തിരുവോണനാളിലെ കൂട്ടക്കൊല

1982 സെപ്റ്റംബര്‍, ടി. ദാമോദരന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമ ‘ഈനാട്’ കാണാന്‍ ഞാറക്കല്‍ കാളിദാസയിലേക്ക് ആളുകള്‍ ഒഴുകിയെത്തുന്ന കാലം. മുഴുനീള രാഷ്ട്രീയ കഥ പറഞ്ഞ സിനിമ അവസാനിക്കുന്നത് വലിയൊരു വിഷമദ്യ ദുരന്തത്തിലും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിലുമാണ്. സിനിമയിലെ ഹൃദയഭേദകമായ രംഗങ്ങള്‍ വൈപ്പിന്‍ ജനതയുടെ ജീവിതത്തോട് താദാത്മ്യപ്പെടാന്‍ നേരം ഒന്നിരുട്ടി വെളുക്കേണ്ടതേ വന്നുള്ളൂ... അത് ഞെട്ടിക്കുന്ന യാദൃച്ഛികത! 78 പേരുടെ ജീവന്‍ അപഹരിച്ച, 68പേരുടെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിട്ട, 15 ജീവിതങ്ങളെ തളര്‍ത്തിയിട്ട, ഒറ്റ ദിവസം കൊണ്ട് 650 ഓളം കുടുംബങ്ങളെ കൊടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിച്ച കേരളചരിത്രത്തിലെ ഏറ്റവും വലിയ വിഷമദ്യ ദുരന്തം നടന്നിട്ട് 40 വര്‍ഷം പിന്നിടുന്നു.

അവിട്ടദിനം കൺ തുറന്നത് മഹാദുരന്തത്തിലേക്ക്

ആളുകള്‍ തിങ്ങിനിറഞ്ഞ ഞാറക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ത്രീകളും കുട്ടികളുമടക്കം അലമുറയിട്ടു കരയുന്നു. എറണാകുളത്തെ ജില്ല ആശുപത്രിയിലേക്കും. പറവൂര്‍, ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലേക്കും തളര്‍ന്നുവീണ ശരീരങ്ങളെ മാറ്റുന്നതിനുള്ള തിരക്കിട്ട നീക്കങ്ങള്‍. അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നും ഡോക്ടര്‍മാരുടെ സംഘമെത്തി. മൂവായിരത്തോളം ആളുകളെ പരിശോധനക്ക് വിധേയമാക്കി. 700 പേരെ ആശുപത്രിയില്‍ ചികിത്സിച്ചു. വയറുവേദന, ഓക്കാനം, ഛർദി, മന്ദത,ബോധക്കുറവ്, വിറയല്‍ തുടങ്ങി എല്ലാവര്‍ക്കും ഒരേ ലക്ഷണങ്ങള്‍. ഉത്സവലഹരിയില്‍ നിന്നും നാട് അടിമുടി വിറച്ചു. വൈകാതെ പരിശോധനഫലം പുറത്തുവന്നു. ‘വ്യാവസായികാവശ്യത്തിനുപയോഗിക്കുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ (മെഥനോള്‍)മദ്യത്തില്‍ കലര്‍ന്നുണ്ടായ വിഷബാധ’. പിന്നെ താമസിച്ചില്ല. വൈപ്പിനിലെ സാമൂഹ്യക്ഷേമപ്രവര്‍ത്തകൻ സർവോദയം കുര്യന്‍ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച മൈക്കിലൂടെ നാടൊട്ടുക്കും അലറിവിളിച്ചു പറഞ്ഞു ‘വൈപ്പിന്‍കരയിലെ സര്‍ക്കാര്‍ ലൈസന്‍സി ചാരായ ഷോപ്പുകളില്‍ നിന്നും മദ്യപിച്ചവരെല്ലാം അടിയന്തരമായി ഡോക്ടറെ കാണുക. വിഷമദ്യമാണ് ഇപ്പോള്‍ നടക്കുന്ന മരണങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണം’. അതോടുകൂടി നാടിന്റെ ചിത്രം മാറി. ആംബുലന്‍സുകള്‍ വൈപ്പിനിലെ റോഡുകളിലൂടെ ചീറിപ്പാഞ്ഞു. ഉറ്റവരുടെ മുന്നില്‍ പലരും പിടഞ്ഞുവീണു മരിക്കുന്ന അതിദാരുണ കാഴ്ച. പോസ്റ്റുമോര്‍ട്ടം കൂടാതെതന്നെ പലയിടത്തും മനുഷ്യര്‍ പട്ടടയില്‍ എരിഞ്ഞമര്‍ന്നു. വീടുകളിലും പൊതു ഇടങ്ങളിലും വീണ്ടും കൂട്ടനിലവിളി ഉയര്‍ത്തിയ ഭീകരാന്തരീക്ഷം.

