ലോക്ഡൗൺ ദുരിതത്തിനറുതി: ആഫ്രിക്കൻ ഫുട്ബാളർമാർ നാട്ടിലേക്ക്

തൃക്കരിപ്പൂർ: കോവിഡ് അടച്ചിടലിൽ തൃക്കരിപ്പൂരിൽ കുടുങ്ങിയ ആഫ്രിക്കൻ ഫുട്ബാൾ താരങ്ങൾക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ്. നാടണയാനാവാതെ പത്തുമാസത്തോളമായി തൃക്കരിപ്പൂർ വെള്ളാപ്പ് റോഡിലുള്ള വാടകമുറിയിൽ കഴിയുകയായിരുന്ന ഐവറി കോസ്​റ്റിൽ നിന്നുള്ള അമേഗു(23), ഹെർവേ( 23), പാട്രിക്(16) എന്നിവർക്കാണ് ഫുട്ബാൾ പ്രേമികളുടെ ഇടപെടലിൽ നാട്ടിലേക്കുള്ള യാത്ര തരപ്പെട്ടത്. പ്രാദേശിക ടീമുകൾക്ക് വേണ്ടി സെവൻസ് കളിക്കാനെത്തിയ ഇവർ കളിയും കൂലിയുമില്ലാതെ വാടകമുറിയിൽ ദുരിതജീവിതം നയിക്കുന്നത് ആഗസ്​റ്റ്​ 17ന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. മലപ്പുറത്ത് ഒരു ഫുട്ബാൾ ടീമിൽ കളിക്കുന്ന ഇവരുടെ നാട്ടുകാരനായ ഫോർച്യൂൺ വഴിയാണ് തൃക്കരിപ്പൂരിലെ ക്ലബിന് കളിക്കാനായി ഇവർ എത്തുന്നത്. ഒരാൾ വലിയപറമ്പിലെ ക്ലബി​െൻറ പരിശീലകനായി എത്തിയതാണ്.

ഇവരുടെ ദുരിതം വായിച്ചറിഞ്ഞ ഫുട്ബാൾ പ്രേമികൾ കളിക്കാരുടെ മടക്കയാത്രക്കായി പരിശ്രമം ആരംഭിച്ചു. തൃക്കരിപ്പൂർ ഹിറ്റാച്ചി ക്ലബ് വഴി സ്പോൺസർമാരായ സിയാ ഗോൾഡ് ആണ് ഇവർക്കുള്ള ടിക്കറ്റുകൾ സമ്മാനിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന അമേഗു മലപ്പുറത്തുനിന്ന് കൂട്ടുകാരോടൊപ്പം നേരത്തെ നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് കണ്ണൂരിൽ നിന്നും ട്രെയിൻ മാർഗം ബംഗളൂരുവിലേക്ക് തിരിച്ച ഹെർവേ, പാട്രിക് ശനിയാഴ്ച രാത്രി കൊൽക്കത്തയിലേക്ക് പോകും. രണ്ടുദിവസം കൂടി കഴിഞ്ഞാണ് ഐവറി കോസ്​റ്റിലേക്കുള്ള വിമാനം.

തൃക്കരിപ്പൂർ ഹിറ്റാച്ചി ക്ലബ് പ്രസിഡൻറ്​ ഇബ്രാഹിം തട്ടാഞ്ചേരി, സെക്രട്ടറി ജബ്ബാർ പൊറോപ്പാട്, മാനേജർ എ.ജി.സി.സിറാജ്, ബി.ആർ. ബഷീർ, സിയാ ഗോൾഡ് മാനേജർ ഫവാസ്, ഫിറോസ് മെട്ടമ്മൽ എന്നിവർ യാത്രയയക്കാൻ എത്തിയിരുന്നു. ലോക് ഡൗൺ നിയന്ത്രണങ്ങളും അടച്ചിടലുമായി ഒരു ഫുട്ബാൾ സീസൺ തീർന്നതോടെയാണ് ഇവരുടെ ജീവിതം ദുരിതത്തിലായത്.

ഫുട്ബാൾ പ്രേമികളുടെ ഔദാര്യത്തിലായിരുന്നു ഇവരുടെ പത്തു മാസത്തെ ജീവിതം. വിസ കാലാവധി അവസാനിക്കും മുമ്പ് നാട്ടിലെത്താനുള്ള ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് മൂവരും.

ഒരാൾക്കുമാത്രം കാൽ ലക്ഷത്തോളം രൂപയാണ് വിമാനക്കൂലി വേണ്ടിവരുക. ബംഗളൂരുവിൽ നിന്നാണെങ്കിൽ അരലക്ഷത്തോളമാണ് നിരക്ക്.

Tags:    
News Summary - End of lockdown tragedy: African footballers return home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.