സ്​ത്രീകള്‍ക്കു നേരെ അതിക്രമം; പരാതി പരിഹാരത്തിന്​ 'ഷീ ബോക്‌സ്'

കണ്ണൂര്‍: തൊഴില്‍ സ്ഥലങ്ങളില്‍ സ്​ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയുന്നതി​െൻറ ഭാഗമായി പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന്​ ഷീ ബോക്‌സ് (സെക്​ഷ്വല്‍ ഹരാസ്‌മെൻറ്​ ഇലക്​ട്രോണിക് -ബോക്‌സ്) വെബ് പോര്‍ട്ടൽ പ്രവർത്തനം സജീവമാക്കാൻ സംസ്ഥാന സർക്കാർ നീക്കം.

വനിത ശിശു വികസന വകുപ്പി‍​െൻറ കീഴിലാണ്​ പോർട്ടൽ പ്രവർത്തനം കാര്യക്ഷമമാക്കുക. സ്​ത്രീകള്‍ക്കു ​േന​െരയുള്ള അതിക്രമം കൂടിവരുന്ന സാഹചര്യത്തിലും കോവിഡ് പശ്ചാത്തലത്തില്‍ നേരിട്ടെത്തി പരാതികള്‍ നല്‍കാന്‍ ​പ്രയാസമുള്ളതിനാലുമാണ്​ ഇത്തരമൊരു സംവിധാനത്തിന് ഊന്നല്‍ നല്‍കുന്നത്.

2017 മുതൽ കേന്ദ്ര സർക്കാറി‍​െൻറ നിയന്ത്രണത്തിൽ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നിലവിലുണ്ടെങ്കിലും പലര്‍ക്കും അറിയില്ല. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്കും വീട്ടുജോലി ചെയ്യുന്ന സ്​ത്രീകള്‍ക്കും http://www.shebox.nic.in എന്ന വിലാസത്തിലെ ഷീ ബോക്‌സിലൂടെ പരാതികള്‍ ഒാൺലൈനായി സമര്‍പ്പിക്കാനാവും.

ബന്ധപ്പെട്ട ഓഫിസിലെയോ സ്ഥാപനത്തിലെയോ ആഭ്യന്തര പരാതി കമ്മിറ്റിയിലും ലോക്കല്‍ പരാതി കമ്മിറ്റിയിലും പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാത്തവര്‍ക്കും ഇൗ സംവിധാനത്തിലൂടെ വീണ്ടും പരാതി നല്‍കാം. പരാതികള്‍ അതത്​ ജില്ല വനിതാ ശിശുവികസന ഓഫിസര്‍ എല്ലാ ആഴ്ചയും കൃത്യമായി പരിശോധിക്കുകയും തുടര്‍നടപടി സ്വീകരിച്ച ശേഷം സംസ്ഥാന നോഡല്‍ ഓഫിസര്‍ക്ക്​ റിപ്പോര്‍ട്ട് കൈമാറാനുമാണ്​​ ആദ്യഘട്ടത്തിലെ തീരുമാനം.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യത്യസ്​ത ഷീ ബോക്‌സ് ലോഗിന്‍ അക്കൗണ്ടാണ് ക്രമീകരിക്കുക. ജില്ലയിലെ അതത് ഓഫിസര്‍മാര്‍ക്കു നേരിട്ട് പരാതികള്‍ മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. എല്ലാ സർക്കാർ ഒാഫിസുകളിലും പ്രധാന സ്വകാര്യ സ്​ഥാപനങ്ങളിലും ബോധവത്​കരണ ബോർഡുകൾ ഉടൻ സ്ഥാപിക്കും.

നിലവിൽ വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന അതിക്രമം സംബന്ധിച്ച പരാതികൾ വനിത -മനുഷ്യാവകാശ കമീഷനുകളിലാണ്​ ലഭിക്കുന്നത്​. പരാതികളിൽ നടപടികൾ വേഗത്തിലാക്കാനാണ്​ പോർട്ടൽ പ്രവർത്തനം സജീവമാക്കാൻ തീരുമാനിച്ചതെന്ന്​ വനിത ശിശു വികസന വകുപ്പ്​ കണ്ണൂർ ജില്ല ഇൻ ചാർജ്​ പി. സുലജ പറഞ്ഞു. ഒാൺലൈനിലൂടെ നൽകുന്ന പരാതികൾ വ്യാജമാണെന്ന്​ തെളിഞ്ഞാൽ പരാതിക്കാരിക്കെതിരെ നടപടിയെടുക്കാനും സംവിധാനമുണ്ടാകുമെന്നും അവർ വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.