നടേശൻ

മറുമരുന്നിനായുള്ള പരക്കം പാച്ചില്‍

ചാരായം കുടിച്ചവര്‍ കരിക്കിന്‍ വെള്ളമോ, കള്ളോ, ബ്രാന്‍ഡിയോ കുടിക്കണമെന്ന് ആശുപത്രിയില്‍ നിന്നുംമറ്റും നിര്‍ദേശംവന്നു. മറുമരുന്നിനായി ആളുകള്‍ പരക്കംപാഞ്ഞു. മറ്റൊരു പ്രതിവിധി എഥനോള്‍ കുത്തിവെപ്പായിരുന്നു. അവിടെയും ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റിയായി. കുത്തിവെപ്പെടുത്തവരില്‍ പലര്‍ക്കും കൈകാലുകള്‍ തളരുന്ന അവസ്ഥ. തിരുവോണത്തലേന്ന് മുതൽ ആളുകൾ മരണപ്പെടുന്ന അവസ്ഥ ഉണ്ടായെങ്കിലും സെപ്റ്റംബർ മൂന്നിന് അവിട്ടം ദിനത്തിലാണ് മരണകാരണം വ്യക്തമാകുന്നത്. മരണപ്പെട്ടവരിൽ ഭൂരിഭാഗം പേരെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ സംസ്‌കരിച്ചിരുന്നു. അല്ലായിരുന്നെങ്കിൽ സര്‍ക്കാര്‍ കണക്കിലെ മരണസംഖ്യ ഉയരുമായിരുന്നെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഞാറക്കല്‍, മാലിപ്പുറം, എളങ്കുന്നപ്പുഴ, പുതുവൈപ്പ്, നായരമ്പലം,എടവനക്കാട്, അയ്യമ്പിള്ളി എന്നിവിടങ്ങളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഇരയാക്കപ്പെട്ടവരില്‍ ഏറെയും മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാര്‍.

വില്ലനായത് മീഥൈല്‍ ആല്‍ക്കഹോള്‍

തെങ്ങിന്റെ കൂമ്പ് ചെത്തുമ്പോള്‍ അതില്‍നിന്നും ഇറ്റുവീഴുന്ന തേന്‍ നിറമുള്ള ദ്രാവകമാണ് സാക്ഷാല്‍ കള്ള്. ’70-80കളില്‍ വൈപ്പിന്‍ മേഖലയില്‍ ശരാശരി ഒരു ദിവസം ചെത്തിയിരുന്ന കള്ളിന്റെ അളവ് 35, 37 ലിറ്റർ. ആ കണക്കില്‍ ഒരു ഷാപ്പില്‍ 100 പേര്‍ക്ക് വിളമ്പാന്‍ പോലും കള്ള് തികയില്ല. എന്നിട്ടും ഷാപ്പുകളില്‍ നൂറ്റമ്പതിലധികം പേര്‍ക്കുവരെ ഒരു ദിവസം കള്ള് ലഭിക്കുമായിരുന്നു. ആ കുറുക്കുവഴി നിയമപാലകര്‍ക്കുള്‍പ്പെടെ അറിയാവുന്ന പരസ്യമായ രഹസ്യം.

മദ്യത്തില്‍ വീര്യംകൂട്ടാന്‍ ആല്‍ക്കഹോള്‍ ഗണത്തില്‍പ്പെടുന്ന മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുക. സാധാരണ വ്യാവസായിക ആവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന ദ്രാവകം. മനുഷ്യശരീരത്തില്‍ 30 മില്ലിലിറ്റര്‍ മുതല്‍ അത് വിഷബാധക്ക് കാരണമാകും. 18 കി.മീ ചുറ്റളവില്‍ ഇരുപതോളം ചാരായ ഷാപ്പുകളിലാണ് കൂടിയ അളവില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്ന മദ്യം കരാറുകാരായ എം.ടി. ചന്ദ്രസേനന്‍, കെ.കെ. വിജയന്‍, എം.പി. അഗസ്റ്റിൻ (കൊച്ചഗസ്തി ), എം.കെ. തമ്പാൻ (തിരുമുല്‍പ്പാട്) എന്നിവര്‍ വിതരണം ചെയ്തത്.

മരണം വന്ന വഴി

ഓണത്തിന് ദിവസങ്ങള്‍ക്കു മുമ്പാണ് അയല്‍ദ്വീപായ ഗോതുരുത്തിലെ അനധികൃത മദ്യശാലകള്‍ പൊലീസ് റെയ്ഡ് ചെയ്യുന്നത്. ഇതോടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ചാരായത്തിന് ആവശ്യക്കാര്‍ വര്‍ധിച്ചു. ആവശ്യം നിറവേറ്റാന്‍ കഴിയാതെ വന്നതോടെ കരാറുകാര്‍ ചാരായത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ചേത്ത് കച്ചവടം പൊടിപൊടിച്ചു. എന്നാല്‍ സെപ്റ്റംബര്‍ ഒന്ന് ഉത്രാടദിന രാത്രി നാല്‍വര്‍ സംഘത്തിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചിരുന്നു.

