വലിയപറമ്പിൽ തെങ്ങുകൾ കടലെടുക്കുന്ന കാഴ്ച

കായൽ മണലൂറ്റ്​; വലിയപറമ്പ തീരം കടൽ കവരുന്നു

തൃക്കരിപ്പൂർ: കടലാക്രമണവും കായലിൽനിന്നുള്ള മണൽ വാരലും വലിയപറമ്പ പഞ്ചായത്തിനെ പരിസ്​ഥിതി ദുരന്തത്തിലേക്ക് നയിക്കുന്നു. മുമ്പെങ്ങും ഇല്ലാത്തവിധം പഞ്ചായത്തി​െൻറ തീരങ്ങളിൽ കരയിടിച്ചിൽ അനുഭവപ്പെടുകയാണ്. അറബിക്കടലും കവ്വായിക്കായലും അതിരിടുന്ന 24 കിലോമീറ്റർ ദൈർഘ്യമുള്ള പഞ്ചായത്തി​െൻറ ശരാശരി വീതി 800ൽനിന്ന് 600 മീറ്ററായി കുറഞ്ഞതായി ദ്വീപ് പരിസ്​ഥിതി സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

പോർട്ട് ഓഫിസർ നൽകുന്ന മണൽവാരൽ പാസുകളുടെ മറവിൽ പതിന്മടങ്ങ് മണൽ കവ്വായിക്കായലിൽനിന്നും മാവിലാക്കടപ്പുറം അഴിമുഖത്തുനിന്നും കടത്തിക്കൊണ്ടുപോകാറുണ്ട്. ഇതിനെതിരെ പരിസ്​ഥിതി സംരക്ഷണ സമിതി സമരപ്രഖ്യാപനം നടത്തിയിരുന്നു. പിന്നീട് തീരദേശ ഹർത്താലും സംഘടിപ്പിച്ചു. ഓരോ വാർഡിലും പ്രാദേശിക സമിതികൾ ഉണ്ടാക്കിയിട്ടും മണലെടുപ്പ് തുടർന്നു. ദ്വീപി​െൻറ വടക്കറ്റമായ മാവിലാക്കടപ്പുറം അഴിമുഖത്തുനിന്നാണ് നിത്യവും മണൽ കടത്തുന്നത്. അഴിമുഖത്ത് അടിഞ്ഞുകൂടുന്ന മണൽ കോരിയെടുക്കുന്നതോടെ ദ്വീപി​െൻറ പടിഞ്ഞാറൻതീരത്ത് കടലാക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഒട്ടേറെ കായ്ഫലമുള്ള തെങ്ങുകൾ കടലെടുത്തതായി തീരവാസികൾ പറയുന്നു.

ഇടയിലക്കാട് പാലത്തി​െൻറ പടിഞ്ഞാറ് ഭാഗത്താണ് നാശനഷ്​ടം കൂടുതൽ ഉണ്ടായിട്ടുള്ളത്. തീരത്തെ സംരക്ഷിക്കുന്ന കൂറ്റൻ മണൽതിട്ടയാണ് കടലെടുത്തത്. ഇവിടെ നിരവധി തെങ്ങുകൾ ഒലിച്ചുപോയി.

തീരത്തെ മണൽതിട്ട പത്തടിയിലേറെ ഇടിഞ്ഞിട്ടുണ്ട്. കടൽ ഭിത്തി പോലും ഇല്ലാത്ത മേഖലകളാണ് പഞ്ചായത്തി​െൻറ പടിഞ്ഞാറൻ തീരം. ഒരുവശത്ത് മണൽ ഊറ്റിയെടുക്കുമ്പോൾ തീരജനതക്ക് പകരം നൽകേണ്ടിവരുന്നത് അവരുടെ കിടപ്പാടം തന്നെയാണ്. ജനകീയ കൺ​െവൻഷൻ ചേർന്ന് ജില്ല കലക്ടറെ കണ്ട് നിവേദനം നൽകിയതിനെ തുടർന്ന് പ്രദേശത്ത് പോർട്ട് ഓഫിസറുടെ നേതൃത്വത്തിൽ യോഗം വിളിച്ചിരുന്നു. പിന്നെ തുടർനടപടികൾ ഒന്നുമുണ്ടായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.