സൈക്കിളിൽ 140 മണ്ഡലങ്ങൾ പിന്നിട്ട് ഇഖ്ബാൽ വരുന്നു

തൃക്കരിപ്പൂർ: ലോക സൈക്ലിങ് ഭൂപടത്തിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കാസർകോട്ടുകാരൻ കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിൽ പര്യടനം നടത്തി ഞായറാഴ്ച തിരിച്ചെത്തും. ചെർക്കള സ്വദേശി സി.എ. മുഹമ്മദ് ഇഖ്ബാലാണ്​ (42) 46 ദിവസം കൊണ്ട് അപൂർവ നേട്ടം കൈവരിച്ചത്.

ഇഖ്ബാലിന്​ ജില്ലാ അതിർത്തിയായ തൃക്കരിപ്പൂരിൽ കാസർകോട് പെഡലേഴ്‌സ് നേതൃത്വത്തിൽ പൗരസ്വീകരണം ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ ഒന്നിന് കാസർകോട്ടുനിന്ന് പുറപ്പെട്ട ഇഖ്ബാൽ 46 ദിവസം കൊണ്ടാണ് 4500 ഓളം കിലോമീറ്റർ സൈക്കിൾ ചവിട്ടി പര്യടനം നടത്തിയത്. പരിസ്ഥിതി സംരക്ഷണവും മാനവ സൗഹൃദവും ലക്ഷ്യമിട്ടാണ് യാത്ര.

മികച്ച സൈക്ലിങ്​ ആപ്ലിക്കേഷനായ സ്ട്രാവ സംഘടിപ്പിച്ച, വിവിധ രാജ്യങ്ങളിൽ നിന്നുള്ള പതിനഞ്ചര ലക്ഷത്തിലേറെ പേർ അംഗങ്ങളായുള്ള സൈക്ലിങ് ചലഞ്ചിൽ ഇഖ്ബാൽ ആദ്യ 55ൽ ഇടംനേടിയിരുന്നു.

ചെർക്കള ടൗണിൽ ഡിസൈൻ ട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഇദ്ദേഹം കാസർകോട് പെഡലേഴ്‌സിലൂടെ ഏഴുമാസം മുമ്പാണ് സൈക്ലിങ്ങിൽ എത്തിച്ചേർന്നത്. കോവിഡ് അടച്ചുപൂട്ടൽ ദിനങ്ങളിൽ തന്നെത്തന്നെ കണ്ടെത്തുകയായിരുന്നുവെന്ന് ഇഖ്ബാൽ പറയുന്നു. ആദ്യദിനം തന്നെ സെഞ്ച്വറിയുമായി മടങ്ങി. യാത്രയിൽ വിവിധ ജില്ലകളിലെ റൈഡർമാരെ പരിചയപ്പെടാനും സൗഹൃദം വിപുലീകരിക്കാനും സാധിച്ചു. നിയമസഭ സാമാജികൻ എന്ന നിലയിൽ അരനൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിയെയും തിരുവനന്തപുരം മേയറെയും പരിചയപ്പെടാൻ സാധിച്ചു. മലയോരവും ഇടനാടും തീരദേശവുമൊക്കെ ആസ്വദിച്ചായിരുന്നു യാത്ര. ഇടുക്കിയും വയനാടും പാലക്കാടും മലപ്പുറവുമൊക്കെ ഏറെയും നല്ല കയറ്റങ്ങൾ അനുഭവിപ്പിച്ചു.

പരേതനായ കളപ്പുര അഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: ഫാതിമത്ത് ഫാസില. രണ്ടുമക്കൾ. കാസർകോട് പെഡലേഴ്‌സി​െൻറ സ്വീകരണം നടൻ ഉണ്ണിരാജൻ ചെറുവത്തൂർ ഉദ്ഘാടനം ചെയ്യും. തൃക്കരിപ്പൂരിൽ നിന്ന് മഞ്ചേശ്വരം വരെ സൈക്ലിസ്​റ്റുകൾ അനുഗമിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.