ജയില്‍ മോചിതനായി പുറത്തുവന്ന സഹായി സുകുമാരപിള്ള അന്ന് വെളിപ്പെടുത്തിയത് ഇങ്ങനെ -‘തലേ ദിവസം രാവിലെ മുതല്‍ എല്ലാവരും സാമാന്യത്തിലധികം മദ്യപിച്ചിരുന്നു. ഞാറക്കല്‍ കേന്ദ്രത്തിലാണ് നാലുപേരും ഒരുമിച്ചുകൂടിയിരുന്നത്. ചാരായ മിക്സിങ് ഏറ്റവും കൂടുതലായി നടന്നിരുന്നതും അവിടെത്തന്നെ. മദ്യത്തിന് വീര്യം കൂട്ടാന്‍ മീഥൈല്‍ ആല്‍ക്കഹോള്‍ ചേര്‍ക്കുന്ന പതിവുണ്ട്. മിക്സിങ് എല്ലാം കഴിഞ്ഞശേഷം തോട്ടില്‍ നിന്നും പരല്‍ മീനിനെയോ തവളയെയോ പിടിച്ച് ചാരായ ജാറിലേക്കിടും. അത് പിടഞ്ഞു ചത്താല്‍ പാകം കൃത്യം. ചത്തില്ലെങ്കില്‍ മെഥനോളിന്റെ അളവ് പോരെന്ന് അര്‍ഥം. 100 ഒഴിച്ചാല്‍ ആള്‍ ഫിറ്റാകുന്ന, അര മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും കുടിക്കാൻ തോന്നിപ്പിക്കുന്ന ചാരായത്തിന്റെ മിക്‌സിങ് രീതി ഇങ്ങനെയായിരുന്നു. അന്നു പക്ഷേ, അതിനൊന്നും അവര്‍ മുതിര്‍ന്നില്ല.’

പ്രതിക്കൂട്ടിലായത് സർക്കാർ

വൈപ്പിനിലെ അംഗീകൃത ചാരായഷാപ്പുകളിൽനിന്ന് മദ്യപിച്ചവരാണ് മരണപ്പെട്ടതെന്നത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. ദുരന്തപ്രദേശങ്ങൾ അന്നത്തെ മുഖ്യമന്ത്രി കരുണാകരനും പ്രതിപക്ഷനേതാവ് ഇ.കെ. നായനാരും സന്ദർശിച്ചു. ഗോതുരുത്തിൽ നടന്ന റെയ്ഡിന് ശേഷമുള്ള നിർണായക ദിവസങ്ങളിൽ വൈപ്പിനിലെ ഏറ്റവും വലിയ വില്ലേജായ ഞാറക്കൽ എക്സൈസ് റേഞ്ച് ഓഫിസിൽ രണ്ടോ മൂന്നോ എക്സൈസ് ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.

വാറ്റിയെടുത്ത വെള്ളത്തിനുപകരം മലിന ജലവും ചാരായത്തിൽ കലക്കിയതായി സ്ഥലം സന്ദർശിച്ച എക്സൈസ് മന്ത്രി എൻ. ശ്രീനിവാസൻ പറഞ്ഞു. സംഭവത്തിന് നേരിട്ടോ അല്ലാതെയോ പ്രദേശത്തെ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് റവന്യൂ ഉദ്യോഗസ്ഥരടക്കം എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചു.

ബാംഗ്ലൂരില്‍ നിന്നും ദക്ഷിണ കേരളത്തിലേക്ക് സ്പിരിറ്റ് എത്തിച്ചു കൊടുക്കുന്ന കേരളത്തിലെ ഏറ്റവും വലിയ അബ്കാരി മുതലാളിയായിരുന്നു എം.ടി. ചന്ദ്രസേനന്‍, കേരള കോൺഗ്രസിന്റെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗവും റവന്യൂ മന്ത്രിയുമായ പി.ജെ. ജോസഫിന്റെ അടുത്ത അനുയായിയും പാർട്ടിയുടെ പ്രധാന ഫണ്ട് ശേഖരണക്കാരിൽ ഒരാളുമായിരുന്നു പ്രമുഖ കരാറുകാരൻ കെ.പി. അഗസ്റ്റിൻ, എറണാകുളം ജില്ലയിലെ പ്രമാണിയും പേരുകേട്ട അബ്കാരി മുതലാളിയുമായ കെ.ജി. ഭാസ്കരന്റെ അനന്തരവനായിരുന്നു കെ.കെ. വിജയൻ. ഷാപ്പിന്റെ നടത്തിപ്പുകാരില്‍ പ്രധാനി തൃപ്പൂണിത്തുറ സ്വദേശിയായിരുന്ന തിരുമുല്‍പ്പാടായിരുന്നു.


