വെളിയത്താംപറമ്പ് ബീച്ചിൽ സെന്റ് ആന്റണീസ് ചർച്ചിന് സമീപം സ്ഥാപിച്ച ജിയോബാഗ് പൊളിഞ്ഞ ഭാഗത്തുകൂടിവെള്ളം ഇരച്ചുകയറുന്നുവെള്ളം ഇരച്ചുകയറുന്നു
വൈപ്പിൻ: വൈപ്പിൻ തീരത്ത് കടൽക്ഷോഭം കനത്ത നാശം വിതക്കുന്നു. നായരമ്പലം വെളിയത്താംപറമ്പ്, ഞാറക്കൽ ജയ്ഹിന്ദ്, എടവനക്കാട് പഴങ്ങാട് എന്നിവിടങ്ങളിലാണ് കടൽക്ഷോഭം അതിരൂക്ഷം. കാലവർഷത്തിന്റെ തുടക്കത്തിൽ ഒരാഴ്ചയുണ്ടായ കടൽക്ഷോഭത്തിന് നേരിയ ശമനമുണ്ടായെങ്കിലും കഴിഞ്ഞ മൂന്നുദിവസമായി സ്ഥിതി വീണ്ടും ഭയാനകമായി. മൂന്നിടത്തും പുതുതായി സ്ഥാപിച്ച ജിയോബാഗ് ഉപയോഗിച്ചുള്ള പ്രതിരോധമെല്ലാം തിരമാലകൾ തകർത്തു. താൽക്കാലികമായി വെള്ളക്കയറ്റം തടയാനായാണ് ഇറിഗേഷൻ വകുപ്പ് ജിയോ ബാഗും മണൽവാടയും സ്ഥാപിച്ചത്. ഇതിൽ ഏറെയും ഒഴുകിപ്പോയി.
ജയ്ഹിന്ദ് തീരത്ത് നിരവധി വീടുകളിൽ വെള്ളം കയറി. വെളിയത്താംപറമ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ച ജിയോ ബാഗിൽ അധികവും പൊട്ടിപ്പൊളിഞ്ഞു. ഇവിടെ സെന്റ് ആന്റണീസ് ചർച്ചിനു പടിഞ്ഞാറുവശം കടൽഭിത്തി ഇല്ലാത്തിടത്തുനിന്നും വെള്ളം കുത്തിയൊഴുകുകയാണ്. കഴിഞ്ഞയാഴ്ച തകർന്നതും പുനഃസ്ഥാപിച്ചതുമായ ശ്രീബാലമുരുക ക്ഷേത്രത്തിനോട് ചേർന്ന മണൽവാടയും ഒഴുകിപ്പോയി. പുതുതായി ഉയർന്ന നിലവാരത്തിൽ നിർമിച്ച ഈ ഭാഗത്തെ തീരദേശ റോഡ് ഇടിഞ്ഞു.
പഴങ്ങാട് കടൽഭിത്തി കവിഞ്ഞും വെള്ളം കയറുകയാണ്. കടൽഭിത്തിയില്ലാത്തിടത്ത് കൂടിയാണ് കൂടുതൽ വെള്ളക്കയറ്റം. ചെറായിലും കുഴുപ്പിള്ളിയിലും ചെറിയ തോതിൽ കടൽകയറ്റമുണ്ടാകുന്നുണ്ട്. ‘എല്ലാ വർഷവും കാലവർഷം തുടങ്ങുന്ന സമയത്ത് താൽക്കാലിക പ്രതിരോധത്തിനായി ഫണ്ട് അനുവദിക്കും. വേണ്ട രീതിയിൽ അതിന്റെ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കില്ല. ടെട്രോപോഡ് സ്ഥാപിച്ച് ശാശ്വത പരിഹാരം തേടി വീണ്ടും സമരരംഗത്ത് ഇറങ്ങുമെന്ന നിലപാടിലാണ് തീരദേശ ജനങ്ങളെന്ന് വെളിയത്താംപറമ്പ് 13ാം വാർഡ് അംഗം സിജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.