തൃക്കരിപ്പൂർ യൂനിവേഴ്സൽ ടീമിനൊപ്പം

സന്തോഷ് ട്രോഫി സെമിയിൽ കേരളത്തെ തോൽപിച്ച മലയാളി

തൃക്കരിപ്പൂർ: 1975 ഡിസംബർ. സന്തോഷ് ട്രോഫി സെമിയിൽ കോഴിക്കോട്ട് കർണാടകയും കേരളവും ഏറ്റുമുട്ടുന്നു. കർണാടക മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് കേരളത്തെ കീഴടക്കി ഫൈനലിൽ കടന്നു. അന്ന് കേരളത്തെ തോൽപിച്ച കർണാടക ടീമി​െൻറ അമരക്കാരനായിരുന്നു ഇന്നലെ നിര്യാതനായ എൻ. കുഞ്ഞിമൊയ്തീൻ ഹാജി. അസിസ്​റ്റൻറ്​ മാനേജറായി കോഴിക്കോട്ടെത്തിയ ഇദ്ദേഹമാണ് മാനേജറുടെ അഭാവത്തിൽ ടീമിനെ വിജയത്തിലെത്തിച്ചത്.

തൃക്കരിപ്പൂർ ബ്രദേഴ്‌സ്, ടൗൺ സ്പോർട്സ് ക്ലബുകളിലൂടെയാണ് ഫുട്ബാളിൽ എത്തുന്നത്. കണ്ണൂരിന് വടക്കുള്ള ഒരു ടീമിനെ (ബ്രദേഴ്‌സ്) ഇദംപ്രഥമമായി എ ഡിവിഷനിൽ എത്തിച്ച് ഉയർത്താൻ അദ്ദേഹത്തിന് സാധിച്ചു. യൂനിവേഴ്സൽ സ്പോർട്സ് ക്ലബി‍െൻറ ആജീവനാന്ത അംഗമായിരുന്നു. ഫുട്ബാൾ ഫ്രൻറ്​ മാസികയുടെ അണിയറയിൽ പ്രവർത്തിച്ചു. പന്ത്രണ്ടാം വയസ്സിൽ ഹോട്ടൽ തൊഴിലാളിയായാണ് തൃക്കരിപ്പൂർ സ്വദേശി എൻ.കുഞ്ഞിമൊയ്തീൻ ഹാജി ബംഗളൂരുവിൽ എത്തിയത്. 1942ൽ സ്വന്തമായി ഹോട്ടൽ ബിസിനസ് തുടങ്ങി. ഒപ്പം ഫുട്ബാളിലൂടെ അദ്ദേഹം കർണാടകയുടെ മനം കവർന്നു.

അവിടത്തെ സംസ്ഥാന ഫുട്ബാൾ ഗവേണിങ് ബോർഡ് അംഗമായി. ബംഗളൂരു യുനൈറ്റഡ്, വിക്ടോറിയ, മുസ്‌ലിം ഹീറോസ്, സുൽത്താൻ യുനൈറ്റഡ്, ബംഗളൂരു മുഹമ്മദാൻ സ്പോർട്ടിങ് ക്ലബുകൾക്കുവേണ്ടി ജഴ്സിയണിഞ്ഞു. 1956ൽ എൽ ആൻഡ് ടിക്കെതിരായ മത്സരത്തിനിടെ കാലിനേറ്റ പരിക്കിനെ തുടർന്നാണ് മൈതാനത്തുനിന്ന് മടങ്ങിയത്. 1965 മുതൽ കർണാടക ഫുട്ബാൾ അസോസിയേഷനിൽ സ്ഥിരം അംഗമായി കന്നഡ നാട് അദ്ദേഹത്തെ ചേർത്തുനിർത്തി.

1968 മുതൽ സ്​റ്റാഫോഡ് ചലഞ്ച് കപ്പ്​ ടൂർണമെൻറ്​ കമ്മിറ്റി അംഗമായി. അതേവർഷം തന്നെ മൈസൂരു നാഷനൽ ചാമ്പ്യൻഷിപ് കമ്മിറ്റിയുടെ ഭാഗമായി. 1970ൽ കർണാടക ടീമിനൊപ്പം ശ്രീലങ്ക പര്യടനം നടത്തി. ജനാർദനൻ, പ്രദീപ്, ഹനീഫ, ജീവാനന്ദ്, മുസ്തഫ തുടങ്ങി ഒട്ടേറെ മലയാളി താരങ്ങൾക്ക് കർണാടക ഫുട്ബാൾ വഴി ജോലി ലഭിക്കാനിടയായത് ഹാജിയുടെ ശ്രമഫലമായിട്ടായിരുന്നു. 45ാം വയസ്സിൽ കർണാടക ഫുട്ബാൾ ഓർഗനൈസിങ്​ കമ്മിറ്റി അംഗമായി. നവതി കഴിഞ്ഞ് വിശ്രമജീവിതം നയിക്കുമ്പോഴും ഫുട്ബാൾ അദ്ദേഹത്തിന് ആവേശം പകർന്നു. കേരള ഫുട്ബാൾ അസോസിയേഷ​െൻറ സെൻട്രൽ കമ്മിറ്റിയംഗമായും ഏറെക്കാലം സേവനമനുഷ്ഠിച്ചു.

Tags:    
News Summary - The Malayalee who defeated Kerala in the Santosh Trophy semi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.