വനാതിർത്തിയിൽ യുവാവിനെ കാണാതായ സംഭവം: സമാനകേസുകളുമായി ബന്ധപ്പെടുത്തി അന്വേഷണം

പത്തനാപുരം: വനാതിര്‍ത്തിയില്‍നിന്ന് കാണാതായ യുവാവിനെപറ്റിയുള്ള അന്വേഷണം സമാനമായ മറ്റ് സംഭവങ്ങളുമായി ബന്ധപ്പെടുത്തി അന്വേഷിക്കും. ജൂണിൽ കാണാതായ കുറവന്‍താവളം അമ്പതേക്കര്‍ നാഗമല എസ്​റ്റേറ്റ് ലയത്തിലെ താമസക്കാരിയായ അമ്മിണിയെ (72) പറ്റിയുള്ള അന്വേഷണത്തിനും പൊലീസിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഇൗ രണ്ട് കേസുകളും സമാനരീതിയിലുള്ളതാണ്‌. പിറവന്തൂര്‍ കടശ്ശേരി മുക്കലംപാട് തെക്കേക്കര ലതികവിലാസത്തില്‍ രാഹുലിനെയാണ് (18) കഴിഞ്ഞ 19ന് കാണാതായത്. രാവിലെ മാതാവ് ലതിക വിളിക്കാനെത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന് വിവരം അറിയുന്നത്. തുടര്‍ന്ന് വനംവകുപ്പും പൊലീസും സംയുക്തമായി വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തി. സംഭവത്തില്‍ മാതാപിതാക്കള്‍ അടക്കം നിരവധി പേരെ ചോദ്യംചെയ്യുകയും ചെയ്തു. രണ്ടാഴ്ച പിന്നിട്ടിട്ടും ഒരുതെളിവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ജൂൺ 15ന്​ ഉച്ചക്കാണ് വീടിന് സമീപത്തെ ലയത്തിൽനിന്ന് അമ്പതേക്കര്‍ സ്വദേശിയായ അമ്മിണിയെ കാണാതാകുന്നത്. മകൾ സാറാമ്മ​െക്കാപ്പമായിരുന്നു താമസിച്ചിരുന്നത്. പഴയ ലയത്തിലേക്ക് അമ്മിണി കേറിപ്പോകുന്നതാണ് അവസാനമായി ആളുകൾ കണ്ടത്. അരമണിക്കൂറായിട്ടും കാണാതായതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഹാരിസണ്‍ നാഗമല എസ്​റ്റേറ്റിൽ മുന്‍ ജീവനക്കാരിയായിരുന്നു അമ്മിണി. തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. കറവൂർ ബീറ്റ് ഫോറസ്​റ്റ് ഉൾപ്പെടുന്ന വനാതിർത്തിയിലാണ് അമ്മിണിയും കുടുംബവും താമസിച്ചിരുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ വനംവകുപ്പും പൊലീസും സംയുക്തമായി വനത്തിനുള്ളിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ നിരവധി തവണ പരിശോധന നടത്തിയെങ്കിലും അമ്മിണിയുടെ തിരോധാനത്തെപ്പറ്റി ഒരുതെളിവും ലഭിച്ചിട്ടില്ല. രണ്ട് പേരും വനാതിര്‍ത്തിയിലെ താമസക്കാരാണ്. പൊലീസിന് കാര്യമായ തെളിവൊന്നും അവശേഷിപ്പിക്കാതെയുള്ള തിരോധാനമാണ്‌ രണ്ടും. ഇതിനാല്‍ തന്നെ ഇവ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നും അന്വേഷണസംഘം സംശയിക്കുന്നു. രണ്ട് സംഭവങ്ങളിലും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യവും ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.