നഗരസഭ ഏഴുനില ഷോപ്പിങ് കോംപ്ലക്സ്; രണ്ടാംഘട്ടം നവീകരണ നടപടിയായി

(ചിത്രം) പുനലൂർ: ഒരുവർഷമായി മുടങ്ങിക്കിടന്ന കെ.എസ്.ആർ.ടി.സി ജങ്ഷനിലെ നഗരസഭ ഏഴുനില ഷോപ്പിങ് കോംപ്ലക്സ് രണ്ടാംഘട്ട നവീകരണം ഉടൻ ആരംഭിക്കും. ആദ്യഘട്ട നവീകരണം നടത്തിയ ഇനത്തിൽ കരാറുകാരന് നൽകാനുള്ള 75 ലക്ഷം രൂപ പ്ലാൻഫണ്ടിൽ നിന്ന്​ കൊടുക്കാൻ നഗരസഭ പണം കണ്ടെത്തിക്കഴിഞ്ഞു. രണ്ടാം ഘട്ടിൽ 20 ലക്ഷം രൂപയുടെ നവീകരണം നടത്താനാണ് തീരുമാനം. ലിഫ്റ്റ് സ്ഥാപിക്കാനുള്ള സൗകര്യങ്ങളടക്കം പൂർത്തിയാക്കും. ശേഷിക്കുന്ന വയറിങ്, പ്ലംബിങ്, ഫ്ലോറിങ്, ഫയർ പ്രൊട്ടക്​ഷൻ ഒരുക്കൽ തുടങ്ങിയവക്ക് ഇനിയും കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ഇതിനുള്ള തുക അടിയന്തരമായി കണ്ടെത്തി നവീകരണം വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെട്ടിടത്തിൻെറ കാലപ്പഴക്കം കാരണം മൂന്നുവർഷം മുമ്പാണ് നവീകരണം തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച് 3.96 കോടി രൂപ അടങ്കൽ നൽകിയായിരുന്നു പണി തുടങ്ങിയത്. നിർമാണപ്രവർത്തനങ്ങളുടെ സൗകര്യാർഥം ഈ കെട്ടിടത്തിലുണ്ടായിരുന്ന സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങിയവ നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇതോടെ വാടക ഇനത്തിൽ ലഭിച്ചുകൊണ്ടിരുന്ന വൻതുക മുടങ്ങിയതോടെ നഗരസഭയിൽ സാമ്പത്തികപ്രതിസന്ധിയും സംജാതമായി. ഷോപ്പിങ് കോംപ്ലക്സ് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാത്തത് ഇവിടെ വ്യാപാരം നടത്തിയിരുന്ന നിരവധി കച്ചവടക്കാരെയും ബുദ്ധിമുട്ടിച്ചു. ആദ്യഘട്ട നവീകരണം കരാർ എടുത്തയാൾക്ക് തന്നെയാണ് രണ്ടാംഘട്ട പണികളും നടക്കുന്നത്. അടുത്തയാഴ്ചയോടെ നിർമാണം പുനരാരംഭിക്കുമെന്ന് ചെയർമാൻ കെ.എ. ലത്തീഫ് പറഞ്ഞു. പ്രതിഷേധയോഗവും ധര്‍ണയും പുനലൂർ: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും പിടിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കേരള എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ പട്ടണത്തിൽ പ്രതിഷേധ പ്രകടനവും മിനിസിവിൽ സ്​റ്റേഷനുമുന്നിൽ ധർണയും നടത്തി. ജില്ല വൈസ് പ്രസിഡൻറ് അനിൽ ബാബു അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ടി.എം. ഫിറോസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ.എ ജില്ല വൈസ് പ്രസിഡൻറ് ബിനു കോട്ടാത്തല, എച്ച്. നിസാം, സത്യൻ, രതീഷ് എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികൾ ധർണ നടത്തി (ചിത്രം) പുനലൂർ: അനുബന്ധ മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ പുനലൂർ മത്സ്യമാർക്കറ്റിൽ പ്രതിഷേധ ധർണ നടത്തി. സൈക്കിളിലും ബൈക്കിലും മത്സ്യവ്യാപാരം നടത്തുന്നവരെ പൊലീസും മോട്ടോർ വാഹന വകുപ്പും പിടിച്ചുനിർത്തി പിഴ ഈടാക്കുന്നതിന് എതിരെയായിരുന്നു ധർണ. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹനൻ ഉദ്ഘാടനം ചെയ്തു. ടൈറ്റസ് സെബാസ്​റ്റ്യൻ അധ്യക്ഷത വഹിച്ചു. പീരുമുഹമ്മദ്, എസ്. സജി, ലാലു എന്നിവർ സംസാരിച്ചു. പദ്ധതിവിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം പുനലൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സർക്കാർ വെട്ടിക്കുറച്ചതിനെതിരെ പുനലൂർ നഗരസഭക്ക്​ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധ സമരം നടത്തി. യു.ഡി.എഫ് പാർലമൻെററി പാർട്ടി ലീഡർ നെൽസൺ സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു. പ്ലാൻഫണ്ടും ഫിനാൻസ് കമീഷൻ ഗ്രാൻറും അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി ലീഡർ ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സുരേന്ദ്രനാഥ തിലകൻ, വിളയിൽ സഫീർ, അബ്​ദുൽറഹിം, സാറാമ്മ തോമസ്, കെ. കനകമ്മ, താജുന്നിസ, യമുന, ജാൻസി, സിന്ധു ഉദയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.