മെയിൻ ബസാറിൽ റീടാറിങ് നടത്തിയത് വീണ്ടും തകർന്ന് കരിങ്കൽചീളുകൾ റോഡിന് മുകളിൽ ചിതറിക്കിടക്കുന്നു

മെയിൻ ബസാർ റോഡ് വീണ്ടും തകർന്നു

നീലേശ്വരം: മാർക്കറ്റ് ജങ്ഷൻ മുതൽ മെയിൻ ബസാർ വരെ പൂർണമായും ഗതാഗതം നിർത്തിവെച്ച് നടത്തിയ ടാറിങ്ങിന് ഒരു ദിവസത്തെ ആയുസ്സ് മാത്രം. ഞായറാഴ്ച രാവിലെ മുതൽ ഗതാഗതം തെരു റോഡിൽ തിരിച്ചുവിട്ടാണ് എ.ആർ ട്രേഡേഴ്സിന് സമീപത്ത് റോഡിന്റെ തകർന്ന ഭാഗം വീണ്ടും ടാറിങ് നടത്തിയത്.

തകർന്ന റോഡിലെ പാതാളക്കുഴിയിൽ മഴവെള്ളവും ഉണ്ടായിരുന്നു. ഗതാഗതം നിർത്തി ഞായറാഴ്ച രാവിലെ മുതൽ ഉച്ചവരെയാണ് ടാറിങ് നടത്തിയത്. റോഡ് റോളർ ഉപയോഗിച്ച് അമർത്തുകയും ചെയ്തിരുന്നു. എന്നാൽ, ശരിയായ രീതിയിൽ കുഴിയിലുണ്ടായിരുന്ന വെള്ളം മാറ്റാതെയും മറ്റ് സ്ഥലങ്ങളിലുള്ള പൊടിപടലങ്ങൾ കളയാതെയും കുഴിക്ക് മുകളിൽ ജില്ലി നിരത്തി ടാറിങ് മിശ്രിതം ഒഴിച്ചായിരുന്നു ടാറിങ്.

തിങ്കളാഴ്ച ആകുമ്പോഴേക്കും ടാറിങ് ഇളകി കരിങ്കൽ കഷണങ്ങൾ കൊണ്ട് റോഡ് നിറഞ്ഞു. മാത്രമല്ല, പൊടിപടലം കൊണ്ട് സമീപവാസികളും വ്യാപാരികളും പൊറുതിമുട്ടി. വീട്ടിലും കച്ചവട സ്ഥാപനങ്ങളിലും അകത്തും പൊടിപടലങ്ങൾ നിറഞ്ഞു.

കൂടാതെ, കരിങ്കൽ ചീളുകൾ വാഹനങ്ങൾ പോകുമ്പോൾ ടയറിന്റെ ഇടയിൽ കുരുങ്ങി മറ്റ് വാഹനങ്ങളുടെ മുകളിലേക്കാണ് തെറിച്ചു വീണത്. സമീപത്ത് കച്ചവടം ചെയ്യുന്നവർ, കാൽനടക്കാർ എന്നിവരുടെ ദേഹത്ത് കരിങ്കൽ തെറിക്കുന്ന അവസ്ഥയുമുണ്ട്.

നഗരസഭയുടെ ഖജനാവിൽ നിന്ന് പതിനായിരങ്ങൾ ചെലവഴിച്ച് റീടാറിങ് ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥനോ വകുപ്പ് എൻജിനീയർമാരോ ടാറിങ് നടത്തുന്നത് ഒന്ന് പരിശോധിക്കാൻ പോലും എത്തിയില്ല. ഒരു ദിവസം കൊണ്ടുതന്നെ റോഡ് വീണ്ടും തകരാൻ ഇടയായതിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന സംശയം ശക്തമായി.

Tags:    
News Summary - Main Bazar Road has collapsed again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.