കുട്ടികളുമായി ഷോപ്പിങ്​​ പാടില്ല; പൂക്കളത്തിന്​ വീട്ടുമുറ്റത്തെ പൂക്കൾ മാത്രം

കാസർകോട്​: ജില്ലയിൽ കോവിഡ്‌ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വർഷം ഓണത്തോടനുബന്ധിച്ച എല്ലാ ആഘോഷങ്ങളും പരിപാടികളും അതിജാഗ്രതയോടെ ലളിതമായ രീതിയിൽ ആചരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു. സമ്പർക്കമുണ്ടാക്കുന്ന എല്ലാതരം പരിപാടികളിൽനിന്നും പൂർണമായി വിട്ടുനിന്ന് രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. ഓണാഘോഷത്തിലെ പ്രധാന ചടങ്ങായ പൂക്കളമിടുന്നതിന് വീട്ടുമുറ്റത്തെ പൂക്കൾ മാത്രം ഉപയോഗിക്കുക, ഓണസദ്യ വീട്ടിൽനിന്നു മാത്രമാക്കുക, ഷോപ്പിങ്​ വീട്ടിലെ ഒന്നോ രണ്ടോ പേരെ മാത്രം ഉപയോഗിച്ച് നടത്തുക, പ്രായമായവരെയും കുട്ടികളെയും ഷോപ്പിങ്ങിനു കൊണ്ടുപോകാതിരിക്കുക, കടകളിൽ സാമൂഹിക അകലം പാലിച്ചും മാസ്ക് ശരിയായ രീതിയിൽ ധരിച്ചും മാത്രം കയറുക, വാങ്ങേണ്ട സാധനങ്ങളുടെ ലിസ്​റ്റ്​ തയാറാക്കി കൊണ്ടുപോകുക, സാനിറ്റൈസർ എപ്പോഴും കരുതുകയും ഇടയ്ക്കിടെ ഉപയോഗിക്കുകയും ചെയ്യുക, കുടുംബ -അയൽപക്ക സന്ദർശനങ്ങളും ഒത്തുചേർന്നുള്ള ഭക്ഷണം കഴിക്കലും ഒഴിവാക്കുക തുടങ്ങി സമ്പർക്ക സാധ്യത ഇല്ലാതാക്കാനുള്ള എല്ലാ മുൻകരുതൽ മാർഗങ്ങളും എല്ലാവരും അവലംബിക്കണം. കിടപ്പുരോഗികളെയും മറ്റു ഗുരുതര രോഗമുള്ളവരെയും സമ്പർക്കമില്ലാതെ പ്രത്യേകമായി ശ്രദ്ധിക്കണം. കടകളിൽ ആൾക്കൂട്ടം പാടില്ല വ്യാപാരികൾ ആൾക്കൂട്ടമുണ്ടാകാനിടയുള്ള സാഹചര്യങ്ങൾ കർശനമായി ഒഴിവാക്കണം. മാർക്കുചെയ്ത ക്യൂ സംവിധാനം കാര്യക്ഷമമായി ഏർപ്പെടുത്തണം. ഒരേസമയം അഞ്ചിലധികം പേരെ കടയിലേക്ക് ഒരു കാരണവശാലും പ്രവേശിപ്പിക്കരുത്. മാസ്ക് ശരിയായി ധരിച്ചവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിങ്ങിന് മുമ്പും ശേഷവും കൈകൾ അണുവിമുക്​തമാക്കാനുള്ള സൗകര്യം കടയോടനുബന്ധിച്ച് ഒരുക്കിയിരിക്കണം. കടകളിലെ ജീവനക്കാർ മാസ്ക്കും ഗ്ലൗസും അടക്കമുള്ള സുരക്ഷമാർഗങ്ങൾ ശരിയായരീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.