റവന്യൂ ടവര്‍ മലയോരമേഖലയില്‍ യാഥാർഥ്യമായില്ല

പത്തനാപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂടവര്‍ മലയോരമേഖലയില്‍ യാഥാർഥ്യമായില്ല. നഗരത്തിൻെറ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫിസുകള്‍ ജനങ്ങളെ വലക്കുന്നു. 2016ല്‍ സംസ്ഥാനത്തേക്ക് അനുവദിച്ച ഏഴ് റവന്യൂ ടവറുകളില്‍ ഒന്ന് പത്തനാപുരം മണ്ഡലത്തിലായിരുന്നു. മിനി സിവില്‍ സ്​റ്റേഷന്‍ മാതൃകയിലായിരുന്നു റവന്യൂ ടവര്‍ നിർമിക്കാന്‍ ഉദ്ദേശിച്ചത്. നിലവില്‍ സിവില്‍ സ്​റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപത്തോ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് പരിസരത്തോ പുതിയ റവന്യൂ ടവറിനായി സ്ഥലം കണ്ടെത്തുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ്​ പ്രവര്‍ത്തനങ്ങള്‍ എങ്ങും എത്തിയില്ല. ഇതിനാല്‍ പത്തനാപുരത്തിൻെറ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍. താലൂക്കിലേക്ക്​ ആവശ്യമായ നിരവധി ഓഫിസുകള്‍ ഇനിയും പ്രവര്‍ത്തനം ആരംഭിക്കാനുണ്ട്. വിദ്യാഭ്യാസ ഉപജില്ല ഓഫിസ്, എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, കോടതികള്‍, വനംവകുപ്പ് ഓഫിസുകള്‍ എന്നിവ ഇനിയും അനുവദിക്കാനുണ്ട്. സ്ഥലപരിമിതി മൂലമാണ് പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തത്. ട്രഷറി, സബ് രജിസ്‌ട്രര്‍ ഓഫിസ്, സപ്ലൈ ഓഫിസ് എന്നിവ വാടക കെട്ടിടത്തിലുമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. റവന്യൂ ടവറിൻെറ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. അമിതഭാരം കയറ്റിയ വാഹനങ്ങൾ മൂലം റോഡ് തകർന്നു (ചിത്രം) പത്തനാപുരം: അമിതഭാരവുമായി വരുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം ഇളമണ്ണൂര്‍ കുന്നിട ചളിക്കുഴി ഗ്രാമപാത പൂര്‍ണമായും തകര്‍ന്നു. കാല്‍നട പോലും അസാധ്യമായ പാതയുടെ പുനരുദ്ധാരണത്തിനായി അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതി. പാത ഗതാഗതയോഗ്യമാക്കി ഇതുവഴി ബസ് സര്‍വിസ് ആരംഭിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം പഞ്ചായത്ത്, കൊല്ലം ജില്ലയിലെ പട്ടാഴി വടക്കേക്കര പഞ്ചായത്ത്, പട്ടാഴി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡാണിത്. ഇളമണ്ണൂര്‍ മുതല്‍ കിന്‍ഫ്ര ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് വരെയുള്ള 300 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തിട്ടുണ്ട്. തുടര്‍ന്നുള്ള ഭാഗമാണ് പൂര്‍ണമായും തകര്‍ന്ന് കിടക്കുന്നത്. സമീപത്തെ പാറമടകളില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പറുകളാണ് പാതയുടെ തകര്‍ച്ചക്ക് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രാഥമികാരോഗ്യകേന്ദ്രം, പൊതുമാര്‍ക്കറ്റ്‌, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവയിലേക്കുള്ള ആളുകള്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. കൊട്ടാരക്കര, കുന്നിക്കോട് തുടങ്ങിയ ടൗണുകളിലേക്ക് ആളുകള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാനും ഈ പാത ഉപകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.