കത്തിപ്പടര്‍ന്ന് യുവാക്കളുടെ പ്രതിഷേധം

ദുരന്തമുനമ്പില്‍ ചെറുപ്പക്കാര്‍ സംഘടിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ ദ്വീപുകളിലെ ചുമരുകളില്‍ പലയിടത്തും പച്ചിലകൊണ്ടെഴുതിയ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. ‘മദ്യക്കൊലയാളികളെ തൂക്കിലേറ്റുക’, അവരെ ഉന്മൂലനം ചെയ്യുക എന്നിങ്ങനെയൊക്കെയായിരുന്നു എഴുത്തുകൾ . കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അന്ന് വൈകീട്ട് വൈപ്പിനിലെ യുവത തങ്ങളുടെ എല്ലാ പ്രതികരണശേഷിയും ആവാഹിച്ചെടുത്ത് തെരുവിലിറങ്ങി പ്രതിഷേധിച്ചു. വളരെ കുറച്ചുപേര്‍ ചേര്‍ന്ന് ഞാറക്കലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം അല്‍പദൂരം പിന്നിട്ടപ്പോഴേക്കും നൂറുകണക്കിനാളുകളുടെ നീണ്ടനിരയായി മാറി. അബ്കാരി മുതലാളിമാര്‍ക്കെതിരെ അവര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചു. ആത്മരോഷം കൊണ്ടുതിളച്ച യുവാക്കള്‍ വഴിയില്‍ കണ്ട മുഴുവന്‍ ചാരായഷാപ്പുകളും തല്ലിത്തകര്‍ത്ത് അഗ്നിക്കിരയാക്കി. ഇരുനൂറ്റമ്പതോളം പേര്‍ ചേര്‍ന്ന് നായരമ്പലം വരെ ഇരുപത്തിമൂന്നോളം ഷാപ്പുകളാണ് തല്ലിത്തകര്‍ത്തത്. കെയ്സുകണക്കിന് മദ്യക്കുപ്പികള്‍ തലക്ക് ചുമന്നു കൊണ്ടുവന്ന് റോഡിലെറിഞ്ഞു പൊട്ടിച്ചു. വീതി കുറഞ്ഞ റോഡ് നിറയെ മദ്യക്കുപ്പികളുടെ കൂമ്പാരം. ഗതാഗത തടസ്സം നേരിട്ടതോടെ വാഹനങ്ങള്‍ പലവഴി തിരിച്ചു വിട്ടു. അബ്കാരി കോണ്‍ട്രാക്ടര്‍ കെ.കെ. വിജയന്റെ വെളിയത്താം പറമ്പിലെ വീട് തല്ലിപ്പൊളിക്കാനും ശ്രമം നടന്നു. തുടര്‍ന്ന് പറവൂര്‍ സര്‍ക്കിളില്‍ നിന്നും ഉദ്യോഗസ്ഥരെത്തി ലാത്തിച്ചാര്‍ജിന് ഓർഡറിടുകയായിരുന്നു.

ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെട്ട സമരം

പ്രതിഷേധിച്ചവര്‍ സംഘടിച്ച് ശക്തമായ സമരത്തെക്കുറിച്ച് ആലോചിച്ചു. അതിന്റെ ഭാഗമായി വീടുകള്‍തോറും കയറിയിറങ്ങി പ്രകടനക്കാര്‍ അഭിപ്രായം ശേഖരിച്ചു. എല്ലാവരും അബ്കാരി കോൺ​ട്രാക്ടറെ കൊല്ലണമെന്നാണ് എഴുതി നല്‍കിയത്. ജനരോഷം മറ്റിടങ്ങളിലേക്കും പടര്‍ന്നു. അടുത്ത ദിവസങ്ങളില്‍ ദ്വീപ് ജനത തങ്ങളുടെ പ്രതിഷേധാഗ്നിയുമായി തെരുവുകളെ പ്രകമ്പനം കൊള്ളിച്ചു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തിരിഞ്ഞു നിന്നപ്പോഴും പ്രതിഷേധങ്ങളെയൊക്കെ സമാഹരിച്ചുകൊണ്ട് സി.ആര്‍.സി, സി.പി.ഐ. (എം.എല്‍.) എന്ന അന്നത്തെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ‘വൈപ്പിന്‍ വിഷമദ്യ വിരുദ്ധ ബഹുജന സമിതി’ എന്ന സമരസംഘടന രൂപവത്കരിച്ചു. സ്ത്രീകളടക്കം നാല്‍പതോളംപേരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. നാലു ദിവസത്തിനകം തെക്കന്‍ മേഖലകളിലും സമിതി രൂപവത്കരിച്ചു.

