തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങി മൂന്നു പാലങ്ങള്‍

കാസർകോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മൂന്നുപാലങ്ങള്‍ ഉദ്ഘാടനത്തിനു തയാറായി. ആറിൽക്കടവ് പാലം, മയ്യിച്ച പാലത്തേര പാലം, വഞ്ഞങ്ങമാട് പാലം എന്നീ പാലങ്ങളാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും തുരുത്തി, അച്ചാംതുരുത്തി നിവാസികളുടെ ചിരകാല സ്വപ്നമാണ് യാഥാര്‍ഥ്യമായത്. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ തുരുത്തി-അച്ചാംതുരുത്തി ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിച്ച് നിർമിച്ച പാലമാണ് ആറില്‍കടവ് പാലം. കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ഈ പാലത്തിന് 22.32മീറ്റര്‍ നീളമുള്ള മൂന്നു സ്പാനുകളിലായി ആകെ 67.08 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമാണുള്ളത്. 2.60 കിലോമീറ്റര്‍ അനുബന്ധറോഡും നിര്‍മിച്ചിട്ടുണ്ട്. മുൻ മന്ത്രി ജി. സുധാകരന് എം. രാജഗോപാലന്‍ എം.എല്‍.എ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് സി.ആര്‍.എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. സിംഗിള്‍വേ ബ്രിഡ്ജായ എരിഞ്ഞിക്കീല്‍ പാലത്തിന് സമാന്തരമായാണ് ആറില്‍ക്കടവ് പാലവും അനുബന്ധ റോഡും വരുന്നത്.

മയ്യിച്ച പാലത്തേര പാലം മയ്യിച്ച, കുറ്റിവയല്‍, കുണ്ടുപടന്ന, മീന്‍ കടവ് എന്നീ പ്രദേശത്തുകാര്‍ക്ക് എളുപ്പത്തില്‍ ചെറുവത്തൂര്‍ പട്ടണത്തിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്ന റോഡാണ് ചെറുവത്തൂര്‍-വെങ്ങാട്ട്-മയ്യിച്ച റോഡ്. എന്നാല്‍, പാലത്തേര പ്രദേശത്ത് പാലം ഇല്ലാത്തതിനാല്‍ വാഹനഗതാഗതം സാധ്യമായിരുന്നില്ല. മയ്യിച്ച -പാലത്തേര പാലം തുറന്നുകൊടുക്കുന്നതോടെ ഈ പ്രശ്‌നത്തിനു പരിഹാരമാകും. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഏഴു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്.

വഞ്ഞങ്ങമാട് പാലം പൊള്ള-വഞ്ഞങ്ങമാട് റോഡില്‍ മടക്കര പുഴക്ക് കുറുകെ ചെറുവത്തൂരിനെയും കാരിയെയും ബന്ധിപ്പിച്ചുകൊണ്ടാണ് വഞ്ഞങ്ങമാട് പാലം നിര്‍മിച്ചത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് പാലത്തിന്‍റെ നിര്‍മാണം. 17.07 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള മൂന്ന് സ്പാനുകളോടുകൂടി മൊത്തം 51.21 മീറ്റര്‍ നീളമാണ് പാലത്തിനുള്ളത്. പാലത്തിനോടൊപ്പം ആവശ്യമായ സംരക്ഷണ ഭിത്തികളും പാലത്തിന്റെ ഇരുവശങ്ങളിലുമായി മൊത്തം 150 മീറ്റര്‍ നീളത്തില്‍ അനുബന്ധ റോഡും നിർമിച്ചിട്ടുണ്ട്.

Tags:    
News Summary - Three bridges ready for inauguration in Thrikaripur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.