അകലമരികിലാക്കി ഓണപ്പാച്ചിലിൽ നാടാകെ

കൊല്ലം: സാമൂഹിക അകലത്തിൽ ഓണവിഭവങ്ങളെത്തിക്കാൻ തിരക്കിട്ട് നാടും നഗരവും. കോവിഡ് കാലത്തെ നിശ്ചലാവസ്ഥയിൽനിന്ന് പതിയെ ജീവിതങ്ങൾ അതിജീവിക്കാൻ തുടങ്ങുന്നതാണ് നാടും നഗരവും കാണുന്ന ഓണക്കാഴ്ച. എല്ലാ വിപണിയും ഓണത്തെ വരവേൽക്കാനായി ഉണർന്നിട്ടുണ്ട്. നിയന്ത്രണങ്ങളിൽ വീർപ്പുമുട്ടിയ നഗരവീഥികൾ ഇപ്പോൾ തിരക്കിലാണ്. കാര്യമായ ലാഭം പ്രതീക്ഷിക്കുന്നില്ലെങ്കിലും പിടിച്ചുനിൽക്കാനുള്ള കച്ചവടം കിട്ടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. തിരക്കിനെ സാമൂഹിക അകലത്തിൽനിർത്തിയാണ് ഇക്കുറി ഓണമെത്തുന്നത്. നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുരക്ഷയൊരുക്കുന്നുണ്ട്. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ, വഴിയോര വിപണികൾ, ഭക്ഷ്യവസ്തുക്കളുടെ വിൽപനശാലകൾ, ഇലക്ട്രോണിക്സ് എന്നിങ്ങനെ വിവിധ മേഖലകൾ ഓണവിപണിയിൽ സജീവമാണ്. നഗരത്തിൽ തിരക്ക് വർധിച്ചതിനെത്തുടർന്ന് കോവിഡ് സാമൂഹികവ്യാപനം നിയന്ത്രിക്കുന്നതിനായി നഗരത്തിലും പരിസരപ്രദേശങ്ങളിലും കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പൊതുസ്​ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാനും വിവാഹസ്​ഥലങ്ങൾ, മത്സ്യ, പച്ചക്കറി മാർക്കറ്റുകൾ, ബസ്​സ്​റ്റാൻഡ്, ആശുപത്രികൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പുവരുത്താനും ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേക പൊലീസ്​ പരിശോധനയും ഏർപ്പെടുത്തി. പൊതുസ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങൾക്കുള്ളിലും മാസ്​ക് ധരിക്കേണ്ടണ്ടതും വ്യാപാര സ്​ഥാപനങ്ങളിൽ ശുചീകരണ സംവിധാനങ്ങൾ ഒരുക്കി സാമൂഹിക അകലം പാലിച്ച് നിയന്ത്രിത എണ്ണം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. നിർദേശങ്ങൾ ലംഘിച്ച് നിയന്ത്രണങ്ങൾക്ക് വിരുദ്ധമായി ആൾക്കൂട്ടം സൃഷ്​ടിക്കുന്ന വ്യാപാര സ്​ഥാപനയുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിപണിക്കുണ്ടായ ഉണർവ് പ്രതീക്ഷ നൽകുന്നതായി വ്യാപാരികൾ പറഞ്ഞു. --------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.