വൈപ്പിൻ: സംസ്‌ഥാന പാതയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും നിയമലംഘനങ്ങളും വീണ്ടും രൂക്ഷമാകുന്നു. ഒരാഴ്ചക്കിടെ രണ്ടു ജീവനാണ് ബസുകളുടെ മത്സര ഓട്ടത്തിൽ പൊലിഞ്ഞത്. കമ്പനി പീടികയിൽ ശനിയാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ എടവനക്കാട് സ്വദേശി മരിച്ചു. പാർക്ക് ചെയ്തിരുന്ന കാറിനെ ബൈക്ക് മറികടക്കുന്നതിനിടെ അതേ ദിശയിൽ വന്ന ബസും ഓവർ ടേക്ക് ചെയ്ത് ബൈക്കിന്‍റെ പിന്നിലൂടെ കയറുകയായിരുന്നു. ഓച്ചന്തുരുത്ത് കുരിശിങ്കൽ ലൈനിനടുത്ത് ബൈക്ക് യാത്രികനായ 26കാരന് ജീവൻ നഷ്ടപ്പെട്ടതും ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.
ഒരേ ദിശയിലേക്ക് സഞ്ചരിച്ച ബസ് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മനുഷ്യ ജീവനുകൾക്ക് പുല്ല് വില നൽകികൊണ്ടുള്ള ബസുകളുടെയും കണ്ടെയ്നറുകളുടെയും ഓട്ടത്തിൽ പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ. സ്വകാര്യബസുകളുടെ മത്സരയോട്ടം അടുത്ത കാലത്തായി നിയന്ത്രണത്തിലായിരുന്നെങ്കിലും ഇപ്പോൾ വീണ്ടും ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരിക്കുകയാണ്. കാൽനടക്കാരും സൈക്കിൾ യാത്രികരുമായ വിദ്യാർഥികൾ റോഡിൽ നിറയുന്ന വൈകീട്ടും മറ്റും സ്കൂൾ പരിസരങ്ങളിൽ പോലും വേഗം കുറയ്ക്കാൻ ബസുകൾ തയാറാകുന്നില്ല. അപകടകരമായ ഓവർടേക്കിങ് പതിവ് കാഴ്ചയാണ്.
ബസുകളുടെ മുന്നിൽപെടാതെ മറ്റുള്ളവർ ഒഴിഞ്ഞുമാറുന്നതു കൊണ്ടു മാത്രമാണ് പലപ്പോഴും അപകടങ്ങൾ വഴിമാറുന്നത്. നിയമലംഘനങ്ങൾ ചോദ്യം ചെയ്യുന്നവരുമായും ബസുകൾ തമ്മിലും വാക്കേറ്റത്തിലും കയ്യാങ്കളിയിലും ഏർപ്പെടുന്നതും പതിവ് കാഴ്ചയായിരിക്കുകയാണ് . ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്ന ജീവനക്കാരെ കണ്ടെത്താൻ വൈപ്പിൻ റൂട്ടിൽ പരിശോധന പതിവാക്കണമെന്ന് നേരത്തെ മുതൽ ആവശ്യം ഉയരുന്നതാണെങ്കിലും നടപടി ഉണ്ടാകുന്നില്ല. മിക്കയിടങ്ങളിലും റോഡരികിലാണ് ഓട്ടോ - ടാക്‌സി സ്‌റ്റാൻഡുകൾ. അല്ലാതെയും നിരവധി വാഹനങ്ങൾ റോഡിൽ പാർക്ക് ചെയ്യുന്നുണ്ട്.
പോക്കറ്റ് റോഡുകളിൽ നിന്ന് അപ്രതീക്ഷിതമായി കയറിവരുന്ന വാഹനങ്ങളും അപകടത്തിന് ഇടയാക്കുന്നുണ്ട്. തിരക്കേറിയ ജംക്‌ഷനുകളിൽ പോലും സിഗ്നൽ ലൈറ്റുകൾ ഇല്ല. ഇത്തരം സാഹചര്യങ്ങളെയെല്ലാം അവഗണിച്ചാണ് സ്വകാര്യബസുകൾ അമിത വേഗതയിൽ പായുന്നത്. ബസുകളെ നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. ശക്തമായ സമരവുമായി രംഗത്ത് വരുമെന്ന് ഫ്രാഗ് അറിയിച്ചു. റൂറൽ എസ്.പി ക്കും ആർ.ടി.ഒ ക്കും പരാതി നൽകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.