സെപ്റ്റംബര്‍ 27 നായരമ്പലം ഭഗവതി വിലാസം സ്‌കൂള്‍ ഹാളില്‍ വെച്ച് രൂപംകൊണ്ട സംഘടന ‘വൈപ്പിന്‍ ഒരു ദുരന്തമല്ല കൂട്ടക്കൊലയാണെ’ന്ന് പ്രഖ്യാപിച്ചു. കൊലയാളികള്‍ക്കെതിരെ ബഹിഷ്‌ക്കരണം എന്ന മുദ്രാവാക്യം ഉയര്‍ത്തി. അതിന്റെ ഭാഗമായി അബ്കാരി കൊലയാളികളെ മാതൃകാപരമായ നിയമനടപടികള്‍ക്ക് വിധേയമാക്കി ശിക്ഷിക്കുക, അബ്കാരികളുടെ സ്വത്ത് കണ്ടുകെട്ടി വിഷമദ്യ ദുരിതബാധിതര്‍ക്ക് വിതരണം നടത്തുക' എന്നീ ആവശ്യങ്ങള്‍ സമിതി മുന്നോട്ടുവെച്ചു. എഴുന്നൂറോളംപേര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തി. അമിത ലാഭമുണ്ടാക്കുന്നതിനായി ദുഷ്ടലാക്കോടുകൂടി അബ്കാരി മുതലാളിമാര്‍ ചെയ്ത ക്രൂരതയായതുകൊണ്ടാണ് ഇതൊരു ദുരന്തമല്ല കൂട്ടക്കൊലയെന്ന് സമിതി വിശേഷിപ്പിച്ചതെന്നും വ്യക്തമാക്കി.

സമരസമിതിയുടെ പ്രസിഡന്റായിരുന്ന മണ്ഡലം മുഹമ്മദ്, കേസിലെ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട കൊച്ചഗസ്തിയുടെ നായരമ്പലം പഞ്ചായത്തിലെ നെടുങ്ങാട് ഉണ്ടായിരുന്ന നെല്‍വയലിന്റെ വരമ്പത്ത് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. ദിനേനയെന്നോണം സമരം കൂടുതല്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരുന്നു. പാടം കൊയ്യുന്നതില്‍ നിന്നും കൊയ്ത്തുകാര്‍ വിട്ടുനില്‍ക്കണമെന്ന സമരസമിതിയുടെ ആഹ്വാനം ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുത്തു നടപ്പാക്കി.സമരവുമായി മുന്നോട്ടു പോകാന്‍ ജനങ്ങള്‍ തീരുമാനിച്ചു. കുമ്പിളില്‍ അവര്‍ പൈസ പിരിച്ചു. നിരാഹാരം തുടങ്ങുന്നതിന്റെ തലേന്ന് നോട്ടീസ് വിതരണം ചെയ്തു. ആളുകളുടെ വൈകാരിക സമീപനം കൊണ്ട് 25,000 കോപ്പിയോളം അന്ന് നോട്ടീസ് അച്ചടിച്ചു. പല ദിക്കില്‍ നിന്നെത്തിയവര്‍ വൈപ്പിനില്‍ ക്യാമ്പ് ചെയ്തു. വലിയൊരു ജനകീയ മൂവ്മെന്റായി സമരം മാറി. വിദേശപത്രങ്ങളിലടക്കം ദുരന്തവും,തുടര്‍ന്നുണ്ടായ സമരവും സുപ്രധാന വാര്‍ത്തയായി. അബ്കാരി മുതലാളിമാരുടെ ഏജന്റുമാര്‍ സമരക്കാരെ പലവിധത്തിലും പ്രലോഭിപ്പിച്ചു സമരത്തിൽ നിന്നും പിൻമാറ്റാൻ ശ്രമിച്ചു.

നിയമലംഘന സമരം ഉദ്ഘാടനം ചെയ്ത് അഡ്വ. ഈശ്വരയ്യര്‍

വന്‍ പൊലീസ് സംരക്ഷണയില്‍ കൊച്ചഗസ്തിയുടെ പാടം കൊയ്യാന്‍ വൈപ്പിന്‍-പറവൂര്‍ മേഖലകള്‍ക്ക് പുറത്തുനിന്നും ആളുകളെത്തി. ഇതറിഞ്ഞ ജനങ്ങള്‍ സമരസമിതിയെ വിവരമറിയിച്ചു. ഞാറയ്ക്കല്‍ പള്ളിയുടെ പരിസരപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകളടക്കമുള്ള ജനങ്ങള്‍ സമിതിയുടെ നേതൃത്വത്തില്‍ പൊലീസ് സംരക്ഷണത്തില്‍ കൊയ്യാനെത്തിയവരെ തടഞ്ഞു പറഞ്ഞത് ഇങ്ങനെ.

