കുരിയോട്ടുമല ഫാം ടൂറിസം ഉദ്ഘാടനം ജൂണിൽ

(ചിത്രം) കൊല്ലം: ജില്ല പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തിൽ കുരിയോട്ടുമല ഗവ. ഹൈടെക് ​െഡയറിഫാം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ജൂണിൽ നടക്കുമെന്ന് പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ. ജില്ല പഞ്ചായത്ത് യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. കോയിവിള അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്​കൂളിൽ പുതുതായി പണികഴിപ്പിച്ച യു.പി ബ്ലോക്കിന് അന്തരിച്ച മുൻ എം.എൽ.എ എൻ. വിജയൻപിള്ളയുടെ പേര് നൽകുന്നതിനും യോഗത്തിൽ തീരുമാനമായി. ജില്ല പഞ്ചായത്ത് പെരിനാട് ഹയർ സെക്കൻഡറി സ്​കൂളിൽ ആരംഭിച്ച ബോക്സിങ് അക്കാദമിയിലെ പരിശീലനത്തിലൂടെ സംസ്ഥാന സബ്ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡൽ ജേതാക്കളായ ഹരികൃഷ്ണൻ, മുഹമ്മദ് മുഹ്സിൻ, വർഷ പ്രസാദ് എന്നീ വിദ്യാർഥികളെ യോഗത്തിൽ അനുമോദിച്ചു. ഫാമുകളിലും ഘടക സ്ഥാപനങ്ങളിലും ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി ജില്ല പഞ്ചായത്തിന്‍റെ മുൻവശത്തുള്ള കടമുറികളിൽ വിപണനകേന്ദ്രം ആരംഭിക്കും. ജില്ലതല സ്​കൂൾ പ്രവേശനോത്സവം ശതാബ്ദി ആഘോഷിക്കുന്ന മുട്ടറ ഗവ. ഹയർസെക്കൻഡറി സ്​കൂളിൽ നടത്തും. ആയൂർ തോട്ടത്തറ ഹാച്ചറി യൂനിറ്റിൽ ഉൽപാദിപ്പിക്കുന്ന മുട്ടകൾ പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിന് ഹാച്ചറി യൂനിറ്റ് കോംപ്ലക്സിൽ ന്യായവില സ്റ്റോർ ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കും. ഗ്രാമീണകുളങ്ങളുടെ നവീകരണം നടപ്പാക്കുന്ന സുജലം പദ്ധതിയിൽ ഗുരുതരമായ കാലതാമസം നേരിടുന്നതായി യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സി.പി. സുധീഷ്​കുമാർ, എസ്​. സെൽവി., ഡോ. കെ. ഷാജി, ആർ. രശ്മി, ഷൈൻകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.