്ടര്‍ ശിഖാ സുരേന്ദ്രന്‍, പുനലൂര്‍ ആര്‍.ഡി.ഒ ബി. ശശികുമാര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ആര്‍. ശ്രീലത, സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നു കൊല്ലം: കോവിഡ് രോഗവ്യാപനം കുറക്കുന്നതിനായി രോഗബാധിതരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായും ശേഖരിച്ച് ഗൃഹപരിചരണത്തില്‍ മാനദണ്ഡങ്ങള്‍ ഉറപ്പാക്കി സ്രവ പരിശോധന വര്‍ധിപ്പിക്കാന്‍ നടപടികളായി. രോഗബാധിതര്‍ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായും വെളിപ്പെടുത്താത്തതിനാല്‍ സമ്പര്‍ക്കത്തില്‍ വരുന്നവര്‍ സമൂഹത്തില്‍ രോഗം വ്യാപിപ്പിക്കാനിടയാക്കുന്നു. ഇപ്പോള്‍ കണ്ടെത്തുന്ന രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ശരാശരി മൂന്നുപേരാണ് വരുന്നത്. രോഗബാധിതര്‍ സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായും വെളിപ്പെടുത്താന്‍ തയാറാകാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നു. സമ്പര്‍ക്കപ്പട്ടിക പൂര്‍ണമായും തയാറാക്കുന്നതിനുള്ള ശ്രമം ആരോഗ്യ വകുപ്പ് ഉര്‍ജിതപ്പെടുത്തി. ജില്ലയിലെ 70 ശതമാനം സ്വാബ് പരിശോധന ആര്‍.ടി.പി.സി.ആർ ആണെന്ന് ഉറപ്പുവരുത്തും. സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരെയും ക്ലസ്​റ്റര്‍ ഏരിയയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ജനങ്ങളെയും സ്രവ പരിശോധനക്ക്​ വിധേയരാക്കും. അഗതി മന്ദിരങ്ങളില്‍ രണ്ടു മാസത്തിലൊരിക്കല്‍ എല്ലാ അന്തേവാസികളെയും കോവിഡ് പരിശോധനക്ക്​ വിധേയരാക്കും. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ പരിശോധനയും സന്ദര്‍ശകരുടെ ലിസ്​റ്റ്​ തയാറാക്കുന്നതും കര്‍ശനമാക്കുമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചൊവ്വാഴ്ച കുമ്മിള്‍, മടത്തറ, പിറവന്തൂര്‍, പോരുവഴി, പുയപ്പള്ളി എന്നീ സ്ഥലങ്ങളില്‍ മൊബൈല്‍ ടീം പരിശോധന നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.