-‘‘ഞങ്ങള്‍ക്ക് പാടം കൊയ്യാന്‍ അറിയാഞ്ഞിട്ടല്ല ഇതിങ്ങനെ കിടക്കുന്നത്. ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ, മക്കളെയൊക്കെ വിഷം കൊടുത്തു കൊന്നവന്റെ പാടം കൊയ്യാന്‍ ഞങ്ങള്‍ തയാറല്ല. അതിന് മറ്റാരും മുതിരുകയും വേണ്ട’’ എന്ന്. വന്നവര്‍ പാടത്തിറങ്ങി കൊയ്യാന്‍ കഴിയാതെ തിരിച്ചുപോയി.

മണ്ഡലം മുഹമ്മദിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. ഏഴാം ദിവസം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കാന്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. അദ്ദേഹവും സമരസമിതിയും അറസ്റ്റിന് വഴങ്ങിയില്ല. ഒമ്പതാം നാള്‍ മണ്ഡലം മുഹമ്മദിനെ ബലമായി അറസ്റ്റ് ചെയ്ത് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പൊലീസ് ബന്തവസ്സില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം ആശുപത്രിയില്‍ പൊലീസിന്റെ ഫോഴ്‌സ് ഫീഡിങ്ങിനെ എതിര്‍ത്തുകൊണ്ട് നിരാഹാരം തുടര്‍ന്നു. സമരപ്പന്തലില്‍ സമിതി എക്‌സിക്യൂട്ടിവ് അംഗവും കളമശ്ശേരി ഐ.ടി.ഐ വിദ്യാർഥിയുമായിരുന്ന പി.എസ്. രാജീവ് അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. രണ്ടുദിവസം പിന്നിട്ടപ്പോള്‍ സമിതിയുടെ യോഗം ചേര്‍ന്ന് നിയമം ലംഘിച്ച് പാടം കൊയ്യാനും, നെല്ല് വിഷമദ്യത്തിനിരയായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുവാനും തീരുമാനിച്ചു. രാജീവിന്റെ നിരാഹാരത്തിന്റെ നാലാം നാള്‍ നിയമ ലംഘനം പ്രഖ്യാപിച്ചു. നിയമ ലംഘനസമരം പ്രഖ്യാപിച്ചുകൊണ്ട് തലേന്നാള്‍ ഞാറക്കല്‍ ലേബര്‍ കോര്‍ണറില്‍ നടന്ന പൊതുയോഗം കേരള ഹൈകോടതിയിലെ സീനിയര്‍ ക്രിമിനല്‍ അഭിഭാഷകനായിരുന്ന, രാജന്‍ ഉരുട്ടിക്കൊല കേസ് വാദിച്ച അഡ്വ. ഈശ്വരയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുയോഗത്തിന് മൈക്ക് അനുവാദം നിഷേധിച്ചിരുന്നു. ‘അങ്ങേയറ്റം ക്രൂരമായ കൊലനടത്തിയതിനെതിരെ സമരം ചെയ്യുമ്പോള്‍ ജനകീയ ഐക്യത്തോടൊപ്പം അണിനിരക്കാനും, പ്രക്ഷോഭകാരികളായ നല്ല മനുഷ്യരോട് സംസാരിക്കാനും തനിക്ക് മൈക്കോ, സര്‍ക്കാറിന്റെ ഒത്താശയോ, ഔദാര്യമോ ആവശ്യമില്ല’ എന്നു പ്രഖ്യാപിച്ച് ഈശ്വരയ്യര്‍ പ്രസംഗം ആരംഭിച്ചു. അത് ജനങ്ങളെ കൂടുതൽ ആവേശഭരിതരാക്കി. സമരസമിതി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുക്കാന്‍ പൊലീസ് സര്‍വ സന്നാഹങ്ങളും ഒരുക്കി കാത്തിരുന്നു . എന്നാല്‍ ഒരു പ്രവര്‍ത്തകനെപ്പോലും പൊലീസിന് അന്ന് കസ്റ്റഡിയിലെടുക്കാനായില്ല.

