നിരവധി ക്രിമിനൽ കേസിലെ പ്രതി പിടിയിൽ

(ചിത്രം) അഞ്ചാലുംമൂട്: ഭാര്യാമാതാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസിലെ പ്രതി അഞ്ചാലുംമൂട് പൊലീസിൻെറ പിടിയിലായി. തേവള്ളി പി.ഡബ്ല്യു.ഡി പുതുവൽ പുരയിടത്തിൽ മെൽബിനാണ് (30) പിടിയിലായത്. നിരവധി കേസിലെ പ്രതിയും കാപ്പാ പ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്നയാളുമാണ്. കഴിഞ്ഞ ജനുവരി രണ്ടിന് ഭാര്യാമാതാവിനെ ആക്രമിച്ച് ഭാര്യവീട് അടിച്ച് തകർത്ത ശേഷം ഒളിവിൽ പോകുകയായിരുന്നു. ഗോവ, മഹാരാഷ്​ട്ര എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളുടെ മൊബൈൽഫോൺ വിവരങ്ങൾ പിൻതുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരികെ എത്തിയതായി മനസ്സിലാക്കി പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് ഐ.എസ്.എച്ച്.ഒ കെ. അനിൽകുമാറിൻെറ നേതൃത്വത്തിൽ എസ്.ഐ അബ്​ദുൽ മനാഫ്, സി.പി.ഒമാരായ സുമേഷ്, സുനിൽ ലാസർ, മുഹമ്മദ് ഷാഫി, മഹേഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലയിലെ ആദ്യ പോത്ത് ഗ്രാമമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് (ചിത്രം) കൊല്ലം: സംസ്ഥാന സര്‍ക്കാറിൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലാദ്യമായി പോത്തുകളെ വിതരണം ചെയ്യുന്ന പോത്തുഗ്രാമം പദ്ധതി നടപ്പിലാക്കി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ലൈല നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 125 പേര്‍ക്കാണ് പോത്തുകളെ നല്‍കിയത്. 11.25 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. 75 ശതമാനം സബ്സിഡി നിരക്കില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ. സുന്ദരേശന്‍, ഡി. ഗിരികുമാര്‍, മൈലക്കാട് സുനില്‍, എ. ആശാദേവി, ആര്‍.എസ്. ജയലക്ഷ്മി, വെറ്ററിനറി ഡോക്ടര്‍ അനുപമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ശംഭു എന്നിവര്‍ പങ്കെടുത്തു. ജോലി കിട്ടി; കൗൺസിലർ രാജിവെച്ചു കരുനാഗപ്പള്ളി: നഗരസഭ 23ാം ഡിവിഷൻ കൗൺസിലർ സാബു രാജിവെച്ചു. പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിൽ ജോലി ലഭിച്ചതിനാലാണ്‌ രാജി. നഗരസഭ നൽകിയ യാത്രയയപ്പ് സമ്മേളനം ചെയർപേഴ്സൺ ഇ. സീനത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ രവീന്ദ്രൻ പിള്ള, മുൻ ചെയർപേഴ്സൺ ശോഭന, മുൻ വൈസ് ചെയർപേഴ്സൺ ഷക്കീല, കൗൺസിലർ തമ്പാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.