തൃക്കരിപ്പൂർ: സമഗ്രശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിദ്യാലയങ്ങളിൽ ഒമ്പത് കാലാവസ്ഥ സ്റ്റേഷനുകൾ തുടങ്ങും. കാലാവസ്ഥ വ്യതിയാനം സ്കൂൾ വിദ്യാർഥികൾക്ക് സൂക്ഷ്മമായി നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. ജില്ലയിൽ ചീമേനി, പിലിക്കോട്, കുണ്ടംകുഴി, മൊഗ്രാൽപുത്തൂർ, കുമ്പള, തളങ്കര, അംഗടി മൊഗർ, കൊട്ടോടി, കോട്ടപ്പുറം എന്നീ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സ്റ്റേഷനുകൾ സ്ഥാപിക്കുക.
ജിയോഗ്രഫി ഒപ്ഷനൽ വിഷയമായുള്ള ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി സർക്കാർ സ്കൂളുകളിലാണ് സ്റ്റേഷനുകൾ സജ്ജമാക്കുക. മഴയുടെ അളവ്, കാറ്റിന്റെ വേഗം, അന്തരീക്ഷമർദം എന്നിവ നിരീക്ഷിച്ച് കുട്ടികൾ വിദ്യാലയങ്ങളിൽ തയാറാക്കുന്ന ചാർട്ടുകളിൽ രേഖപ്പെടുത്തും. മഴമാപിനി, അനിമോമീറ്റർ, വിൻഡ് വെയ്ൻ, വെറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ, മോണിറ്റർ, വെതർ ഡേറ്റ ബുക്ക് തുടങ്ങിയ 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനുകളിലും സജ്ജീകരിക്കുക.
സൂക്ഷ്മതല കാലാവസ്ഥ നിരീക്ഷണത്തിലൂടെ ശേഖരിക്കുന്ന പ്രാഥമിക ഡേറ്റ വിദ്യാർഥികൾ സ്കൂൾ വിക്കിയിലും വിശദവിവരങ്ങൾ എസ്.എസ്.കെ ഒരുക്കുന്ന വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. ഓരോ സമയത്തും പ്രാദേശികമായി കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരങ്ങൾ കൈമാറാനുമാകും.
വെതർ സ്റ്റേഷൻ നാട്ടുകാർക്കും ഉപയോഗപ്പെടുത്താം. പദ്ധതിയുടെ വിജയത്തിനായി അധ്യാപകർക്ക് പ്രത്യേക പരിശീലനവും ഏർപ്പാടാക്കിയിട്ടുണ്ട്. പ്രളയം ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ തലമുറക്ക് കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ആഴത്തിൽ അറിവുപകരാനുള്ള ഈ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.