ചോരയിൽ കുളിച്ച പകൽ

അടുത്ത പ്രഭാതം ഞാറയ്ക്കല്‍, നെടുങ്ങാട്, നായരമ്പലം നിവാസികളെ എതിരേറ്റത് തോക്കുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളും ലാത്തിയുമേന്തിയ നൂറ് കണക്കിന് റിസര്‍വ് പൊലീസുകാരാണ്. വെടിവെപ്പിനുള്ള സാധ്യത മുന്നില്‍ കണ്ട് ജില്ല മജിസ്‌ട്രേറ്റും നെടുങ്ങാട് ക്യാമ്പ് ചെയ്തിരുന്നു. സമരസമിതി വൈസ് പ്രസിഡന്റ് മഞ്ഞളിയില്‍ തോമസ് മാസ്റ്ററുടെ നേതൃത്വത്തില്‍ സമിതി സെക്രട്ടറി പി.എന്‍. സുകുമാരന്‍, ജോ.സെക്രട്ടറി പി.എസ്. രാജഗോപാലന്‍, സമിതി എക്‌സിക്യൂട്ടിവ് അംഗം കെ.ബി. ഗുഹന്‍ എന്നിവരടക്കമുള്ള നൂറുകണക്കിന് ആളുകള്‍ നിയമലംഘനത്തിനായി രാവിലെ ഒമ്പതോടെ പാടശേഖരത്തിനടുത്തെത്തി. നിരാഹര പന്തലില്‍ നിന്നും അരക്കിലോമീറ്ററിന് അകലെ വെച്ച് പൊലീസ് നിയമ ലംഘനസംഘത്തെ തടഞ്ഞു. നിരാഹാരിക്ക് അരിവാള്‍ നല്‍കി സമരം ഉദ്ഘാടനം ചെയ്യാന്‍ തയാറായ വയോധികയായ അമ്മു എന്ന തൊഴിലാളി സ്ത്രീയെ പൊലീസ് അവരുടെ വീട്ടില്‍ തടഞ്ഞുവെച്ചു. പൊലീസ് നടപടികള്‍ക്ക് മുമ്പുണ്ടാകേണ്ട നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ ജില്ല മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ പൊലീസ് മേധാവികളുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊലീസ് സമര പ്രവര്‍ത്തകര്‍ക്കുനേരെ മർദനം ആരംഭിച്ചു. അതിക്രൂരമായ അടിയേറ്റ് നിലത്തുവീണ പ്രവര്‍ത്തകരെ പൊലീസ് ചവിട്ടിയരച്ചു. കുറെയധികംപേര്‍ കടന്നാക്രമണങ്ങളില്‍ പതറാതെ ഉറച്ചുനിന്നു. ചിലര്‍ ചിതറി ഓടി.

സമരകേന്ദ്രത്തില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി പുഴക്ക് പടിഞ്ഞാറെ കരയില്‍ കൂടിനിന്ന പ്രവര്‍ത്തകര്‍ക്കെതിരെയും അതിക്രൂര മർദനം അരങ്ങേറി. സമിതി പ്രവര്‍ത്തകനായ രാജു തോമസിന്റെ തലയിലടിച്ച പൊലീസ് ലാത്തി രണ്ടായി ഒടിഞ്ഞു. രാജുവിന്റെ തല പൊളിഞ്ഞ് രക്തം ചീറ്റി. പിറ്റേ ദിവസം പത്രങ്ങളിലെ ഒന്നാം പേജ് പടമായിരുന്നു അത്.

കെ. വേണുഗോപാല്‍, അഡ്വ. എ.എക്‌സ്. വര്‍ഗീസ്, രവി എന്നിവരടക്കമുള്ള നിരവധി പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിച്ചതച്ചു. അക്ഷരാര്‍ഥത്തില്‍ പ്രദേശം ചോരക്കളമായി മാറി. നൂറുകണക്കിന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് 27 സമിതി പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനില്‍ കേസ് ചാര്‍ജ് ചെയ്ത് ജയിലിലടച്ചു. ഗുരുതര പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും സമരം അവസാനിച്ചില്ല. പിറ്റേ ദിവസം മുതല്‍ അയ്യായിരത്തോളം പൊലീസ് വൈപ്പിന്റെ വിവിധയിടങ്ങളില്‍ നിലയുറപ്പിച്ചു. രണ്ടും മൂന്നു പേരടങ്ങുന്ന സമിതിയുടെ പത്തോളം വരുന്ന സംഘം പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇടവഴികളില്‍ പ്രസംഗിക്കാന്‍ തുടങ്ങി. പതിനേഴാമത്തെ ദിവസം പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടി. അവര്‍ക്ക് വൈപ്പിന്റെ വിവിധയിടങ്ങളില്‍ സ്വീകരണം കൊടുക്കുന്ന നിലയിലേക്ക് സമരം ശ്രദ്ധയാകർഷിച്ചു.

