തൃക്കരിപ്പൂർ: മണ്ഡലത്തിലെ തൃക്കരിപ്പൂർ, പടന്ന മേഖലയിൽ റെയിൽവേപാളം പകുക്കുന്ന മേഖലകൾ ബന്ധപ്പെടുത്തി പ്രഖ്യാപിക്കപ്പെട്ട അഞ്ചു റോഡ് മേൽപാലങ്ങൾ യാഥാർഥ്യമായില്ല. പടന്നയിലെ ഉദിനൂർ(നടക്കാവ്), തൃക്കരിപ്പൂർ ബീരിച്ചേരി, വെള്ളാപ്പ് റോഡ്, സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം മേൽപാലങ്ങളാണ് റെയിൽവേയുടെ വിഷൻ 2020 പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്.
ഇതിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ബീരിച്ചേരി, വെള്ളാപ്പ് റോഡ്, ഉദിനൂർ എന്നിവയുടെ അനുമതി റെയിൽവേ ബോർഡ് നിഷേധിക്കുകയായിരുന്നു. താരതമ്യേന ഗതാഗതം കുറഞ്ഞ സൗത്ത് തൃക്കരിപ്പൂർ രാമവില്യം, ഒളവറ ഉളിയം മേൽപാലങ്ങൾക്ക് അനുമതി നൽകുകയും ചെയ്തു. പക്ഷേ ഒന്നിെന്ററയും പ്രവൃത്തി ആരംഭിച്ചില്ല.
നടപടികൾ ഏറക്കുറെ മുന്നോട്ടുപോയ തൃക്കരിപ്പൂർ ബീരിച്ചേരി മേൽപാലവുമായി ബന്ധപ്പെട്ട് രണ്ടുവർഷംമുമ്പ് റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപറേഷെന്റ നേതൃത്വത്തിൽ അലൈന്മെന്റും വിശദപരിശോധന റിപ്പോർട്ടും(ഡി.പി.ആർ) തയാറാക്കി റെയിൽവേക്ക് സമർപ്പിച്ചതാണ്. പി. കരുണാകരൻ എം.പി യുടെ നേതൃത്വത്തിൽ 2017 ജൂലൈ 22 നാണ് ആദ്യം ഡി.പി.ആർ തയാറാക്കുന്നതിന് ഉദ്യോഗസ്ഥർ ബീരിച്ചേരിയിലെത്തിയത്.
36.24 കോടിയാണ് മേൽപാലത്തിന്റെ ചെലവ് നിർണയിച്ചത്. 95സെന്റ് ഭൂമിയാണ് പുതുതായി ഏറ്റെടുക്കേണ്ടി വരുകയെന്നു കണ്ടെത്തി. 8.56 കോടി രൂപയാണ് ഭൂമിക്ക് വില നിശ്ചയിച്ചത്. ബാക്കി 28 കോടി രൂപയാണ് പാലത്തിന് ചെലവ്. കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരമായി 3.13 കോടി, ഭൂമിക്ക് 4.5 കോടി എന്നിങ്ങനെയാണ് നീക്കിവെച്ചിരുന്നത്.
ട്രാക്കിന് മുകളിലുള്ള 47 മീറ്റർ ഭാഗം റെയിൽവേ നേരിട്ട് നിർമിക്കുമെന്നും വിശദീകരിച്ചിരുന്നു. 439 മീറ്റർ നീളമുളള പാലത്തിൽ 207 മീറ്റർ വൈ.എം.സി.എ ഭാഗത്തും 184 മീറ്റർ തൃക്കരി ഭാഗത്തുമാണ് നിർമിക്കുക. ഭൂമി ഏറ്റടുക്കൽ പൂർത്തിയായാൽ മാത്രമാണ് ടെൻഡർ നടപടി തുടങ്ങുകയുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. 2015ലെ റെയിൽ ബജറ്റിലാണ് ബീരിച്ചേരി മേൽപാലം അനുവദിച്ചത്, 2016ൽ വെളളാപ്പ് റോഡ്, ഉദിനൂർ എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാൻ നടപടിയായി. 20 കോടി വീതമാണ് റെയിൽവേക്ക് കൈമാറുന്ന സംസ്ഥാന വിഹിതം. തൊട്ടുപിന്നാലെയാണ് ഒളവറ -ഉളിയം കടവ്, രാമവില്യം ഗേറ്റുകൾക്ക് മീതെ മേൽപാലം പണിയാൻ പ്രാരംഭ നടപടി ആരംഭിച്ചത്. അതിനിടെ ഉദിനൂർ മേൽപാലത്തിനായി കിഫ്ബിയിൽ നിന്ന് 32.24 കോടി രൂപ അനുവദിച്ചിരുന്നു. പടന്ന, പിലിക്കോട്, വലിയപറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തുകളിലെ വാഹനയാത്രക്കാരെ മണിക്കൂറുകളോളം തളച്ചിടുന്ന ഗേറ്റുകളിൽ നിന്നുള്ള മോചനം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.