തൃക്കരിപ്പൂർ: ടൗണിലെ പോഗോപ് റസ്റ്റാറന്റിൽ പുതുവത്സര രാവിൽ സംഘം ചേർന്ന് ആക്രമണം നടത്തിയ സംഭവത്തിൽ നാലുപേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂർ കാര സ്വദേശികളായ ശ്രീജിത്ത്(36), ഷാജി(28), നിഖിൽ(26), അദ്വൈത്(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പുതുവത്സര രാവിൽ റസ്റ്റാറന്റിൽ എത്തിയ പ്രതികൾക്ക് ആഹാരം ലഭിക്കാൻ വൈകിയതിൽ ക്ഷുഭിതരായി ഗ്ലാസുകൾ, പാത്രങ്ങൾ എന്നിവ എറിഞ്ഞു പൊട്ടിക്കുകയും വാഷ് റൂമിന്റെ വാതിൽ അടിച്ച് തകർക്കുകയും ചെയ്തു.
ആഹാരം തയാറാക്കാൻ 15 മിനുട്ട് എടുക്കുമെന്ന് ഇവരെ അറിയിച്ചിരുന്നതായി ജീവനക്കാർ പറഞ്ഞു. ഇതിനിടയിൽ കടയുടമ വിവരം നൽകിയതനുസരിച്ച് ചന്തേര പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ പിടികൂടി. അധികം വൈകാതെ ഇവരെ വിട്ടയച്ചതായി പറയുന്നു. ഒരുമണിക്കൂറിന് ശേഷം റെസ്റ്ററന്റ് അടച്ചശേഷം പൊലിസ് പിടികൂടിയ യുവാക്കൾ ഉൾപ്പെടെ സംഘം ചേർന്നെത്തി ഗേറ്റ് തകർത്ത് വീണ്ടും അഴിഞ്ഞാടി. ഇവരുടെ ഡെലിവറി വാഹനങ്ങൾ മറിച്ചിട്ടു.
സംഭവത്തിൽ ഹോട്ടൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ നേതാക്കൾ അക്രമം നടന്ന പോഗോപ് റസ്റ്ററന്റ് സന്ദർശിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിനോജ് റഹ്മാൻ, ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര, ഗംഗാധരൻ, റഫീഖ് ബൈത്താൻ, മനോജ്കുമാർ, വിജയൻ തൃക്കരിപ്പൂർ എന്നിരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.