വാര്‍ഡ് തലത്തില്‍ പ്രതിരോധം ശക്തമാക്കണം - മന്ത്രി ജെ. മേഴ്സിക്കു​ട്ടിയമ്മ

കൊല്ലം: കോവിഡ് വ്യാപനം തടയാന്‍ വാര്‍ഡ് തലത്തില്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കുകയാണ് ഏക പോംവഴിയെന്ന്​ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. ഒരു മണ്ഡലത്തില്‍ ഒരു കോവിഡ് ചികിത്സാകേന്ദ്രം ഉറപ്പാക്കണമെന്ന് മന്ത്രി കെ. രാജുവും പറഞ്ഞു. ജില്ലതലത്തില്‍ നടന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. രോഗബാധയുണ്ടായ പള്ളിത്തോട്ടം മേഖലയില്‍ ക്ലസ്​റ്റര്‍ ഗ്രൂപ് പ്രവര്‍ത്തനം ശക്തമാക്കുകവഴി രോഗബാധ തടയാനായതായി സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്‍ പറഞ്ഞു. ചാത്തന്നൂര്‍, പരവൂര്‍ ഭാഗങ്ങളിൽ രോഗബാധ തടയാനായതും വിവരിച്ചു. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ പരിശോധനക്ക് വന്നവര്‍ കറങ്ങിനടന്ന് രോഗവ്യാപനം ഉണ്ടായത് ജില്ല പൊലീസ് മേധാവി ഹരിശങ്കര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 85 ശതമാനത്തോളം ക്ലസ്​റ്റര്‍ ഗ്രൂപ്പുകള്‍ രൂപവത്​കരിച്ച്​ പ്രവര്‍ത്തനം നടക്കുന്നതായി കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് സ്​റ്റേഷനുകള്‍ കേന്ദ്രീകരിച്ച്​ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി കെ. രാജു നിര്‍ദേശിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റുന്നതിന് വനം വകുപ്പിൻെറ അനുവാദം ആവശ്യമില്ലെന്നും മുറിച്ചശേഷം ലേലം ചെയ്യുന്നതിന് അനുമതി വേണമെന്നും മന്ത്രി അറിയിച്ചു. അന്തർസംസ്ഥാന തൊഴിലാളികള്‍ മടങ്ങിപ്പോയവരില്‍ 379 പേര്‍ തിരികെയെത്തിയതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. നാട്ടില്‍പോകാതെ ജില്ലയില്‍ തങ്ങിയത് 7834 പേരാണ്. ട്രെയിനില്‍ എറണാകുളത്ത്​ എത്തിയശേഷം ജില്ലയിലേക്ക് വരുന്ന തൊഴിലാളികള്‍ രജിസ്​റ്റര്‍ ചെയ്യാതെ പോകരുതെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. കോവിഡ് രോഗികളെ കഴിവതും അതത് സ്ഥലങ്ങളിലെ പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍തന്നെ ചികിത്സിക്കാന്‍ നടപടി വേണമെന്ന് എം.എൽ.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, ആര്‍. രാമചന്ദ്രന്‍, പി. അയിഷാ പോറ്റി, ജി.എസ്. ജയലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ മൂന്ന്​ സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ആര്‍. സന്ധ്യ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.