കാത്തിരുന്ന വിധി

നാള്‍ക്കു നാള്‍ നീണ്ട ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍,സര്‍ക്കാര്‍ കുറ്റക്കാരായ അബ്കാരികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാൻ നിര്‍ബന്ധിതരായി. എം.ടി. ചന്ദ്രസേനന്‍, കെ. കെ. വിജയന്‍, എം.പി. അഗസ്റ്റിൻ (കൊച്ചഗസ്തി ), എം.കെ. തമ്പാൻ (തിരുമുല്‍പ്പാട്) അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കുറ്റപത്രത്തില്‍ നരഹത്യ ചാര്‍ജ് ചെയ്തു. തുടര്‍ന്ന് നടന്ന വിചാരണയില്‍ പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. അംഗീകൃത ചാരായഷാപ്പിൽനിന്നും മദ്യപിച്ച് ആളുകൾ മരണപ്പെട്ടത് സർക്കാറിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കോടതി നിരീക്ഷിച്ചു. വൈപ്പിന്‍ മദ്യദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കേരള ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.കെ. ഉഷ, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. അബ്കാരി കരാറുകാരില്‍ നിന്നും അതേ റേഞ്ചിലെ എക്സൈസ് ഉദ്യോഗസ്ഥരായിരുന്നവരില്‍ നിന്നും തുക ഈടാക്കാവുന്നതാണെന്നും കോടതി വിധിച്ചു.

ദുരന്തത്തെ അതിജീവിച്ചവരിൽ ഇന്നുള്ളത് നടേശൻ മാത്രം

അയ്യമ്പിള്ളിയിൽ വടക്കേക്കര ബസ് സ്റ്റോപ്പിനടുത്ത് പലക കൊണ്ടടിച്ച ചെറിയൊരു പെട്ടിക്കടയില്‍ എൺപതോടടുക്കുന്ന ഒരു വയോധികൻ ഇരിപ്പുണ്ട്. മുപ്പത്തിയാറാമത്തെ വയസ്സില്‍ വിഷമദ്യം കഴിച്ചു ജീവിതം ഇരുട്ടിലായ കറുത്തേരി വീട്ടില്‍ നടേശന്‍. ദുരന്തത്തെ അതിജീവിച്ചവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏകവ്യക്തി. ഇദ്ദേഹത്തിനു കാഴ്ച നഷ്ടപ്പെടുമ്പോള്‍ നാലുമക്കളില്‍ ഇളയ മകന് പ്രായം അഞ്ചുവയസ്സ്. മൂത്തമകന് 12 വയസ്സ്, നടുവിലുണ്ടായിരുന്നത് രണ്ടും പെണ്‍കുട്ടികള്‍. എടവനക്കാട് ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു നടേശന്‍. ഓണനാളിലെ ആഘോഷത്തില്‍ പ്രിയ ചങ്ങാതി ബേണിയോടൊപ്പം ഷാപ്പില്‍ കയറിയതാണ്. എഴുപതുകളില്‍ മലയാള സിനിമയിലെ മുന്‍നിരനായകനായിരുന്ന വിന്‍സെന്റിന്റെ ഇളയ സഹോദരനായിരുന്നു ബേണി.

വീട്ടിലെത്തിയ നടേശന് ഛർദി തുടങ്ങി. ഗ്യാസിന്റെ ബുദ്ധിമുട്ടാണെന്ന് കരുതി ഭാര്യ വിശാലം ജീരകവും മറ്റും ചേര്‍ത്തവെള്ളം തിളപ്പിച്ചു കൊടുത്തു. അല്‍പം കഴിഞ്ഞ് കണ്ണില്‍ ഇരുട്ട് കയറുന്നതായി തോന്നിയെങ്കിലും ഉറങ്ങാന്‍ കിടന്നു. നേരം വെളുക്കാറായപ്പോള്‍ അസ്വസ്ഥകൂടി തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോഴേക്കും കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടിരുന്നു. ആയുസ്സിന്റെ ബലം കൊണ്ടാണ് മരണത്തില്‍ നിന്നും അന്ന് രക്ഷപ്പെട്ടതെങ്കിലും പിന്നീടുള്ള ജീവിതം മരണതുല്യമായിരുന്നെന്ന്‌ അദ്ദേഹം പറയുന്നു. ചങ്ങാതി ബേണിയെ സംഭവം അറിഞ്ഞയുടന്‍ സഹോദരന്‍ വിന്‍സന്റ് മദ്രാസിലേക്കു കൊണ്ടുപോയി ചികിത്സിച്ചു ഭേദപ്പെടുത്തി. തിരുവോണനാളില്‍ മക്കളോടൊപ്പം ഓണം ഉണ്ടതിനുശേഷം വീട്ടില്‍ നിന്നിറങ്ങിയതാണ് നടേശൻ. പിന്നീട് കണ്ടതെല്ലാം ഇരുട്ടായിരുന്നു. അതിനു ശേഷം മദ്യപിച്ചോന്ന് ചോദിച്ചാല്‍ മറുപടി ചിരിയിലൊതുങ്ങും.അല്ലെങ്കിലും കണ്ണോ, ഉയിരോ, കുടുംബം തന്നെയോ ഇല്ലാതാക്കാനുള്ള വിഷത്തിനല്ലല്ലോ അവർ കാശ് കൊടുത്തത്.

Tags:    
News Summary - Vypeen hooch tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.