കുഴുപ്പിള്ളി ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ്
വൈപ്പിൻ: എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകളിലെ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ ആശങ്കാജനകമായ വിധത്തിൽ വർധിക്കുന്നു. ബീച്ചുകളിൽ ആവശ്യത്തിന് സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലാക്കുന്നത്. മത്സ്യത്തൊഴിലാളികൾ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിച്ച് കടലിൽ ഇറങ്ങുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. ഇത്തരം ദുരന്തങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, തീരദേശത്ത് അടിയന്തര സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപകടസാധ്യതയേറിയ തീരങ്ങളിൽ ലൈഫ് ഗാർഡുമാരുടെ സേവനവും കോസ്റ്റൽ പോലീസിന്റെ നിരീക്ഷണവും സ്ഥിരമാക്കുകയാണ് ഇതിൽ പ്രധാനം. ഇതോടൊപ്പം കടലിൽ ഇറങ്ങാൻ സുരക്ഷിതമല്ലാത്ത ഇടങ്ങൾ വേർതിരിച്ച് വ്യക്തമായ സൂചന ബോർഡുകൾ സ്ഥാപിക്കേണ്ടതുണ്ട്. ശക്തമായ തിരമാലകളുള്ള മേഖലകളിൽ ബാരിക്കേഡുകളോ സുരക്ഷ വേലികളോ സ്ഥാപിച്ച് ആളുകൾ ഇറങ്ങുന്നത് തടയണമെന്നും ആവശ്യമുയരുന്നുണ്ട്. സഞ്ചാരികൾക്ക് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ മൈക്ക് അനൗൺസ്മെന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കണം.
എടവനക്കാട്, കുഴുപ്പിള്ളി പഞ്ചായത്തുകൾ സംയുക്തമായി ഈ വിഷയത്തിൽ ഇടപെടേണ്ടതുണ്ടെന്നാണ് തീരദേശവാസികളുടെ ആവശ്യം. ഇരു പഞ്ചായത്തുകളിലെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗം അടിയന്തരമായി വിളിച്ച് സുരക്ഷാനടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. തീരദേശത്ത് ശാശ്വതമായ സുരക്ഷാ പദ്ധതികൾക്ക് രൂപം നൽകണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.