ഇടതുകോട്ട പിടിക്കാൻ പതിനെട്ടടവും പയറ്റി

ചെറുവത്തൂർ- നാട്ടുപോര് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിതം:1956 കക്ഷിനില ആകെ ഡിവിഷനുകൾ: 13 യു.ഡി.എഫ്: 4 എൽ.ഡി.എഫ്: 8 സ്വതന്ത്രൻ: 1 സി.പി.എം: 7 സി.പി.ഐ: 1 കോൺഗ്രസ്: 1 മുസ്​ലിം ലീഗ്: 3 ചെറുവത്തൂർ: യു.ഡി.എഫിന് ഒരിക്കൽ പോലും ഭരണം പിടിക്കാൻ പറ്റാത്ത ഇടമാണ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്. ഇവിടെ ചരിത്രം തിരുത്താൻ പതിനെട്ടടവും പയറ്റി രംഗത്തിറങ്ങിയിട്ടുണ്ട് യു.ഡി.എഫ്. നീലേശ്വരമെന്ന പേരുണ്ടെങ്കിലും നീലേശ്വരം നഗരസഭയിലെ ഒരു വാർഡു പോലും ഉൾപ്പെടാത്ത ബ്ലോക്ക് പഞ്ചായത്തിനുവേണ്ടി അരയും തലയും മുറുക്കി ഇരുമുന്നണികളും രംഗത്തിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയതിനേക്കാൾ വോട്ടുകളുടെ എണ്ണം വർധിപ്പിക്കാൻ എൻ.ഡി.എയും പോരാട്ട രംഗത്ത് സജീവമായിട്ടുണ്ട്. കയ്യൂർ-ചീമേനി, ചെറുവത്തൂർ, പിലിക്കോട്, വലിയപറമ്പ്, തൃക്കരിപ്പൂർ, പടന്ന എന്നീ ആറ് പഞ്ചായത്തുകൾ ഉൾപ്പെട്ട നീലേശ്വരം ബ്ലോക്കിൽ 13 ഡിവിഷനുകളാണുള്ളത്. തുരുത്തി, ചെറുവത്തൂർ, ക്ലായിക്കോട്, കയ്യൂർ, ചീമേനി, കൊടക്കാട്, പിലിക്കോട്, ഉദിനൂർ, തൃക്കരിപ്പൂർ ടൗൺ, ഒളവറ, വെള്ളാപ്പ്, വലിയപറമ്പ്, പടന്ന എന്നീ ഡിവിഷനുകളാണിവ. ഇതിൽ പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകൾ പിടിക്കാൻ യു.ഡി.എഫ് ഒരുങ്ങിയപ്പോൾ പിലിക്കോട്, കയ്യൂർ-ചീമേനി, ചെറുവത്തൂർ എന്നിവിടങ്ങളിൽ ഉറപ്പിച്ചാണ് എൽ.ഡി.എഫ് പടനീക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷം ഒരു വികസനവും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും ഉണ്ടായില്ലെന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രധാന ആരോപണം. കോവിഡ് കാലത്ത് കൂടി ബ്ലോക്കിന് കീഴിലെ ആശുപത്രികളിൽ മെച്ചപ്പെട്ട സേവനം ലഭിച്ചില്ല. കാർഷിക മേഖല, കായിക മേഖല, വിദ്യാഭ്യാസ മേഖല, ശുചിത്വം, സാസ്കാരികം, പട്ടികജാതി-പട്ടികവർഗ വികസനം എന്നിവയിൽ കാര്യമായ സംഭാവനകളൊന്നും ഭരണസമിതിക്ക് ചെയ്യാൻ സാധിച്ചില്ലെന്നതാണ് യു.ഡി.എഫ് പ്രധാനമായും ആരോപിക്കുന്നത്. എന്നാൽ, വി.പി. ജാനകിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിവന്ന പ്രവർത്തനങ്ങൾക്ക് തുടർച്ചയേകാൻ സഹായം തേടിയാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്. ആരോഗ്യരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന് 2017-18 ,2018-19 എന്നീ വർഷങ്ങളിൽ തുടർച്ചയായി തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിക്ക് കായകൽപം പുരസ്കാരം ലഭിച്ചതും 2017-18ൽ ആർദ്ര കേരളം പുരസ്കാരം ലഭിച്ചതും അതിജീവനം എന്ന പേരിൽ സമഗ്ര കാൻസർ പ്രതിരോധ നിയന്ത്രണ പദ്ധതി നടപ്പാക്കിയതും എണ്ണി പ്പറഞ്ഞുകൊണ്ടാണ് എൽ.ഡി.എഫ് എല്ലാ വിമർശനങ്ങളുടെയും മുനയൊടിക്കുന്നത്. കായിക രംഗത്ത് ഇ.എം.എസ് സ്​റ്റേഡിയം നിർമിച്ചതും കാർഷിക രംഗത്ത് ഇക്കോ ഷോപ്, അഗ്രോ സർവിസ് സൻെറർ, വനിത വിപണന കേന്ദ്രം എന്നിവ സജീവമാക്കിയതും അടിസ്ഥാന സൗകര്യ വികസനത്തിനായി 5906 കി.മീ റോഡ് നിർമിച്ചതുമെല്ലാം എണ്ണിപ്പറഞ്ഞാണ് എൽ.ഡി.എഫ് വോട്ടർമാരെ സമീപിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.