ചവറ: മുന്നണികളെ വെട്ടിലാക്കി അപ്രതീക്ഷിത പ്രഖ്യാപനം

കൊല്ലം: ഉണ്ടാവില്ലെന്ന്​ ഉറപ്പിച്ചിരുന്ന, ചവറ ഉപതെരഞ്ഞെടുപ്പ്​ വരുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം വെട്ടിലാക്കിയത്​ ഇരുമുന്നണികളെയും ഒരുപോലെ. മാർച്ച്​ ആദ്യമാണ്​ എൽ.ഡി.എഫിൽനിന്നുള്ള​ എം.എല്‍.എ എൻ. വിജയൻപിള്ള നിര്യാതനായത്​. നിയമസഭയുടെ കാലാവധി അവസാനിക്കാൻ അന്ന്​ ഒരു വർഷത്തിലേറെയുള്ളതുകൊണ്ട്​, ഉപതെരഞ്ഞെടുപ്പ്​ ഉറപ്പിച്ചിരുന്നു. ഇരു മുന്നണികളും അതിനുള്ള ആലോചനകളും ആരംഭിച്ചു. എന്നാൽ, കോവിഡ്​ ഭീഷണി വ്യാപകമാവുകയും ലോക്​​ഡൗൺ ഉൾ​െപ്പടെ നിയന്ത്രണങ്ങൾ വരുകയും ചെയ്​തതോടെ തെരഞ്ഞെടുപ്പ്​ ഉണ്ടാവില്ലെന്ന ധാരണ ഉയർന്നു. ഇത്തരത്തിലുള്ള സൂചന മുഖ്യതെരഞ്ഞെടുപ്പ്​ ഒാഫിസർ ടിക്കാറാം മീണ നൽകുകയുമുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പി​ൻെറ ​തൊട്ടുമുമ്പ്​ വരുന്ന തെരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ ഭാവിയെ സ്വാധീനിക്കുമെന്നതും ഭാരിച്ച​ ചെലവും കാരണം ഉപതെരഞ്ഞെടുപ്പ്​ ഒഴിവായിക്കിട്ടാൻ ആഗ്രഹിച്ച മുന്നണികൾക്ക്​ ആശ്വാസമായിരുന്നു ഇൗ സൂചനകൾ. അതിനാൽ ഉപതെരഞ്ഞെടുപ്പ്​ തങ്ങളുടെ അജണ്ടയിൽനിന്ന്​ അവർ മാറ്റിവെച്ചു. തദ്ദേശതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കെയാണ്​ നവംബറിൽ ഉപതെരഞ്ഞെടുപ്പ്​ നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻ തീരുമാനിച്ചത്​. 'വര​െട്ട, നേരിടാം' എന്ന​ ആത്മവിശ്വാസം എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും പരസ്യമായി പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അഞ്ചുമാസം മാത്രം കാലാവധിക്കായി നടത്തുന്ന തെരഞ്ഞെടുപ്പ്​ എങ്ങനെയെങ്കിലും ഒഴിവായിക്കിട്ടണമെന്ന ആഗ്രഹത്തിലാണ്​ എല്ലാവരും. തെരഞ്ഞെടുപ്പ്​ നടന്നാൽ ആർ.എസ്​.പിയുടെ ശക്തികേന്ദ്രമായ ചവറയിൽ മുൻമന്ത്രി ഷിബു ബേബിജോൺ തന്നെയാകും യു.ഡി.എഫ്​ സ്ഥാനാർഥി. കഴിഞ്ഞതവണ ഷിബുവിനെയാണ്​ വിജയൻപിള്ള പരാജയപ്പെടുത്തിയത്​. മറ്റ്​ പേരുകൾക്കൊപ്പം വിജയൻപിള്ളയുടെ മകൻ ഡോ. സുജിത്തി​ൻെറ പേരും എൽ.ഡി.എഫ്​ പരിഗണനയിലുണ്ട്​. പ്രമുഖ വ്യവസായി കൂടിയായിരുന്ന വിജയൻപിള്ള സി.എം.പിക്ക് (അരവിന്ദാക്ഷൻ വിഭാഗം) ലഭിച്ച സീറ്റിൽ ഇടത് സ്വതന്ത്രനായി മത്സരിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്​. പിന്നീട്​ സി.എം.പി സി.പി.എമ്മിൽ ലയിച്ചതോടെ വിജയൻപിള്ള സി.പി.എം പ്രതിനിധിയായി. ചവറ മണ്ഡലം രൂപവത്​കരിച്ചശേഷം ആദ്യമായി വിജയിച്ച ആർ.എസ്‌.പി ഇതര നേതാവ് കൂടിയായിരുന്നു അദ്ദേഹം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.