ജലനിരപ്പ് ഉയർന്നു; തെന്മല ഡാം ഇന്നു തുറന്നേക്കും

പുനലൂർ: തെന്മല പരപ്പാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാൽ ഷട്ടറുകൾ വെള്ളിയാഴ്ച തുറക്കാൻ സാധ്യത. വ്യാഴാഴ്ച വൈകീട്ട് ജലനിരപ്പ് 111.50 മീറ്ററാണ്​. 116.78 മീറ്ററാണ്​ പരമാവധി സംഭരണശേഷി. ഡാം പ്രദേശത്ത് വ്യാഴാ​ഴ്​ച മഴ ദുർബലമായിരുന്നു. വെള്ളിയാഴ്ചത്തെ മഴയുടെ അളവുകൂടി പരിഗണിച്ച് ഉച്ചക്ക് 12ന് ഷട്ടർ തുറക്കാനാണ് തീരുമാനം. സ്പിൽവേയിലെ മൂന്നു ഷട്ടറുകളും അഞ്ച്​ സൻെറിമീറ്റർ വീതമാണ് ഉയർത്തി വെള്ളം കല്ലടയാറ്റിലൂടെ ഒഴുക്കുന്നത്. ഡാമിൻെറ വൃഷ്​ടിപ്രദേശം ഉൾപ്പെടുന്ന ശെന്തുരുണി-പൊന്മുടി വനമേഖലയിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴ തുടരുകയാണ്. അപകടനിലയിലേക്ക് വെള്ളം സംഭരണമായില്ലെങ്കിലും അടുത്ത തുലാവർഷ മഴകൂടി കണക്കിലെടുത്താണ് വെള്ളിയാഴ്​ച ഷട്ടർ തുറക്കുന്നത്. കാലവർഷം ആരംഭിച്ചതു മുതൽ ഡാമിലെ വെള്ളം ക്രമീകരിച്ചതിനാൽ ഇതുവരേക്കും ആശങ്കക്ക് ഇടയായിട്ടില്ല. രണ്ടു ജനറേറ്ററുകളിൽ ഒരെണ്ണം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്. ആറ്റിൽ കൂടുതൽ വെള്ളം ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കെ.ഐ.പി അധികൃതർ മുന്നറിയിപ്പു നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.