ഇന്ന് ലോക അങ്ങാടിക്കുരുവി ദിനം: ആറ്റക്കുരുവികളുടെ താമരവട്ടം

വൈപ്പിൻ: ജില്ലയിൽ ഏറ്റവുമധികം ദേശാടനപ്പക്ഷികൾ എത്തുന്ന പ്രദേശങ്ങളിലൊന്നാണ് എടവനക്കാട് താമരവട്ടം മേഖല. പാടങ്ങളുടെ ഇടയിലൂടെ പോകുന്ന റോഡിന്‍റെ ഇരുവശത്തുമുള്ള ചെറുമരങ്ങളിൽ കാണുന്ന ആറ്റക്കുരുവിക്കൂടുകളായിരുന്നു ഒരുകാലത്ത് ഇവിടുത്തെ പ്രധാന ആകർഷണം. എന്നാൽ, സന്ദർശക പ്രവാഹം കൂടിയതോടെ കുരുവിക്കൂടുകൾ നശിപ്പിക്കപ്പെട്ടുതുടങ്ങി. വീട്ടിൽ അലങ്കാരത്തിന് മനോഹരമായ കൂടുകളെടുക്കാൻ ആളുകൾ മുട്ട നശിപ്പിക്കുകയും കുഞ്ഞുങ്ങളെ പുറത്തേക്കിടുന്നതും പതിവായി. എണ്ണത്തിൽ കുറവെങ്കിലും ഇന്നും കുരുവികൾ താമരവട്ടത്തിന്‍റെ പ്രകൃതിഭംഗിയിൽ നിലനിൽപിനായി പോരാട്ടം തുടരുകയാണ്.

സാധാരണ തെങ്ങോലകളിൽ കൂടുകൂട്ടുന്ന ഇത്തരം കിളികൾ അപൂർവമായാണ് കൈയെത്തും ഉയരത്തിലുള്ള മരങ്ങളിൽ കൂടുവെക്കുന്നത്. പുഴയോട് ചേർന്നുകിടക്കുന്ന വിശാല പച്ചപ്പ് നിറഞ്ഞ ശാന്തമായ അന്തരീക്ഷവും ആളനക്കക്കുറവും ജലാശയങ്ങള്‍ ഉള്ളതുമാണ് താമരവട്ടത്തേക്ക് വിവിധയിനം ദേശാടനപ്പക്ഷികളെ ആകര്‍ഷിക്കുന്നത്. തൂക്കണാംകുരുവിയെന്നും കൂരിയാറ്റയെന്നും പേരുള്ള ഇവ ഇംഗ്ലിഷിൽ ബയാവീവർ എന്നാണ് അറിയപ്പെടുന്നത്.

പ്രജനനകാലത്തുമാത്രമേ ആൺകിളിയെയും പെൺകിളിയെയും തിരിച്ചറിയാൻ കഴിയൂ. ഈ സമയത്ത് ആൺകിളികളുടെ തലയിലും നെഞ്ചിലും മഞ്ഞ നിറമായിരിക്കും. പെൺകിളികളെ ആകർഷിക്കാൻ കൂടുകൾ നെയ്യുന്നതും ആൺകിളികളാണ്. രണ്ട് ഘട്ടങ്ങളിലായി 18 ദിവസമെടുത്താണ് ഒരു കൂടിന്‍റെ നിർമാണം പൂർത്തിയാക്കുക.

ആദ്യ 10 ദിവസംകൊണ്ട് കൂടു നിർമാണത്തിന്‍റെ ഒന്നാംഘട്ടം പൂർത്തീകരിച്ചശേഷം ഇണയ്ക്കായി ഇവ കാത്തിരിക്കും. പെൺകിളി എത്തിയശേഷമാണ് ബാക്കി നിർമാണം പൂർത്തിയാക്കുക. പെണ്‍കിളി കൂട് സന്ദര്‍ശിച്ച് ഇഷ്ടപ്പെടുന്നതോടെ ഇരുവരും ചേര്‍ന്ന് കൂടിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിക്കുന്നു.

ആണ്‍കിളി കൂടിന്‍റെ കവാടം നിര്‍മിക്കുമ്പോള്‍ ഇണക്കുരുവി ചളിയും മറ്റും ഉപയോഗിച്ച് അകം മിനുക്കുന്ന തിരക്കിലായിരിക്കും. പെണ്‍കിളി നാല് മുട്ട വരെയിടും. രണ്ടാഴ്ചയോളം സമയമെടുത്താണ് മുട്ട വിരിയുക. തുടര്‍ന്ന് കുഞ്ഞുങ്ങള്‍ക്കായി ഇര തേടുന്നത് ആണ്‍കിളികളുടെ ജോലിയാണ്. മുട്ട വിരിയുന്നതോടെ കൂടുകൾ ഉപേക്ഷിക്കും.

Tags:    
News Summary - Today is World Sparrow Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.